ADVERTISEMENT

ലണ്ടൻ ∙ ഫെഡററോ ജോക്കോവിച്ചോ? ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ പുൽക്കോർട്ടിൽ ഇന്നു വിമ്പിൾഡൻ കിരീടം ഉയർത്തുന്നത് ഇവരിൽ ആരാണെങ്കിലും അയാൾക്കു മറികടക്കേണ്ടത് ചരിത്രമാണ്. ഫെഡറർ 21–ാം ഗ്രാൻസ്‌ലാം കിരീടമെന്ന റെക്കോർഡിന് അരികെയാണ്. ഗ്രാൻസ്‌ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രനേട്ടവും അടുത്ത മാസം 38 വയസ്സ് തികയുന്ന ഫെഡററെ കാത്തിരിക്കുന്നു. വിമ്പിൾഡൻ നിലനിർത്തുന്ന, 30 വയസ്സിനു മുകളിലുള്ള ഏക താരമെന്ന റെക്കോർഡിന് അരികെയാണ് ജോക്കോവിച്ച്.

2014ലും 2015ലും ഇരുവരും വിമ്പിൾഡൻ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടിയിരുന്നു. രണ്ടിലും വിജയം ജോക്കോവിച്ചിനൊപ്പം നിന്നു. എന്നാൽ, നദാലിനെതിരായ ഫെഡററുടെ സെമിഫൈനൽ പോരാട്ടം കണ്ടവർ ഫൈനലിൽ പ്രവചനം നടത്താൻ മടിക്കും. 8 കിരീടം ഉൾപ്പെടെ 101 വിമ്പിൾഡൻ വിജയങ്ങളുടെ പകിട്ടുമായി ഫൈനലിലെത്തുന്ന ഫെ‍ഡറർക്കു വേണ്ടിയാകും സെന്റർ കോർട്ടിലെ ഭൂരിപക്ഷം കാണികളും ആർപ്പുവിളിക്കുക. എന്നാൽ, നിലവിലെ ഫോമിൽ കാണികളുടെ പിന്തുണയെ ജോക്കോവിച്ചിനു മറികടക്കാനാകുമെന്നുറപ്പ്.

റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്)

എടിപി റാങ്ക്– 3
പ്രായം– 37
ഉയരം – 185 സെ.മീ
ശൈലി– വലംകൈ
ആകെ കിരീടങ്ങൾ– 102
ഗ്രാൻസ്‌ലാം കിരീടങ്ങൾ– 20
ആദ്യ ഗ്രാൻ‌സ്‌ലാം– 2003 വിമ്പിൾഡൻ

ശക്തി

∙ ശക്തമായ, എതിരാളിയെ നിഷ്പ്രഭമാക്കുന്ന ഫോർഹാൻഡുകൾ
∙ ബോൾ സ്‌ലൈസ് ചെയ്ത് തിരിക്കാനുള്ള കഴിവ്.
∙ നെറ്റിനടുത്തേക്കു കയറി അപ്രതീക്ഷിത ഷോട്ടുകൾക്കുള്ള കഴിവ്.

ദൗർബല്യം

∙ ബാക്ക്ഹാൻഡുകൾ
∙ ആദ്യ സെർവുകൾ പോയിന്റാക്കാൻ കഴിവ് കുറവ്

പതിനാറ് വർഷം മുൻപ് ഇതേ വിമ്പിൾഡൻ വേദിയിൽ കിരീടിമുയർത്തിയ സ്വർണത്തലമുടിക്കാരനിൽ നിന്ന് ടെന്നിസ് കണ്ട മഹത്തായ കളിക്കാരിലൊരാളായാണു ഫെഡററുടെ വരവ്. ബാക്ക്ഹാൻഡുകൾ ദൗർബല്യമാണെങ്കിലും സെമിഫൈനലിൽ ബാക്ഹാൻഡ് ഷോട്ടുകളാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്. പ്രായം തളർത്താത്ത പോരാളി തന്റെ എക്കാലത്തെയും പ്രിയപ്പെട്ട തട്ടകത്തിൽ കൈമെയ് മറന്നു പോരാടുമെന്നുറപ്പ്.

നൊവാക് ജോക്കോവിച്ച് (സെർബിയ)

എടിപി റാങ്ക്– 1
പ്രായം– 32
ഉയരം – 188 സെ.മീ
ശൈലി– വലംകൈ
ആകെ കിരീടങ്ങൾ– 74
ഗ്രാൻസ്‌ലാം കിരീടങ്ങൾ– 15
ആദ്യ ഗ്രാൻ‌സ്‌ലാം– 2008 ഓസ്ട്രേലിയൻ ഓപ്പൺ.

ശക്തി

∙ നിലവിലെ ഫോം
∙ സെർവ് റിട്ടേൺ ചെയ്യുന്നതിൽ ലോകത്തിലെ മികച്ച കളിക്കാരൻ.
∙ ശക്തമായ ബാക്ക്ഹാൻഡുകൾ

ദൗർബല്യം

∙ നെറ്റിനടുത്തേക്ക് വന്നുള്ള കളി.
∙ സെക്കൻഡ് സെർവുകൾ പാഴാക്കുന്നു.

നിലവിലെ ഫോം തുടരുകയാണെങ്കിൽ ജോക്കോവിച്ചിനാണു ഫൈനലിൽ മുൻതൂക്കം. ഓസ്ട്രേലിയൻ ഓപ്പണിലെ വിജയം ഇവിടെയും ആവർത്തിക്കാനാകും ജോക്കോവിച്ചിന്റെ ശ്രമം.

ഫെഡറർ– ജോക്കോവിച്ച്

നേർക്കുനേർ– 47
ജോക്കോവിച്ച് ജയിച്ചത്– 25
ഫെഡറർ ജയിച്ചത്– 22

ഗ്രാൻ‌സ്‌ലാം പോരാട്ടങ്ങൾ– 15
ജോക്കോവിച്ച് വിജയിച്ചത്– 9
ഫെഡറർ വിജയിച്ചത്– 6

അവസാന പോരാട്ടം: പാരിസ് മാസ്റ്റേഴ്സ് സെമിഫൈനൽ 2018. (ജോക്കോവിച്ച് വിജയിച്ചു)

English Summary: Wimbledon 2019 Men's Singles Final, Roger Federer Vs Novac Djokovic, Live Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com