ADVERTISEMENT

ലണ്ടൻ ∙ ഫെഡററുടെ പോരാട്ടവീര്യത്തിനു ജോക്കോവിച്ചിനെ പിടിച്ചു കെട്ടാനായില്ല. വിമ്പിൾഡൻ ടെന്നിസ് ചരിത്രത്തിലെ ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവിൽ നൊവാക് ജോക്കോവിച്ച് കിരീടത്തിൽ മുത്തമിട്ടു. സ്കോർ 7-6,1-6,7-6,4-6,13-12 (7-3). ടെന്നിസ് കണ്ട മഹാൻമാരായ രണ്ടു താരങ്ങളുടെ പോരാട്ടത്തിൽ അവസാന പോയിന്റ് വരെയും ആവേശം നിറഞ്ഞു നിന്നു.

നാലു മണിക്കൂർ 55 മിനിറ്റ് നീണ്ട മൽസരം ഫെഡററുടെ പ്രതാപകാലത്തെ ഓർമിപ്പിച്ചു. പതിനാറാം ഗ്രാൻസ് ലാം കിരീടത്തിലാണു ജോക്കോവിച്ച് മുത്തമിട്ടത്. സ്കോർ സൂചിപ്പിക്കും പോലെ വിമ്പിൾഡനിലെ സെന്റർ കോർട്ടിനെ ത്രസിപ്പിക്കുന്ന പോരാട്ടമാണ് ഇന്നലെ നടന്നത്. ജോക്കോവിച്ചിന്റെ ഫോമിനു മുന്നിൽ ഒരു ഘട്ടത്തിലും ഫെഡറർ കീഴടങ്ങിയില്ല. മാത്രമല്ല, എയ്സുകളും കൃത്യതയാർന്ന ഫോർഹാൻഡുകളും പായിക്കുന്നതിൽ മുന്നിൽ ഫെഡററായിരുന്നു.

ടൈബ്രേക്കറിലേക്കു നീണ്ട ഒന്നാം സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയെങ്കിലും ഏകപക്ഷീയമായ മൽസരമാകില്ല വരാനിരിക്കുന്നതെന്നു ആദ്യം തന്നെ ഫെഡററുടെ പോരാട്ടം തെളിയിച്ചു. രണ്ടാം സെറ്റിൽ ഫെഡറർ ഒന്നിനെതിരെ ആറു പോയിന്റുകൾക്ക് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ നിഷ്പ്രഭമായിപ്പോയ ജോക്കോവിച്ച് മൂന്നാം സെറ്റിൽ തിരിച്ചെത്തി. ഒപ്പത്തിനൊപ്പം പോരാട്ടം കാഴ്ചവച്ച മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ ഫെഡറർ സെറ്റ് സ്വന്തമാക്കുമെന്നു വരെ തോന്നിച്ചു. എന്നാൽ രണ്ടു സെറ്റ് പോയിന്റുകൾ അതിജീവിച്ച ജോക്കോവിച്ച് സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി. ഇത്തവണയും ടൈബ്രേക്കറിലെ വിജയം ജോക്കോവിച്ചിനൊപ്പം നിന്നു.

ഒരു സെറ്റിന്റെ മുൻതൂക്കത്തിൽ നാലാം സെറ്റ് ആരംഭിച്ച ജോക്കോവിച്ചിനു അനുകൂലമായി കളി നീങ്ങുമെന്നു തോന്നിയെങ്കിലും കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. കീഴടങ്ങാൻ തയാറാകാതിരുന്ന ഫെഡറർ നാലാം സെറ്റിലെ രണ്ടു ഗെയിമുകൾ ബ്രേക്ക് ചെയ്തു സെറ്റ് സ്വന്തമാക്കി. അവസാന സെറ്റിലാണു സമീപകാല ടെന്നിസിലെ മനോഹരമുഹൂർത്തങ്ങൾ അരങ്ങേറിയത്. ഇരുവരും വിട്ടുകൊടുക്കാതെ ഒപ്പത്തിനൊപ്പം മുന്നേറി.

എട്ടാം ഗെയിമിൽ മൽസരം ഫെഡറർ സ്വന്താക്കുമെന്നു തോന്നിയിടത്തു നിന്നു 2 ചാംപ്യൻഷിപ് പോയിന്റുകളാണു ജോക്കോവിച്ച് അതിജീവിച്ചത്. 12 പോയിന്റുകൾ വരെ തുല്യത പാലിച്ചതോടെ മൽസരം ടൈബ്രേക്കറിലേക്കു മാറി. ഫെഡററെ വീണ്ടും ടൈബ്രേക്കർ ചതിച്ചു. ഫെഡററുടെ അവസാന ഷോട്ട് ലക്ഷ്യം തെറ്റി ഗാലറിയിലേക്കു പറന്നപ്പോൾ 7- 3ന് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. ഒപ്പം തുടർച്ചയായ രണ്ടാം വിമ്പിൾഡൻ വിജയവും! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com