ADVERTISEMENT

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ടെന്നിസ് ചാംപ്യൻഷിപ്പായ ഡേവിസ് കപ്പിൽ സ്പാനിഷ് ഫുട്ബോൾ താരം ജെറാർദ് പിക്വെയ്ക്കെതു കാര്യം? കാര്യമുണ്ട് – ഡേവിസ് കപ്പിനെ പിക്വെ ഏറ്റെടുക്കാൻ പോവുകയാണ്! പിക്വെയുടെ നേതൃത്വത്തിലുള്ള കോസ്മോസ് സ്പോർട്സ് ഗ്രൂപ്പ് ഡേവിസ് കപ്പിനെ അടിമുടി പരിഷ്കരിച്ച് ഈ വർഷം മുതൽ ‘പുതിയ കോർട്ടിൽ’ അവതരിപ്പിക്കും. ഇതിനു വേണ്ടിയുള്ള ഗ്രൂപ്പിന്റെ നിർദേശങ്ങൾ കഴിഞ്ഞ വർഷം തന്നെ രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ അംഗീകരിച്ചതോടെ വിവാദങ്ങളും തുടങ്ങിയിരുന്നു.

119 വർഷം പഴക്കമുള്ള ചാംപ്യൻഷിപ്പിനെ മാറ്റിമറിക്കുന്ന നിർദേശങ്ങൾക്ക് എതിരെ ഒടുവിൽ രംഗത്തെത്തിയത് ഇതിഹാസ താരം റോജർ ഫെഡറർ തന്നെ. പുറത്തുനിന്നൊരാൾ വന്ന് ടെന്നിസിനെ പരിഷ്കരിക്കുന്നതിൽ അനൗചിത്യമുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ഫെഡററുടെ പ്രതികരണം. എന്നാൽ ടൂർണമെന്റിനെ കൂടുതൽ ആകർഷകമാക്കുന്നതാണ് തങ്ങളുടെ നിർദേശങ്ങളെന്നാണ് പിക്വെയുടെ വാദം.

∙ ടെന്നിസ് ലോകകപ്പ്

ടെന്നിസിലെ ഒരു ലോകകപ്പായി ഡേവിസ് കപ്പിനെ മാറ്റുക എന്നതാണ് പിക്വെയുടെ ഗ്രൂപ്പ് സമർപ്പിച്ച നിർദേശങ്ങളുടെ കാതൽ. യോഗ്യത നേടിയ 18 രാജ്യങ്ങളാണ് ഒരാഴ്ച നീളുന്ന ടൂർണമെന്റിൽ മത്സരിക്കുക. 24 ടീമുകൾ മത്സരിക്കുന്ന യോഗ്യതാ റൗണ്ട് വഴിയാണ് 12 ടീമുകൾ യോഗ്യത നേടുക. 4 ടീമുകൾ തൊട്ടു മുൻവർഷത്തെ സെമിഫൈനലിസ്റ്റുകൾ. 2 ടീമുകൾ വൈൽഡ് കാർഡ് എൻട്രിയുമായും മത്സരിക്കാനെത്തും.

18 ടീമുകളെ മൂന്നു പേരടങ്ങുന്ന 6 ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക മത്സരങ്ങൾ. 6 ഗ്രൂപ്പ് ജേതാക്കളും ഏറ്റവും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാർട്ടർ ഫൈനലിനു യോഗ്യത നേടും. പുതിയ ടൂർണമെന്റിൽ രണ്ട് സിംഗിൾസ് മത്സരങ്ങളും ഒരു ഡബിൾസ് മത്സരവുമേ ഉണ്ടാകൂ. ഈ വർഷം നവംബർ അവസാനം സ്പെയിനിലെ മഡ്രിഡിലായിരിക്കും ടൂർണമെന്റ്.

∙ പിക്വെ കപ്പ് ആകുമോ?

ഡേവിസ് കപ്പ്, പിക്വെ കപ്പ് ആയി മാറുമോ എന്നാണ് ഫെഡറർ കഴിഞ്ഞ ദിവസം ആശങ്കപ്പെട്ടത്. നിലവിലുള്ള ഡേവിസ് കപ്പ് ഫോർമാറ്റിൽ ഫെഡറർ അടക്കമുള്ള കളിക്കാർക്ക് പരാതിയുണ്ടെങ്കിലും അടിമുടി പരിഷ്കരിച്ച് വാണിജ്യവൽക്കരിക്കുന്നതിലും അവർക്ക് താൽപര്യമില്ല. മുൻ ഓസ്ട്രേലിയൻ താരമായ ലെയ്ട്ടൻ ഹെവിറ്റ് കുറച്ചു കൂടി രൂക്ഷമായിട്ടാണ് പ്രതികരിച്ചത്:

‘പിക്വെ ടെന്നിസിനെ പരിഷ്കരിക്കാൻ വരുന്നത് ഞാൻ യുവേഫ ചാംപ്യൻസ് ലീഗിനെ മാറ്റിമറിക്കാൻ പോകുന്നതു പോലെയാണ്.’ എന്നാൽ ആരെയും ചൊടിപ്പിക്കാതെ പിക്വെ പറയുന്നതിങ്ങനെ – ‘എല്ലാം കണ്ടറിഞ്ഞു കൊള്ളുക’. പിക്വെയ്ക്കു പിന്തുണ കിട്ടുന്നത് അധികവും ഫുട്ബോൾ താരങ്ങളിൽനിന്നു തന്നെയാണ്. ലയണൽ മെസ്സി മുൻപു പിക്വെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മെസ്സിക്കും കോസ്മോസ് ഗ്രൂപ്പിൽ പങ്കാളിത്തമുണ്ട്.

English Summary: The oldest international team event in Tennis is set to revamp as Pique Cup this year. The tournament gets its new name from Spanish football player Gerard Pique, who is one of the main investors behind the remodelled version.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com