ADVERTISEMENT

മിസ്റ്റർ ഭൂപതി, കാൻ യു പ്ലീസ് ലുക് അറ്റ് മൈ ഗെയിം? (മിസ്റ്റർ ഭൂപതി, എന്റെ കളിയൊന്നു കണ്ടുനോക്കാമോ?) – കഴിഞ്ഞ ദിവസം യുഎസ് ഓപ്പണിൽ സാക്ഷാൽ റോജർ ഫെഡററെ ഞെട്ടിച്ച സുമിത് നാഗലെന്ന ഇരുപത്തിരണ്ടുകാരന്റെ ടെന്നിസ് കരിയറിന്റെ തുടക്കം ഈ ചോദ്യത്തിൽനിന്നാണ്! ഈ ചോദ്യത്തിൽനിന്ന് ഉയർന്നുവന്ന നാഗൽ, നിലവിൽ ടെന്നിസ് ലോകത്തെ 200 മികച്ച പുരുഷ താരങ്ങളിൽ ഒരാളാണ്. കൃത്യമായി പറഞ്ഞാൽ ലോക റാങ്കിങ്ങിൽ 190–ാം സ്ഥാനത്ത്.

ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്കെതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തോടെയാണ് ഈ ഹരിയാനക്കാരൻ യുഎസ് ഓപ്പൺ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായത്. തന്റെ ആദ്യ ഗ്രാൻസ്ലാം മൽസരം തോറ്റെങ്കിലും രണ്ടര മണിക്കൂർ വീറുറ്റ പോരാട്ടമാണ് താരം കാഴ്ചവച്ചത്. സ്കോർ: (4-6, 6-1, 6-2, 6-4). ഈ സീസൺ തുടങ്ങുമ്പോൾ ആദ്യ 350 റാങ്കിനുള്ളിൽപ്പോലും ഇല്ലാതിരുന്ന നാഗലിന്, ജർമനിയിലെ ചിട്ടയായ പരിശീലനമാണ് പുതിയ നേട്ടങ്ങളിലേക്കു വഴിതുറന്നത്.

ലോകറാങ്കിങ്ങിൽ 190–ാം സ്ഥാനത്തുള്ള നാഗൽ ഫെഡറർക്കു ചേരുന്ന എതിരാളിയായിരുന്നില്ല. എന്നാൽ ആർതർ ആഷെ സ്റ്റേഡിയത്തിൽ ഫെഡറർക്കു വേണ്ടി ആർപ്പു വിളിക്കാനെത്തിയ കാണികൾ നാഗലിന്റെ പ്രകടനത്തിൽ ഞെട്ടി. ശക്തമായ ഫോർഹാൻഡുകളുമായി കളം നിറഞ്ഞ നാഗൽ ആദ്യ സെറ്റിൽ ഫെഡറർ വരുത്തിയ 19 പിഴവുകൾ മുതലെടുത്ത് ബ്രേക്ക് പോയിന്റ് നേടി. തുടർന്നു 6-4ന് സെറ്റ് വരുതിയിലാക്കി. എന്നാൽ, അടുത്ത രണ്ട് സെറ്റുകളിൽ സ്വതസിദ്ധമായ കളി പുറത്തെടുത്ത ഫെഡറർ ഇരുപത്തിരണ്ടുകാരൻ സുമിത് നാഗലിനെ നിഷ്പ്രഭനാക്കി.

എങ്കിലും ഫെഡററിനെതിരെ ഒരു സെറ്റു നേടിയ നാഗലിന്റേത് ചരിത്രനേട്ടം തന്നെയാണ്. മുൻപ് സോംദേവ് ദേവ്‌വർമൻ രണ്ടു തവണയും രോഹൻ ബൊപ്പണ്ണ ഒരു തവണയും ഫെഡററിനെതിരെ മൽസരിച്ചിട്ടുണ്ടെങ്കിലും നേരിട്ടുള്ള സെറ്റുകൾക്ക് തോൽക്കുകയായിരുന്നു.

∙ പ്രായം അനുകൂല ഘടകം, കയ്യടിച്ച് ഫെഡറർ

ഇന്ത്യൻ ടെന്നിസിൽ ശ്രദ്ധ കവരുന്ന ആദ്യത്തെ താരമൊന്നുമല്ല നാഗൽ. നിലവിൽ ആദ്യ 100 റാങ്കിനുള്ളിലുള്ള താരമാണ് പ്രജ്നേഷ് ഗുണേശ്വരൻ. രാംകുമാർ രാമനാഥൻ എടിപി ടൂർ ഫൈനലിൽ കടന്നത് കഴിഞ്ഞ വർഷമാണ്. ആറു ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ഇതിനകം മൽസരിച്ച യൂകി ഭാംബ്രിയുമുണ്ട്. ഇവരിൽനിന്നെല്ലാം നാഗലിനെ വ്യത്യസ്തനാക്കുന്ന ഘടകം പ്രായമാണ്. റോജർ ഫെ‍ഡററെ ഞെട്ടിച്ച പ്രകടനം നടത്തിയ നാഗലിന് 22 വയസ്സു മാത്രമാണ് പ്രായം.

വിജയ് അമൃത്‌രാജ്, ലിയാൻഡർ പേസ്, മഹേഷ് ഭൂപതി തുടങ്ങിയവരുടെ സുവർണകാലത്തിനുശേഷം ഇന്ത്യൻ കായിക രംഗത്ത് ടെന്നിസ് ഒരു വാർത്തയാകുന്നത് ഇപ്പോഴാണ്. ഇക്കുറി യുഎസ് ഓപ്പണിൽ മൽസരിക്കാൻ യോഗ്യത നേടിയ ഇന്ത്യക്കാർ രണ്ടുപേരാണ്. പ്രജ്നേഷ് ഗുണേശ്വരനും നാഗലും. 1998ൽ ഭൂപതിയും പേസും വിംബിൾസൻ സിംഗിൾസിൽ മൽസരിച്ചശേഷം ആദ്യമായാണ് രണ്ട് ഇന്ത്യൻ താരങ്ങൾ ഒരേ ഗ്രാൻസ്ലാമിൽ മൽസരിക്കുന്നത്.

മൽസരശേഷം നാഗലിന്റെ പ്രകടനത്തെക്കുറിച്ച് ഫെഡററിന്റെ വാക്കുകൾ:

‘മൽസരത്തെ നാഗൽ സമീപിച്ച രീതി അഭിനന്ദനീയമാണ്. ഇതുപോലൊരു വേദിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക എളുപ്പമല്ല. നമ്മുടെ ഏറ്റവും വലിയ സ്വപ്നം തന്നെ അതാണെങ്കിലും സംഗതി അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ നാഗലിന്റേത് മികച്ച പ്രകടനമാണ്. സ്ഥിരതയോടെ പരമാവധി മൂവ് ചെയ്ത് കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. തന്നേക്കൊണ്ട് സാധിക്കുന്നതെന്ത് എന്ന് അദ്ദേഹത്തിന് (നാഗലിന്) ഉത്തമബോധ്യമുണ്ട്. മികച്ചൊരു കരിയറാണ് നാഗലിനെ കാത്തിരിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്.’

∙ ഭൂപതിയോടൊരു ചോദ്യം

ഇനി മുൻപു പറഞ്‍ ആ ചോദ്യത്തിലേക്ക്. ഏതാനും വർഷം മുൻപ് തന്റെ ടെന്നിസ് അക്കാദമിയിലേക്ക് താരങ്ങളെ കണ്ടെത്താൻ മഹേഷ് ഭൂപതി സിലക്ഷൻ ട്രയൽസ് നടത്തുമ്പോഴാണ് സംഭവം. നൂറുകണക്കിന് കുട്ടികൾക്കൊപ്പം ഡൽഹിയിൽ ട്രയൽസിൽ പങ്കെടുക്കുമ്പോഴാണ്, നാഗൽ സധൈര്യം ഭൂപതിക്കു സമീപമെത്തിയത്.

അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ച് ഒറ്റച്ചോദ്യം; മിസ്റ്റർ ഭൂപതി, കാൻ യു പ്ലീസ് ലുക് അറ്റ് മൈ ഗെയിം?

ശേഷം സംഭവിച്ചതു ചരിത്രം. ഈ സംഭവത്തേക്കുറിച്ച് നാഗലിന്റെ വാക്കുകൾ:

‘ട്രയൽസിൽ മറ്റു കുട്ടികൾക്കൊപ്പം ഞാനും പങ്കെടുക്കുമ്പോഴാണ് ഭൂപതിയെ കണ്ടത്. എന്റെ കളിയൊന്നു കണ്ടുനോക്കാമോ എന്ന് നേരിട്ടു ചോദിച്ചു. അദ്ദേഹമാരാണെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അതറിഞ്ഞു തന്നെയാണ് അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ച് ആ ചോദ്യം ചോദിച്ചതും. എന്നെ അക്കാദമിയിലേക്കു തിരഞ്ഞെടുക്കുകയാണെന്ന് അദ്ദേഹം എന്റെ കുടുംബാംഗങ്ങളെ അറിയിച്ചത് അതിനുശേഷമാണ്’ – നാഗൽ പറയുന്നു.

‘എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമാണത്. അന്നു ഞാൻ അദ്ദേഹത്തിനു സമീപം ചെന്ന് ഇങ്ങനെ ചോദിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ ഞാൻ ഇവിടെ ഇരിക്കുമായിരുന്നില്ല. ചെറുപ്പത്തിൽ എന്റെ ടെന്നിസ് കരിയറിന് പിന്തുണ നൽകാനുള്ള പണം കുടുംബത്തിനുണ്ടായിരുന്നില്ല. എനിക്കു ടെന്നിസ് തന്നെ കളിക്കാൻ കഴിയുമായിരുന്നില്ല. സകല ധൈര്യം സംഭരിച്ച് ഭൂപതിക്കു സമീപം ചെന്ന് ആ ചോദ്യം ചോദിച്ചിരുന്നില്ലെങ്കിൽ, ഇന്നു ഞാൻ ന്യൂയോർക്കിലെത്തുമായിരുന്നുമില്ല. നൂറു ശതമാനം ഉറപ്പാണത്. ആ പ്രായത്തിൽ അങ്ങനെ ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു’ – നാഗൽ പറഞ്ഞു.

സിലക്ഷൻ കിട്ടിയതോടെ ബെംഗളൂരുവിലായിരുന്നു നാഗലിന്റെ പിന്നീടുള്ള പരിശീലനം. അവിടെനിന്ന് കാനഡയിലേക്കു പോയി. ഇടക്കാലത്ത് യുഎസിലും പരിശീലിച്ചു. അവിടെനിന്നു ജർമനിയിലേക്കും പിന്നീട് സ്പെയിനിലേക്കും പോയി. ഇപ്പോൾ തിരിച്ച് ജർമനിയിൽ തന്നെയാണ് നാഗലിന്റെ പരിശീലനം.

∙ ഷറപ്പോവയെ വീഴ്ത്തി സെറീന

യുഎസ് ഓപ്പൺ ആദ്യ റൗണ്ടിലെ മറ്റു പോരാട്ടങ്ങളിലും പ്രമുഖ താരങ്ങൾ വിജയത്തുടക്കമിട്ടു. ജോക്കോവിച്ച്, വാവ്റിങ്ക എന്നീ പുരുഷ താരങ്ങൾ വിജയിച്ചപ്പോൾ സെറീന വില്യംസ് മരിയ ഷറപ്പോവയെ കീഴടക്കി. ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്കാണു സെറീയുടെ ജയം. അതേസമയം, 2016ൽ യുഎസ് ഓപ്പൺ നേടിയ ഏഞ്ചലിക് കെർബർ ഫ്രാൻസിന്റെ ക്രിസ്റ്റീന മ്ലാഡെനോവിച്ചിനോടു തോറ്റ് പുറത്തായി.

English Summary: Who Is Sumit Nagal? Meet Federer's First Round Opponent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com