ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ മത്സരത്തിനിടെ ലൈൻ അംപയർക്കു നേരെ റാക്കറ്റ് ചൂണ്ടിയതിന് അമേരിക്കൻ ഡബിൾസ് താരം മൈക്ക് ബ്രയാന് 10,000 യുഎസ് ഡോളർ (ഏകദേശം 7 ലക്ഷം രൂപ) പിഴ. സഹോദരൻ ബോബ് ബ്രയാനുമൊത്ത് രണ്ടാം റൗണ്ടിൽ സ്പെയിന്റെ റോബർട്ടോ കാർബല്ലെസ് – അർജന്റീനയുടെ ഫെഡെറിക്കോ ഡെൽബോണിസ് സഖ്യത്തിനെതിരെ മത്സരിക്കുമ്പോഴായിരുന്നു സംഭവം. അംപയറുടെ തീരുമാനം ചാലഞ്ച് ചെയ്ത മൈക്ക് അതു ശരിയായതിനു പിന്നാലെ റാക്കറ്റ് തിരിച്ചു പിടിച്ച് തോക്കുപോലെ ചൂണ്ടുകയായിരുന്നു. ചെയർ അംപയർ മരിയാന ആൽവസ് പിഴ ചുമത്തുകയും ചെയ്തു.

ഈ വർഷം ഒരു പുരുഷ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പിഴത്തുകയാണ് മൈക്കിനു കിട്ടിയത്. സംഭവത്തിൽ മൈക്ക് ഖേദം പ്രകടിപ്പിച്ചു. ‘ഞാൻ തമാശയായിട്ടാണ് അതു ചെയ്തത്. പക്ഷേ അതൊരു മോശം ആംഗ്യമാണ്..’ശനിയാഴ്ച ടെക്സസിലുണ്ടായ വെടിവയ്പിൽ 7 പേർ കൊല്ലപ്പെട്ടിരുന്നു. ഒന്നിച്ച് 16 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള ബ്രയാൻ സഹോദരൻമാർ ടെന്നിസിലെ ഏറ്റവും മികച്ച ഡബിൾസ് ജോഡിയായിട്ടാണ് അറിയപ്പെടുന്നത്.

∙ വലിയ ‘പിഴ’വ് !

കോർട്ടിൽ മര്യാദ കാണിച്ചില്ലെങ്കിൽ അംപയർ പിടികൂടുന്നതും പിഴ വിധിക്കുന്നതും ടെന്നിസിൽ സാധാരണമാണ്. എന്നാൽ ടെന്നിസ് താരങ്ങളുടെ പ്രതിഫലവുമായി ഒത്തു നോക്കുമ്പോൾ താരതമ്യേന കുറഞ്ഞ പിഴശിക്ഷയിൽ ഒതുങ്ങാറാണ് പതിവ്. എന്നാൽ ഇക്കാര്യത്തിൽ റെക്കോർഡ് കുറിച്ചവരുമുണ്ട്. ലോക ടെന്നിസിലെ 10 ഉയർന്ന പിഴശിക്ഷകൾ ഇതാ..

∙ കിർഗിയോസ് – 81 ലക്ഷം

ലോക ടെന്നിസിലെ ചീത്തക്കുട്ടിയായ ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസിനു തന്നെ പിഴത്തുകയിൽ റെക്കോർഡ്. ഈ വർഷം സിൻസിനാറ്റി മാസ്റ്റേഴ്സിൽ കാരെൻ ഖാച്ചനോവിനെതിരെ തോറ്റതിനു ശേഷം കോർട്ടിൽ കിർഗിയോസിന്റെ ‘കലാപരിപാടികൾ’ക്കു കിട്ടിയത് 1.13 ലക്ഷം യുഎസ് ഡോളർ (ഏകദേശം 81 ലക്ഷം രൂപ) പിഴശിക്ഷ. ചെയർ അംപയറെ ചീത്ത വിളിച്ച കിർഗിയോസ് 2 റാക്കറ്റുകൾ അടിച്ചു തകർക്കുകയും ചെയ്തു. 5 തരം അച്ചടക്ക ലംഘനങ്ങൾക്കായിരുന്നു ഇത്രയും പിഴ.

∙ സെറീന – 51 ലക്ഷം

കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ ഫൈനലിൽ അംപയറെ കള്ളൻ, നുണയൻ എന്നെല്ലാം സെറീന വിളിച്ചത് ആരും മറന്നിട്ടില്ല. എന്നാൽ സെറീനയ്ക്ക് ഏറ്റവും വലിയ പിഴശിക്ഷ കിട്ടിയത് അന്നല്ല. 2009 യുഎസ് ഓപ്പണിൽ ബൽജിയം താരം കിം ക്ലൈസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ലൈൻ അംപയറോടു തർക്കിച്ചതിനും ചീത്ത വിളിച്ചതിനും സെറീനയ്ക്കു കിട്ടിയത് 82, 500 ഡോളർ (ഏകദേശം 59 ലക്ഷം രൂപ) പിഴ. ‘ഞാൻ ഈ പന്തെടുത്ത് നിന്റെ വായിൽ കുത്തിക്കയറ്റും’– സെറീന പറഞ്ഞതിങ്ങനെ...

∙ ടോമിച് – 57 ലക്ഷം

ഓസ്ട്രേലിയൻ താരം ബെർണാഡ് ടോമിച്ചിന് ഏകദേശം 57 ലക്ഷം രൂപ പിഴ കിട്ടിയത് തർക്കിച്ചതിനോ ചീത്ത വിളിച്ചതിനോ ഒന്നുമല്ല. മനപൂർവം വളരെ മോശമായി കളിച്ചതിനാണ്. ഈ വർഷം വിമ്പിൾഡനിൽ ഫ്രഞ്ച് താരം ജോ വിൽഫ്രഡ് സോംഗയ്ക്കെതിരയായിരുന്നു ടോമിച്ചിന്റെ ‘മടിയൻ കളി’. വെറും 58 മിനിറ്റിൽ തീർന്ന മൽസരത്തിന്റെ സ്കോർ 6–2,6–1,6–4. വിമ്പിൾഡനിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ സിംഗിൾസ് മൽസരത്തിന്റെ റെക്കോര്‍ഡിനും അങ്ങനെ ടോമിച്ച് കാരണക്കാരനായി.

∙ നൽബാന്തിയൻ – 50 ലക്ഷം

2012 ക്വീൻസ് ചാംപ്യൻഷിപ്പ് ഫൈനലിൽ മരിൻ സിലിച്ചിനെതിരായ മൽസരത്തിനിടെയാണ് അർജന്റീന താരമായ ഡേവിഡ് നൽബാന്തിയാന് അബദ്ധം പിണഞ്ഞത്. പോയിന്റ് നഷ്ടമായതിനു പിന്നാലെ നൽബാന്തിയൻ ഇടിച്ചു തൊഴിച്ച പരസ്യബോർഡ് വന്നു വീണത് ലൈൻസ്മാന്റെ കാലിൽ. മുറിവേറ്റ് വേദന കൊണ്ട് അദ്ദേഹം കസേരയിൽ നിന്ന് നിലത്തിരുന്നു പോയി. പരസ്യ ബോർഡ് തൊഴിച്ചതിനു കിട്ടിയ പിഴയ്ക്കു പുറമെ ടൂർണമെന്റ് പ്രൈസ്മണിയും നൽബാന്തിയാനു നഷ്ടമായി. ആകെ നഷ്ടമായത്69, 910 ഡോളർ (ഏകദേശം 50 ലക്ഷം രൂപ)!

∙ തരാംഗോ – 31 ലക്ഷം

അമേരിക്കൻ താരമായ തരാംഗോയ്ക്കു കിട്ടിയ പിഴത്തുക (ഇന്നത്തെ കണക്കിൽ ഏകദേശം 31 ലക്ഷം രൂപ) ഏറെക്കാലം ‘റെക്കോർഡ്’ ആയിരുന്നു. 1995 വിമ്പിൾഡനിൽ കാണികളോടും അംപയറോടും നിരന്തരമായി കയർത്തതിനാണു തരാംഗോയ്ക്കു വൻതുക പിഴ കിട്ടിയത്. കാണികളോടു ‘ഷട്ടപ്പ്’ പറഞ്ഞ തരാംഗോ അംപയറെ ‘ഈ മത്സരത്തിലെ ഏറ്റവും വലിയ അഴിമതിക്കാരൻ’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. തീർന്നില്ല. തരാംഗോ കോർട്ട് വിട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ അംപയറുടെ മുഖത്തു തോണ്ടുകയും ചെയ്തു!

English Summary: Tennis player Mike Bryan fined $10000 for US Open gun gesture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com