ADVERTISEMENT

ന്യൂയോർക്ക് ∙ നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ച്, വനിതാ ചാംപ്യൻ നവോമി ഒസാക്ക എന്നിവർക്കു പിന്നാലെ മുൻ ചാംപ്യൻ റോജർ ഫെഡററും യുഎസ് ഓപ്പണിൽനിന്നു പുറത്ത്. ഫെഡററുടെ കളിശൈലിയുമായുള്ള സാമ്യതമൂലം ‘ബേബി ഫെഡ്’ എന്നു വിളിപ്പേരുള്ള ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവാണു ക്വാർട്ടറിൽ 3–ാം സീഡ് സ്വിസ് ഇതിഹാസത്തെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. (3–6, 6–4, 3–6, 6–4, 6–2).

കഴിഞ്ഞ 28 വർഷത്തിനിടയിൽ യുഎസ് ഓപ്പൺ സെമിയിലെത്തുന്ന ഏറ്റവും താഴ്ന്ന റാങ്കുകാരനാണ് 78–ാം സ്ഥാനത്തുള്ള ദിമിത്രോവ്. 29 മിനിറ്റിൽ ആദ്യ സെറ്റ് നേടിയ 38–കാരൻ ഫെഡറർ അനായാസം മുന്നേറുമെന്നു കരുതിയെങ്കിലും ദിമിത്രോവിന്റെ പോരാട്ടവീര്യത്തിനു മുന്നി‍ൽ ഒടുവിൽ തലകുനിക്കേണ്ടി വന്നു. കഴുത്തിനു പിന്നിലെ വേദന മൂലം മത്സരത്തിനിടെ ഫെഡറർക്കു വൈദ്യസഹായം തേടേണ്ടി വന്നിരുന്നു.

മറ്റൊരു സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയെ തോൽപിച്ച് (7–6, 6–3, 3–6, 6–1) റഷ്യയുടെ ഡാനിൽ മെദ്‌വദേവും പുരുഷവിഭാഗം സെമിയിലെത്തി. സെമിയിൽ ദിമിത്രോവും മെദ്‍വദേവും ഏറ്റുമുട്ടും. 2010ൽ സെമിയിലെത്തിയ ജോക്കോവിച്ചിനുശേഷം യുഎസ് ഓപ്പണിൽ അവസാന നാലിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് ഇരുപത്തിമൂന്നുകാരനായ മെദ്‍വദേവ്.

വനിതാ സെമിയിൽ സെറീന വില്യംസ് യുക്രെയ്നിന്റെ എലിന സ്വിറ്റോലിനയെ നേരിടും. സെറീന 6–1, 6–0നു ചൈനയുടെ വാങ് കിയാങ്ങിനെ തകർത്തു. ബ്രിട്ടന്റെ ജൊഹാന കോന്റയെ 6–4, 6–4നു മറികടന്നാണ് സ്വിറ്റോലിന സെമിയിലെത്തിയത്. യുഎസ് ഓപ്പൺ വനിതാ സെമിയിലെത്തുന്ന ആദ്യ യുക്രെയ്ൻ താരമാണു സ്വിറ്റോലിന.

∙ സെറീന @ 100

യുഎസ് ഓപ്പണിൽ കരിയറിലെ 100–ാം ജയം നേടി സെറീന വില്യംസ്. ക്വാർട്ടറിൽ വെറും 44 മിനിറ്റിൽ ചൈനയുടെ വാങ് കിയാങ്ങിനെ തോൽപിച്ചാണു (6–1, 6–0) സെറീന നൂറാമതു ജയം സ്വന്തമാക്കിയത്. ഈ വർഷം ഏറ്റവും വേഗത്തിൽ പൂർത്തിയായ മത്സരത്തിൽ 18–ാം സീഡ് വാങ് 6 തവണ യുഎസ് ഓപ്പൺ നേടിയ 37–കാരി സെറീനയ്ക്ക് ഒരുഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ല. ഫ്രഞ്ച് ഓപ്പൺ ജേതാവ് ആഷ്‍ലി ബാർട്ടിയെ അട്ടിമറിച്ചെത്തിയ വാങ്ങിനു പക്ഷേ യുഎസ് താരത്തിനു മുന്നിൽ അടിതെറ്റി.

16–ാം വയസ്സിൽ യുഎസ് ഓപ്പണിൽ മത്സരിച്ചു തുടങ്ങിയ താൻ ഒരിക്കലും 100 വിജയം നേടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു താരം പ്രതികരിച്ചു. ഇത്തവണ യുഎസ് ഓപ്പൺ നേടിയാൽ മാർഗരറ്റ് കോർട്ടിന്റെ 24 മേജർ ചാംപ്യൻഷിപ്പുകൾ എന്ന റെക്കോർഡിന് ഒപ്പമെത്തും സെറീന. 2014നു ശേഷം താരം യുഎസ് ഓപ്പൺ കിരീടമുയർത്തിയിട്ടില്ല. സെറീനയുടെ സെമിയിലെ എതിരാളി യുക്രെയ്നിന്റെ എലിന സ്വിറ്റോലിനയാണ്.

English Summary: Roger Federer Crashes Out as Grigor Dimitrov Wins 5-Set Marathon, US Open 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com