ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ, 23 ഗ്രാൻസ്‌ലാം കിരീടങ്ങളുടെ അനുഭവസമ്പത്തുള്ള സെറീന വില്യംസ് കാനഡയിൽനിന്നുള്ള പത്തൊമ്പതുകാരി ബിയാൻക ആൻഡ്രെസ്ക്യുവിനെ നേരിടും. ഇവരിൽ ആരു ജയിച്ചാലും ചരിത്രം. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി (ഞായർ പുലർച്ചെ) 1.30ന് ആണു ഫൈനലങ്കം.

സെമിയിൽ, യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയെ 6–3, 6–1നു കീഴടക്കി ഫൈനലിലേക്ക് ഇരച്ചെത്തുകയായിരുന്നു സെറീന. അതിനെക്കാൾ ആവേശകരമായിരുന്നു രണ്ടാം സെമി. സ്വിസ് താരം ബെലിൻഡ ബെൻസിച്ചിനെ 7-6 (7/3), 7-5നു തോൽപിച്ചാണ് ആൻഡ്രെസ്ക്യു ഫൈനലിലെത്തിയത്. അമ്മയായ ശേഷം കോർട്ടിലേക്കു മടങ്ങിയെത്തിയ സെറീന ലക്ഷ്യമിടുന്നത് 24–ാം ഗ്രാൻസ്‌ലാം കിരീടവും റെക്കോർഡുമാണ്.

ഓപ്പൺ യുഗത്തിലെ ഏറ്റവുമധികം ഗ്രാൻസ്‌ലാം കിരീടങ്ങൾ (23) എന്ന റെക്കോർഡ് പേരിലുള്ള മുപ്പത്തിയേഴുകാരിക്ക്, ഈ ഫൈനൽ ജയിച്ചാൽ എക്കാലത്തെയും വലിയ കരിയർ ഗ്രാൻസ്‌ലാം കിരീടനേട്ടമെന്ന റെക്കോർഡിന് ഒപ്പമെത്താം. ഓസ്ട്രേലിയൻ ടെന്നിസ് താരം മാർഗരറ്റ് കോർട്ടിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്.

അതേസമയം, കാനഡയിൽനിന്നുള്ള രണ്ടാത്തെ ഗ്രാൻസ്ലാം ഫൈനലിസ്റ്റായ ആൻഡ്രെസ്ക്യു, മരിയ ഷറപ്പോവയ്ക്കു ശേഷം ഗ്രാൻസ്‌ലാം കിരീടം നേടുന്ന കൗമാരക്കാരിയാകാനുള്ള തയാറെടുപ്പിലാണ്. 2006 യുഎസ് ഓപ്പണിലായിരുന്നു റഷ്യൻ താരം ഷറപ്പോവയുടെ കിരീടധാരണം. തുടർച്ചയായ രണ്ടാം തവണ യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന സെറീന, കഴിഞ്ഞ ഫൈനലിൽ ജപ്പാന്റെ നവോമി ഒസാകയോടു തോറ്റതും തുടർന്നുണ്ടായ വിവാദങ്ങളുമെല്ലാം മറക്കാൻ ഈയൊരു വിജയം മതിയെന്ന പ്രതീക്ഷയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com