ADVERTISEMENT

ന്യൂയോർക്ക് ∙ ആദ്യ ഗ്രാൻസ്ലാം കിരീടം അത്യാഹ്ലാദത്തോടെ ബിയാൻക ആൻഡ്രെസ്ക്യു നെഞ്ചോടു ചേർത്തപ്പോൾ അകന്നകന്നു പോകുന്ന 24–ാം കിരീടത്തിലേക്ക് അറിയാതെ കണ്ണുനട്ടു പോയി സെറീന വില്യംസ്. രണ്ടു കാലവും രണ്ടു കളിക്കാരും കോർട്ടിനപ്പുറം പൊരുതിയ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ മുപ്പത്തിയേഴുകാരി സെറീന വില്യംസിനെ തോൽപിച്ച് പത്തൊൻപതുകാരി ബിയാൻക ആൻഡ്രെസ്ക്യുവിന് കിരീടം. കാനഡയുടെ കന്നിഗ്രാൻ‌സ്‌ലാം കിരീടം കൂടിയാണ് ബിയാൻകയുടെ നേട്ടം. ഒരു മണിക്കൂറും 36 മിനിറ്റും നീണ്ട മൽസരത്തിന്റെ സ്കോർ 6–3, 7–5. ഓസ്ട്രേലിയക്കാരി മാർഗരറ്റ് കോർട്ടിന്റെ 24 കിരീടങ്ങൾ എന്ന റെക്കോർഡിന് ഒപ്പമെത്താൻ വെമ്പുന്ന സെറീനയുടെ തുടർച്ചയായ നാലാം ഗ്രാൻസ്‌ലാം ഫൈനൽ തോൽവി കൂടിയായി ഇത്. അമ്മയായ ശേഷമുള്ള തിരിച്ചുവരവിൽ മൽസരിച്ച രണ്ട് വിമ്പിൾഡൻ, യുഎസ് ഓപ്പൺ ഫൈനലുകളിലും സെറീന തോറ്റു പോയി!

∙ എവിടെ പഴയ സെറീന?

താൻ ആദ്യ ഗ്രാൻസ്‌ലാം കിരീടം നേടുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത ബിയാൻകയ്ക്കു മുഖാമുഖം നിന്നപ്പോൾ കരുത്തിന്റെ കൈമുദ്രയുള്ള കളി സെറീനയ്ക്ക്  കൈവിട്ടു പോയി. തുടർച്ചയായ രണ്ടു ഡബിൾ ഫോൾട്ടുകളിലൂടെ സെറീന തന്റെ ആദ്യ സർവീസ് ഗെയിം അടിയറ വച്ചു. എയ്സുകളിലൂടെയും മൂളിപ്പറന്ന ഗ്രൗണ്ട്ഷോട്ടുകളിലൂടെയും അഞ്ച് ബ്രേക്ക് പോയിന്റുകളിൽനിന്നു രക്ഷപ്പെട്ട സെറീന ആയുസ്സ് നീട്ടിയെടുത്തു. ഫോർഹാൻഡ് വിന്നറിലൂടെ സെറ്റ് പോയിന്റിലെത്തിയ ബിയാൻകയ്ക്ക് സെറീന ഡബിൾ ഫോൾട്ടിലൂടെ സെറ്റും സമ്മാനിച്ചു.

∙ ഇതാ, പുതിയ ബിയാൻക!

സെറീനയുടെ നല്ലകാലത്തെ പവർ ഗെയിമിനെ ഓർമിപ്പിക്കുന്ന കളിയാണ് ബിയാൻക രണ്ടാം സെറ്റിൽ പുറത്തെടുത്തത്. ബിയാൻക ചാംപ്യൻഷിപ് പോയിന്റിന് അടുത്തെത്തിയതിനു ശേഷമാണ് മൽസരത്തിലാദ്യമായി സെറീന പോരാട്ടവീര്യം കാട്ടിയത്.  മൽസരം കാണാനെത്തിയ ബ്രിട്ടിഷ് രാജകുമാരി മേഗൻ മാർക്കിൾ അടക്കമുള്ള സെറീനയുടെ സുഹൃത്തുക്കൾ എഴുന്നേറ്റ് കയ്യടിച്ചു പ്രോൽസാഹിപ്പിച്ചെങ്കിലും ബിയാൻക പതറിയില്ല. മിന്നിപ്പാഞ്ഞ ഒരു ഫോർഹാൻഡ് റിട്ടേണിലൂടെ ബിയാൻക കിരീടം ഉറപ്പിച്ചതോടെ കയ്യടി തിരിച്ചായി– ഇതാ ലോക ടെന്നിസിലെ പുതിയ രാജ്ഞി! 

ബിയാൻക അവിശ്വസനീയമായി കളിച്ചു. എനിക്ക് അവളെക്കുറിച്ച് അഭിമാനമുണ്ട്. എന്റെ സഹോദരി വീനസ് വില്യംസ് കഴിഞ്ഞാൽ ജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു താരം ബിയാൻകയായിരിക്കും..

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com