ADVERTISEMENT

ബിയാൻക ആൻഡ്രെസ്ക്യു എന്ന പത്തൊമ്പതുകാരി യുഎസ് ഓപ്പൺ ടെന്നിസ് കിരീടം നേടിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലെല്ലാം ഒരു ഹാഷ്ടാഗ് നിറഞ്ഞു– #SheTheNorth അഥവാ വടക്കു നിന്നുള്ളവൾ. ഇത്തവണ നാഷനൽ ബാസ്കറ്റ്ബോൾ കിരീടം നേടിയ ടൊറന്റോ റാപ്റ്റേഴ്സ് ടീം ഉപയോഗിച്ചിരുന്ന We the North മുദ്രാവാക്യത്തെ അനുസ്മരിച്ചായിരുന്നു അത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വരെ കാനഡയെ സൂചിപ്പിക്കുന്ന ആ ഹാഷ്ടാഗ് ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തത്. അറ്റ്ലാന്റിക് സമുദ്രത്തിനും അപ്പുറം, യൂറോപ്യൻ രാജ്യമായ റുമേനിയയിൽ നിന്നു കുടിയേറി വന്ന കുടുംബത്തിലെ പെൺകുട്ടിയെ അങ്ങനെ കാനഡ ചേർത്തു പിടിച്ചു!

കനേഡിയൻ നഗരമായ ടൊറന്റോയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്തെന്ന ചോദ്യത്തിന് ബിയാൻകയുടെ മറുപടിയിങ്ങനെ: ‘ടൊറന്റോയിലെ സംഗീതം, ഭക്ഷണം, പിന്നെ എല്ലാ സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്ന ഈ നഗരത്തിന്റെ സ്വഭാവവും. 

ബിയാൻക ജനിക്കുന്നതിനും ആറു വർഷം മുൻപ് 1994ലാണ് മാതാപിതാക്കളായ നികു ആൻഡ്രെസ്ക്യുവും മരിയയും കാനഡയിലെത്തുന്നത്. ടൊറന്റോയുടെ പ്രാന്തപ്രദേശമായ മിസിസ്വാഗയിലാണ് ബിയാൻക ജനിച്ചത്. അച്ഛനും അമ്മയ്ക്കും പുറമേ അമ്മൂമ്മമാരും കൂടെയുണ്ടായിരുന്നു. അവരുടെ ‘ബിബി’ ആയാണ് ബിയാൻക വളർന്നത്.  ബാസ്കറ്റ് ബോൾ മുതൽ പലതരം കായിക ഇനങ്ങൾക്ക് ഒടുവിലാണ് ടെന്നിസ് ഉറപ്പിച്ചത്. അതിനു ശേഷമുള്ള കുതിപ്പ് സ്വപ്നസമാനം. കഴിഞ്ഞ യുഎസ് ഓപ്പൺ യോഗ്യതാ റൗണ്ടിൽ തോറ്റു മടങ്ങിയ, 2018 അവസാനം ലോകത്ത് 178–ാം റാങ്കിൽ നിന്ന പെൺകുട്ടി ഇതാ കിരീടവും കൊണ്ടു പോകുന്നു.

എന്നാൽ, ഭാവി ഗ്രാൻസ്‌ലാം ചാംപ്യനാണ് താനെന്ന സൂചന ഹാർഡ് കോർട്ടിൽ രണ്ടു കിരീടങ്ങളുമായി ബിയാൻക സീസണിന്റെ തുടക്കത്തിലേ നൽകിയിരുന്നു. ഇന്ത്യൻ വെൽസ് ഓപ്പണിൽ വീഴ്ത്തിയതു മുൻ ലോക ഒന്നാം നമ്പർ താരം ജർമനിയുടെ ആഞ്ചെലിക് കെർബറെ. റോജേഴ്സ് കപ്പ് ഫൈനലിൽ ബിയാൻകയോടു മൽസരിക്കവേ റിട്ടയേഡ് ഹർട്ടായി പിൻമാറിയത് സാക്ഷാൽ സെറീന വില്യംസ് തന്നെ. അതു കൊണ്ടാവണം യുഎസ് ഓപ്പൺ കിരീടം നേടിയപ്പോഴും അത്യാഹ്ലാദമൊന്നും ബിയാൻക കാണിച്ചില്ല. 

tennis
ബിയാൻകയുടെ മാതാപിതാക്കളായ മരിയയും നികു ആൻഡ്രെസ്ക്യുവും വളർത്തുനായയ്ക്കൊപ്പം മത്സരവേദിയിൽ.

അതിനു മറ്റൊരു കാരണവും ബിയാൻകയ്ക്കുണ്ട്. ‘ഞാൻ ആഗ്രഹിക്കുന്ന കാര്യമെല്ലാം വള്ളിപുള്ളി വിടാതെ ദിവാസ്വപ്നം കാണുന്ന സ്വഭാവം എനിക്കുണ്ട്. ഒരു ഗ്രാൻസ്‌ലാം ഫൈനലിൽ സെറീനയെ തോൽപിക്കുന്ന കാര്യമെല്ലാം എത്രയോ തവണ സ്വപ്നം കണ്ടിരിക്കുന്നു..’

23 ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുള്ള, സെറീനയെപ്പോലൊരു താരത്തിനെതിരെ ഒട്ടും പകപ്പില്ലാതെ കളിച്ചതിനുള്ള ക്രെഡിറ്റ് ബിയാൻക നൽകുന്നത് അമ്മ മരിയയ്ക്കാണ്.  ബിയാൻക യുഎസ് ഓപ്പൺ ഫൈനലിൽ എത്തിയതോടെ അമ്മയും ‘താര’മായി മാറിയിരുന്നു. നിറപ്പകിട്ടുള്ള വസ്ത്രങ്ങളും ചുരുളൻ മുടിയും സൺഗ്ലാസും ധരിച്ച മരിയയ്ക്കൊപ്പം മറ്റൊരാൾ കൂടി ക്യാമറകളുടെ ഇഷ്ടക്കാരനായി–  വളർത്തുനായ കൊകോ. 

‘ബിയാൻകയുടെ ഫോർഹാൻഡ് ഷോട്ടുകൾക്ക് ഒരു മരം വീഴ്ത്താനുള്ള കരുത്തുണ്ട്’ എന്നാണ് മുൻപൊരിക്കൽ ഒരു ടെന്നിസ് വിദഗ്ധൻ പറഞ്ഞത്. അതേ ഫോർഹാൻഡ് ഷോട്ടുകൾ കൊണ്ട് ബിയാൻക ഇപ്പോഴിതാ ഒരു വൻമരം തന്നെ വീഴ്ത്തിയിരിക്കുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com