ADVERTISEMENT

ന്യൂയോർക്ക് ∙ റാഫേൽ നദാൽ 19–ാം വയസ്സിൽ തന്റെ ആദ്യ ഗ്രാൻസ്‍ലാം കിരീടം ഫ്രഞ്ച് ഓപ്പണിലൂടെ സ്വന്തമാക്കുമ്പോൾ 9 വയസ്സുകാരൻ ഡാനിൽ മെദ്‌വദേവ് റഷ്യയിൽ ടെന്നിസിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്നലെ യുഎസ് ഓപ്പൺ ഫൈനലിൽ ഇരുപത്തിമൂന്നുകാരൻ മെദ്‌വദേവ് 33 വയസ്സുകാരൻ  നദാലിനെ ശരിക്കും വെള്ളം കുടിപ്പിച്ചു കളഞ്ഞു. 

യുഎസ് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ കലാശപ്പോരാട്ടത്തിന് ഒടുവിൽ, സൂപ്പർ റാഫയ്ക്ക് കരിയറിലെ 4–ാം യുഎസ് ഓപ്പൺ കിരീടം. 4 മണിക്കൂറും 50 മിനിറ്റും നീണ്ടുനിന്ന പോരാട്ടം അവസാനിച്ചപ്പോൾ സ്കോർ: 7–5, 6–3, 5–7, 4–6, 6–4. തന്റെ ആദ്യ ഗ്രാൻസ്‍ലാം ഫൈനലിന് ഇറങ്ങിയ ലോക 4–ാം നമ്പർ മെദ്‌വദേവ് ലോക 2–ാം നമ്പർ താരമായ നദാലിനെ വിറപ്പിച്ച ശേഷമാണു കീഴടങ്ങിയത്. ഫ്രഞ്ച് ഓപ്പണിനു പിന്നാലെ, സീസണിൽ നദാലിന്റെ രണ്ടാമത്തെ കിരീടമാണിത്. 

സ്പാനിഷ് സൂപ്പർമാന്റെ കരിയറിലെ 19–ാം ഗ്രാൻസ്‍ലാം കിരീട നേട്ടം. ആദ്യ 2 സെറ്റുകളും വിയർപ്പൊഴുക്കിയാണെങ്കിലും നദാൽ സ്വന്തമാക്കിയപ്പോൾ ഫൈനലിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു.

3–ാം സെറ്റിൽ മെദ്‍വദേവിന്റെ ഗെയിം ബ്രേക്ക് ചെയ്ത് 3–2 ലീഡുമായി റാഫ കിരീടത്തിലേക്കു നീങ്ങിയതുമാണ്. എന്നാൽ, വിട്ടുകൊടുക്കാൻ മനസ്സില്ലാതെ മെദ്‍വദേവ് വീറോടെ തിരിച്ചുവന്നു. ആർതർ ആഷെ സ്റ്റേഡിയത്തിൽ പിന്നെ അരങ്ങേറിയതു ത്രില്ലർ സിനിമയെ തോൽപിക്കുന്ന സമ്മർദനിമിഷങ്ങളാണ്.

നദാലിന്റെ ഫോർഹാൻഡിനും ബാക്ക്ഹാൻഡിനും മെദ്‍വദേവിന്റെ കിടിലൻ ബാക്ക്ഹാൻഡ് റിട്ടേൺ.  മൂന്നും നാലും സെറ്റുകൾ മെദ്‍വദെവ് പിടിച്ചതോടെ കളി നിർണായകമായ 5–ാം സെറ്റിലേക്ക്.   5–ാം സെറ്റിൽ എതിരാളിയെ ബ്രേക്ക് ചെയ്ത 3–2 ലീഡിലേക്കു നദാലെത്തി. 

വീണ്ടുമൊരു ബ്രേക്ക് പോയിന്റ് നേടി 5–2ന്റെ ലീഡിലേക്ക്. വെറുതെയങ്ങു മടങ്ങാൻ മെദ്‍വദേവ് ഒരുക്കമായിരുന്നില്ല. നദാലിനെ ബ്രേക്ക് ചെയ്ത് ലീഡ് 5–4ലേക്ക് എത്തിച്ചു. പക്ഷേ, അടുത്ത ഗെയിം സ്വന്തമാക്കി നദാൽ കളി തീർത്തു.

നദാലിന്റെ ഗ്രാൻസ്‌‌ലാം നേട്ടങ്ങൾ‌

2005- ഫ്രഞ്ച് ഓപ്പൺ, 2006 ഫ്രഞ്ച് ഓപ്പൺ, 2007 ഫ്രഞ്ച് ഓപ്പൺ, 2008 ഫ്രഞ്ച് ഓപ്പൺ വിമ്പിൾഡൻ, 2009 ഓസ്ട്രേലിയൻ ഓപ്പൺ, 2010 ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ, 2011 ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ, 2012 ഫ്രഞ്ച് ഓപ്പൺ, 2013 ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ, 2014 ഫ്രഞ്ച് ഓപ്പൺ, 2017 ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ, 2018 ഫ്രഞ്ച് ഓപ്പൺ, 2019 ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ.

English Summary : Rafael Nadal Beats Daniil Medvedev In US Open Final To Clinch 19th Grand Slam Title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com