ADVERTISEMENT

മുൻകാലിൽ ഊന്നി വിരാട് കോലി കവർ ഡ്രൈവ് പായിക്കുമ്പോൾ, ക്രിക്കറ്റ് പണ്ഡിതരും പാമരൻമാരും ഒരുപോലെ വിസ്മയിച്ചു സന്തോഷിക്കും.. വൗ! വാട്ട് എ ഷോട്ട്!

ചിലർ ഒരു പടി കൂടി കടന്ന് മോഹിപ്പിക്കുന്ന വിശേഷണങ്ങൾ ചാർത്തും: റോജർ ഫെഡററുടെ ഫോർഹാൻഡ് പോലെ മനോഹരം.! പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിന്റെ ഷോട്ടുകൾ കാണുമ്പോൾ, ആരും ഫെഡററെ ഓർക്കാറില്ല.

പന്തു ചുരണ്ടൽ വിവാദത്തിന്റെ പടകുഴിയിൽനിന്ന് ആഷസ് നേട്ടത്തിന്റെ കൊടുമുടിയിലേക്ക് സ്മിത്ത് ഓസ്ട്രേലിയയെ കൈപിടിച്ചുകയറ്റിയപ്പോൾ ആരാധകർക്കു പറയാതെ തരമില്ല: സ്റ്റീവൻ പീറ്റർ ഡെവറോ സ്മിത്ത്, താങ്കളുടെ പോരാട്ടവീര്യം കാണുമ്പോൾ റാഫേൽ നദാലിനെ ഓർത്തുപോകുന്നു!

സമാനതകളില്ലാത്ത മികവിലൂടെ സ്മിത്ത് ആഷസ് പരമ്പരയിൽ അഗ്നിവിശുദ്ധി ആർജിച്ചെടുക്കുമ്പോൾ, ലോക ടെന്നിസിലെ ഏറ്റവും മഹാനായ താരമെന്ന ഖ്യാതിയിലേക്ക് നദാൽ റാക്കറ്റ് വീശുകയായിരുന്നുവെന്നത് വിധി കാത്തുവച്ച യാദൃച്ഛികത. ഒന്നര പതിറ്റാണ്ടായി എതിരാളികളോടും പരുക്കിനോടും ഒരു പോലെ പടപൊരുതുന്ന നദാലിന്റെ സിംഹഹൃദയമല്ലേ സ്മിത്തിന്റേതും!

 അച്ഛന്റെ മകൻ

2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ ഉണ്ടായ പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന് ഒരു വർഷം വിലക്കു നേരിട്ട കാലയളവിൽ സ്മിത്ത് എന്തു ചെയ്യുകയായിരുന്നു എന്നാണ് ആരാധകർ ഇപ്പോൾ വിസ്മയം കൂറുന്നത്.

സിഡ്നി മഹാനഗരത്തിൽ അച്ഛൻ പീറ്റർ സ്മിത്ത് പഠിപ്പിച്ച അടിസ്ഥാന‍ പാഠങ്ങളിലേക്കു മടങ്ങുകയാണു സ്റ്റീവ് ചെയ്തത്. ഒപ്പം, ലോകമെമ്പാടും ട്വന്റി20 ലീഗുകളിലും നിറഞ്ഞു കളിച്ചു.

ആഷസ് കിരീടം ഓസ്ട്രേലിയ നിലനിർത്തിയപ്പോൾ, സ്മിത്തിനെ വിശേഷിപ്പിക്കാൻ ക്രിക്കറ്റ് വിദഗ്ധർക്കു  വാക്കുകളില്ല. കളിച്ച 3 ടെസ്റ്റുകളിൽ ഒരു ഇരട്ടശതകമടക്കം 3 സെഞ്ചുറികളും 2 അർധശതകങ്ങളും. ബ്രാഡ്മാനു ശേഷം ഓസ്ട്രേലിയ ജൻമം നൽകിയ ഏറ്റവും മഹാനായ ബാറ്റ്സ്മാനെന്ന് ഇംഗ്ലിഷുകാർ പോലും വാഴ്ത്തുമ്പോൾ, സ്മിത്ത് ഊറിച്ചിരിക്കുകയായിരിക്കും!

 റാഫയുടെ വരവ്

ഇനി റാഫയിലേക്ക്. റഷ്യക്കാരൻ ഡാനിൽ മെദ്‌വെദേവിന്റെ അവസാന പ്രതിരോധവും ഭേദിച്ച് റാഫേൽ നദാൽ ആർതർ ആഷെ സ്റ്റേഡിയത്തിലേക്കു മലർന്നു വീണു.

19–ാം ഗ്രാൻ‌സ്‌ലാം കിരീടനേട്ടത്തിന്റെ മധുരം രുചിച്ചു നദാൽ കിടന്നപ്പോൾ, അകലെയിരുന്നു റോജർ ഫെഡറർ ചിന്തിച്ചിട്ടുണ്ടാകും: ‘‘റാഫ, നീ എന്താണ് ചെയ്യുന്നതെന്ന് നീ അറിയുന്നില്ല!’’

അതേ, പുരുഷ ടെന്നിസിൽ മത്സരം മുറുകിയിരിക്കുന്നു. എക്കാലത്തെയും ഏറ്റവും മഹാനായ താരം (Greatest of All Time-GOAT) ആരെന്നു തീരുമാനിക്കാനുള്ള പോരാട്ടം!

39–ാം വയസ്സിൽ 20 ഗ്രാൻസ്‌ലാം കിരീടങ്ങളുമായി നിൽക്കുന്ന ഫെഡറർക്കു നേരിയ ലീഡു മാത്രം. മുപ്പത്തിമൂന്നുകാരൻ റാഫ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. ഒരു വയസ്സിന് ഇളപ്പമുള്ള നൊവാക് ജോക്കോവിച്ചിന് 16 കിരീടങ്ങൾ.

ഗ്രാൻസ‌്‌ലാം കുതിപ്പ്

സമീപകാലത്ത് നദാൽ പുറത്തെടുത്ത ഉജ്വല മികവാണ് ഈ പോരാട്ടത്തിന് ഊർജം പകരുന്നത്. 2017 മുതൽ നദാൽ നേടിയത് 5 ഗ്രാൻസ്‌ലാം കിരീടങ്ങളാണ്.

കരിയറിലുടനീളം പരുക്കിനെതിരെ പൊരുതിയ താരത്തിന്റെ കായികക്ഷമത അദ്ഭുതകരമായി തുടരുന്നു. ഇടുപ്പിലും പുറത്തും കാൽമുട്ടിലും കണങ്കയ്യിലുമെല്ലാം ഏറ്റ പരുക്കുകളെ തോൽപിച്ചാണ് സ്പാനിഷ് താരം ഈ കിരീടങ്ങളോരോന്നും നേടിയത്. 

3 വർഷം മുൻപ് റാഫയുടെ കരിയർ അവസാനിക്കുകയാണെന്ന് വിദഗ്ധരടക്കം വിധിയെഴുതിയതിനു പിന്നാലെയാണ് ഈ തിരിച്ചുവരവ്. 

സെർവ് അടക്കമുള്ള സാങ്കേതിക വശങ്ങളിൽ മാറ്റം വരുത്തിയാണ് നദാൽ പ്രശ്നത്തിനു പരിഹാരം കണ്ടത്. ഇതോടെ, കളിമൺ കോർട്ടിനു പുറത്തും മികവു വളർന്നു. മുൻ ലോക ഒന്നാം നമ്പർ താരം കാർലോസ് മോയയെ പരിശീലകനായി നിശ്ചയിച്ച തീരുമാനമാണ് തിരിച്ചുവരവിൽ നിർണായകമായത്.

സെർവിനൊരുങ്ങുമ്പോൾ, , റാഫേൽ നദാലിനൊരു ശീലമുണ്ട്. ജഴ്സി നേരെയാക്കി, മൂക്കു തുടച്ച്, മുടിയിലും ചെവിയിലും തടവി, ഷോർട്സിൽ തെരുപ്പിടിച്ച് ബൂം.... ക്രീസിൽ നിൽക്കുമ്പോൾ സ്മിത്തും അങ്ങനെത്തന്നെ. ഹെൽമറ്റിലും പാഡുകളിലുമെല്ലാം തടവിയാണ് ഒരുക്കം. കാത്തിരിക്കാം, അടുത്ത മത്സരത്തിനു സമയമാകുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com