ADVERTISEMENT

2002ൽ യുഎസ് ഓപ്പൺ ടെന്നിസ് കിരീടം നേടി പീറ്റ് സാംപ്രസ് വിരമിക്കുമ്പോൾ 14 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന റെക്കോർഡാണു സ്വന്തം പേരിൽ അദ്ദേഹം എഴുതിച്ചേർത്തത്. സാംപ്രാസ് നേടിയത് അടുത്തെങ്ങും തകർക്കാനിടയില്ലാത്ത റെക്കോർഡാണെന്നു ടെന്നിസ് പ്രേമികൾ വിധിയെഴുതി. എന്നാൽ, സാംപ്രസ് വിരമിക്കുമ്പോൾ ഒരു ഗ്രാൻസ്‌ലാം പോലും നേടിയിട്ടില്ലാത്ത ഒരു താരം കൃത്യം 7 വർഷങ്ങൾക്കു ശേഷം ആ റെക്കോർഡ് മറികടന്നു. മറ്റാരുമല്ല; സാക്ഷാൽ റോജർ ഫെഡറർ. അധികം വൈകാതെ ഫെഡറർക്കൊപ്പം റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിങ്ങനെ രണ്ടു പേരുകളും പീറ്റ് സാംപ്രസിനു മുകളിൽ എഴുതിച്ചേർക്കപ്പെട്ടു.

കഴിഞ്ഞ 16 വർഷമായി ടെന്നിസിലെ ഈ ‘ബിഗ് ത്രീ’ സർവാധിപത്യം തുടരുകയാണ്. ഒന്നോ രണ്ടോ ഗ്രാൻസ്‌ലാം കിരീടങ്ങൾ വീതം നേടിയെങ്കിലും വാവ്റിങ്ക, ആൻഡി മറെ, മരാറ്റ് സഫിൻ തുടങ്ങിയവർ ഇവരുടെ നിഴലിൽ ഒതുങ്ങിപ്പോയവരാണ്. വിജയികളുടെ കൂട്ടത്തിൽ പേരെഴുതിച്ചേർക്കാൻ സാധിക്കാത്തതു മൂലം വിസ്മൃതിയിലാണ്ടവരുടെ എണ്ണം അതിലുമേറെ.

2020 തലമുറമാറ്റത്തിന്റെ വർഷമോ?

യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഗ്രിഗർ ദിമിത്രോവിനോടു പരാജയപ്പെട്ട ശേഷം ഫെഡറർ പറഞ്ഞതിങ്ങനെയാണ്; ‘ബെയ്സ്‌ലൈൻ ഷോട്ടുകൾ ഇതിനു മുൻപ് ഇതിലും നന്നായി ഞാൻ കളിച്ചിരുന്നു’. കളി അവസാനിപ്പിക്കാൻ സമയമായി എന്നു ഒരിക്കലും സമ്മതിക്കാത്ത ഫെഡററെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിൽ ചില സൂചനകളുണ്ട്.

1990നു ശേഷം ജനിച്ച ഒരാൾക്കും പുരുഷ ടെന്നിസിൽ ഗ്രാൻസ്‌ലാം നേടാൻ സാധിച്ചിട്ടില്ല. എന്നാൽ, പുതിയ യുവതാരങ്ങൾ പുരുഷ ടെന്നിസിൽ ഉദയം ചെയ്യുന്നുണ്ട്. ഫെഡററും ജോക്കോവിച്ചും നദാലും കിരീടവേട്ട തുടങ്ങിയ പ്രായത്തേക്കാൾ കുറഞ്ഞ പ്രായമുള്ള താരങ്ങൾ ഇപ്പോൾ ഉയർന്ന റാങ്കുകളിലുണ്ട്. പുരുഷടെന്നിസിൽ തലമുറമാറ്റത്തിനു സമയമായെന്ന് ഇതു സൂചിപ്പിക്കുന്നു. ഗ്രാൻസ്‌ലാമുകൾക്കു പുറത്ത് എടിപി ടൂർണമെന്റുകളിൽ കൂടുതൽ യുവതാരങ്ങൾ വിജയിക്കുന്നുണ്ടെന്നതും പ്രതീക്ഷ നൽകുന്നു.

ഇത്തവണത്തെ യുഎസ് ഓപ്പൺ ഫൈനലിനു മുൻപ് നദാൽ പറഞ്ഞതിങ്ങനെയാണ്; ‘പതിനഞ്ചിലേറെ വർഷങ്ങളായി ഞങ്ങൾ (ജോക്കോ, ഫെഡറർ, നദാൽ) ഇവിടെയുണ്ട്. അധികം വൈകാതെ ഈ യുഗം അവസാനിക്കും.’ 

38 വയസ്സുള്ള ഫെഡറർ റാങ്കിങ്ങിൽ പിന്നിലുള്ള താരങ്ങൾക്കു മുന്നിൽ പലപ്പോഴും കീഴടങ്ങുന്നു. 32കാരനായ ജോക്കോവിച്ച് യുഎസ് ഓപ്പണിൽ നിന്നു പരുക്ക് മൂലം പിന്മാറിയിരുന്നു. 33കാരനായ നദാൽ മികച്ച ഫോമിലാണെങ്കിലും എത്രകാലം അതു നിലനിർത്തുമെന്നു പറയാനാകില്ല. 2020ലെ ഗ്രാൻ‌സ്‌ലാമുകളിൽ പുതിയൊരു വിജയിക്കായി ടെന്നിസ് ലോകം കാത്തിരിക്കുന്നു. പുരുഷ ടെന്നിസിൽ ഇനി ആധിപത്യം പുലർത്തുമെന്നു കരുതുന്ന 5 താരങ്ങൾ. 

1. അലക്സാണ്ടർ സ്വെരേവ്

എടിപി റാങ്ക്: 6 

പ്രായം: 22 

രാജ്യം: ജർമനി 

zverev

എടിപി ടൂർണമെന്റുകളിലെ മികച്ച ഫോം ഗ്രാൻസ്‌ലാമുകളിലേക്കു കൂടി വ്യാപിപ്പിച്ചാൽ ഇനിയുള്ള കാലം സ്വെരേവിന്റേതാകുമെന്നുറപ്പ്. ഫെഡറർ, ജോക്കോ, നദാൽ, ആൻഡി മറെ എന്നിവർക്കു പുറമെ 3 എടിപി മാസ്റ്റേഴ്സ് കിരീടങ്ങൾ നേടിയ നിലവിൽ കളിക്കുന്ന ഒരേയൊരു താരമാണ് സ്വെരേവ്. തന്നെ മറികടക്കാൻ സാധ്യതയുള്ള താരമെന്നാണു സ്വെരേവിനെക്കുറിച്ച് ജോക്കോവിച്ച് പറഞ്ഞത്. യുഎസ് ഓപ്പണിൽ നാലാം റൗണ്ടിൽ പുറത്തായെങ്കിലും അടുത്ത വർഷം ഗ്രാൻസ്‌ലാം നേടുമെന്ന പ്രതീക്ഷയിലാണു താനെന്നു സ്വെരേവ് പറയുന്നു. ഫോം നിലനിർത്താനായാൽ ഗ്രാൻ‌സ്‌ലാം കിരീടം കയ്യെത്താദൂരത്തല്ലെന്ന് ഉറപ്പ്. 

2. ഡാനിൽ മെദ്‌വദേവ്

എടിപി റാങ്ക്: 4 

പ്രായം: 23 

രാജ്യം: റഷ്യ 

medvedev

മെദ്‌വദേവ് ചില്ലറക്കാരനല്ലെന്നു യുഎസ് ഓപ്പൺ ഫൈനലിൽ നദാലിനെതിരെയുള്ള പോരാട്ടം കണ്ടവർക്കു മനസ്സിലായിട്ടുണ്ടാകും. ഇതിനു മുൻപ് സാക്ഷാൽ ജോക്കോവിച്ചിനെ 2 തവണയാണു മെദ്‌വദേവ് കീഴടക്കിയത്. കഴിഞ്ഞ മാസം നടന്ന സിൻസിനാറ്റി മാസ്റ്റേഴ്സ് എടിപി ടൂർണമെന്റിൽ മെദ്‌വദേവായിരുന്നു വിജയി. ഇതുൾപ്പെടെ 4 എടിപി കിരീടങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2017ൽ ചെന്നൈ ഓപ്പൺ ഫൈനലിലെത്തിയതോടെയാണു താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പലതവണ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് മെദ്‌വദേവിന്. കുറച്ചുകൂടി പക്വത കൈവരിച്ചാൽ 2020ൽ ഒരു ഗ്രാൻസ്‌ലാം കിരീടം മെദ്‌വദേവിന്റെ ഷെൽഫിലുണ്ടാകുമെന്നുറപ്പ്. 

3. സ്റ്റെഫാനോസ് സിറ്റ്സിപ്പാസ്

എടിപി റാങ്ക്: 8 

പ്രായം: 21 

രാജ്യം: ഗ്രീസ് 

tsitsipas

2019 ഓസ്ട്രേലിയൻ ഓപ്പണിൽ റോജർ ഫെഡററെ പുറത്താക്കി സെമിഫൈനലിൽ കടന്നതോടെയാണു സിറ്റ്സിപ്പാസ് ടെന്നിസ് പ്രേമികളുടെ കണ്ണിൽപെടാൻ ആരംഭിച്ചത്. തലയിലെ കെട്ടിൽ മാത്രമല്ല, ശക്തമായ സർവുകളും ബാക്ഹാൻഡുകളുമായി കളിയിലും ഫെഡററെ അനുകരിക്കുന്ന താരം ഇതിനകം ഒട്ടേറെ ആരാധകരെ നേടിക്കഴിഞ്ഞു. എടിപി റാങ്കിങ്ങിൽ ആദ്യ പത്തിൽ വരുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സിറ്റ്സിപ്പാസ്. യുഎസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും പ്രായം വച്ചു നോക്കുമ്പോൾ സിറ്റ്സിപ്പാസിനു തിരിച്ചുവരാൻ ഇനിയും സമയമുണ്ട്. 

4. ഡെനിസ് ഷപോവാലവ്

എടിപി റാങ്ക്– 33 

പ്രായം: 20 

രാജ്യം: കാനഡ 

shapovalov

18 വയസ്സുള്ളപ്പോൾ കനേഡിയൻ ഓപ്പണിൽ റാഫേൽ നാദാലിനെയും ദെൽ പോർട്ടോയെയും തോൽപിച്ചതോടെയാണു ഷപോവാലവിനെ ടെന്നിസ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ഇതുവരെ എടിപി കിരീടങ്ങൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലിൽ 20ാം റാങ്കിലേക്കു ഉയരാൻ ഷപോവാലവിന് സാധിച്ചു. യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടിൽ പുറത്തായെങ്കിലും ടെന്നിസ് പ്രേമികൾ പ്രതീക്ഷയോടെയാണു ഷപോവാലവിനെ കാണുന്നത്. മുൻ ലോക ഒന്നാം നമ്പർ താരം ജോൺ മക്കൻറോ തന്നെപ്പോലെ കളിക്കുന്ന താരമെന്നാണു ഷപോവാലവിനെ വിശേഷിപ്പിച്ചത്. 

5. നിക് കിർഗിയോസ്

എടിപി റാങ്ക്: 27 

പ്രായം: 24 

രാജ്യം: ഓസ്ട്രേലിയ 

kirgios

ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നീ വമ്പന്മാരെ ആദ്യ പോരാട്ടത്തിൽ തന്നെ കീഴടക്കിയ അപൂർവനേട്ടമാണു നിക് കിർഗിയോസിനുള്ളത്. ഭാവിതാരമെന്ന് ഒട്ടേറെ താരങ്ങൾ പ്രകീർത്തിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും കോർട്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണു കിർഗിയോസ് അറിയപ്പെട്ടത്. എന്നാൽ, 6 എടിപി സിംഗിൾസ് കിരീടങ്ങൾ ഷെൽഫിലുള്ള താരത്തിന് വരുംവർഷങ്ങൾ തന്റേതാക്കാൻ സാധിക്കും. ‘അവിശ്വസനീയമായ കഴിവുള്ള താരം’ എന്നാണു കിർഗിയോസിനെക്കുറിച്ചു റാഫേൽ നദാൽ പറഞ്ഞത്. 

ബിഗ് ത്രീ @ ടോപ്പ്

ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവരടങ്ങുന്ന ബിഗ് ത്രീയുടെ ആധിപത്യം തുടങ്ങിയത് 2003ൽ ഫെഡറർ വിമ്പിൾഡൻ ഓപ്പൺ നേടിയതിനു ശേഷമാണ്. 2003 വിമ്പിൾഡനു ശേഷം നടന്ന 66 ഗ്രാൻസ്‌ലാമുകളിൽ 55 എണ്ണവും വിജയിച്ചത് ബിഗ് ത്രീ തന്നെ. വിജയശതമാനം– 83.33. അതിനു ശേഷം നടന്ന പുരുഷ ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലെ വിജയികൾ. 

റോജർ ഫെഡറർ: 20 

റാഫേൽ നദാൽ: 19 

നൊവാക് ജോക്കോവിച്ച്: 16 

സ്റ്റാൻ വാവ്‌റിങ്ക: 3 

ആൻഡി മറെ: 3 

മരിൻ സിലിച്: 1 

ദെൽ പോട്രോ: 1 

മരാറ്റ് സഫിൻ: 1 

ഗസ്റ്റൻ ഗൗഡിയോ: 1 

ആൻഡി റോഡിക്: 1 

(16 വർഷമായി ബിഗ് ത്രീയൊഴികെ ബാക്കിയെല്ലാവരും കൂടി നേടിയത്– 11 കിരീടങ്ങൾ)

English Summary: Tennis Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com