ADVERTISEMENT

നെറ്റിയിൽ കെട്ടിയ ബാൻഡിനു മുകളിലൂടെ ആടിക്കളിക്കുന്ന സ്വർണത്തലമുടി, ശക്തമായ ഒറ്റക്കൈ ബാക്ഹാൻഡ് ഷോട്ടുകൾ. ടെന്നിസ് പ്രേമികൾക്ക് സാക്ഷാൽ റോജർ ഫെഡറുടെ രൂപം മനസ്സിലേക്കെത്താൻ ഇത്രയും കേട്ടാൽ മതി. എന്നാൽ, കുറച്ചു നാളായി ഇതേ വിശേഷണങ്ങളുമായി മറ്റൊരു താരം ടെന്നിസ് കോർട്ടുകളിൽ നിറയുകയാണ്!

ഇതിഹാസതാരങ്ങളെ മറികടന്ന് കഴിഞ്ഞയാഴ്ച ലോകടെന്നിസിന്റെ നെറുകയിൽ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്. ലോകറാങ്കിങ്ങിൽ ആദ്യ 8 സ്ഥാനങ്ങളിലുള്ളവർ മാറ്റുരച്ച എടിപി ഫൈനൽസ് ചാംപ്യൻഷിപ് സ്വന്തമാക്കിയ സിറ്റ്സിപാസ് ടെന്നിസ് ആരാധകർക്ക് പുതുയുഗപ്പിറവിയുടെ സൂചനകളാണ് നൽകുന്നത്.

പുല്ലിലെ പുലി

ആക്രമണോത്സുകമാണ് സിറ്റ്സിപാസിന്റെ ശൈലി. ബേസ്‌ലൈനിൽ നിന്നുള്ള ശക്തമായ ഗ്രൗണ്ട് സ്ട്രോക്കുകൾ എതിരാളികളെ നിഷ്പ്രഭമാക്കിക്കളയും. ശക്തമായ ഫോർഹാൻഡുകളും സർവുകളും പ്രത്യേകതയാണ്. ആധുനിക ടെന്നിസിൽ അധികം കണ്ടുവരാത്ത, സിറ്റ്സിപാസിന്റെ ഒറ്റക്കൈ ബാക്ഹാൻഡ് ഷോട്ടുകൾ ഫെഡററുടെ കളിയെ ഓർമിപ്പിക്കും. പുൽക്കോർട്ടുകളാണ് ഇഷ്ട പ്രതലം.

ഗ്രീസിന്റെ സൂപ്പർതാരം

ഒളിംപിക്സിന്റെ ഈറ്റില്ലമായ ആതൻസിൽ നിന്നാണ് സിറ്റ്സിപാസിന്റെ വരവ്. അത്‌ലറ്റിക്സിലും ഫുട്ബോളിലും ഉൾപ്പെടെ പ്രൗഢമായ കായികചരിത്രമുണ്ടെങ്കിലും വിരലിലെണ്ണാവുന്ന സൂപ്പർതാരങ്ങൾ മാത്രമാണ് ഗ്രീസിൽ നിന്നുള്ളത്. സിറ്റ്സിപാസ് ഗ്രീക്കുകാരുടെ പുതിയ ദേശീയമുഖമാണ്. ടെന്നിസിന് അധികം വേരോട്ടമില്ലാത്ത രാജ്യത്തു സിറ്റ്സിപാസ് മാറ്റങ്ങൾ കൊണ്ടുവന്നേക്കും. ആറാം റാങ്കുകാരനായ സിറ്റ്സിപാസിനു ശേഷം ഒരു ഗ്രീക്ക് താരത്തിന്റെ അടുത്ത ഉയർന്ന റാങ്ക് എത്രയെന്നറിയുമോ? 446!

tsitsipas

ലൈൻ റഫറിയും താരവും

സിറ്റ്സിപാസിന്റെ അമ്മ യൂലിയ, സോവിയറ്റ് യൂണിയനെ പ്രതിനിധീകരിച്ചു രാജ്യാന്തര ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ലോക ജൂനിയർ വനിതാ റാങ്കിങ്ങിൽ യൂലിയ ഒന്നാം സ്ഥാനത്തെത്തിയിട്ടുമുണ്ട്. അച്ഛൻ അപോസ്തലോസ് സിറ്റ്സിപാസും ടെന്നിസ് താരമായിരുന്നു. ആതൻസിൽ നടന്ന ഒരു ടൂർണമെന്റിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. യൂലിയ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു. സിറ്റ്സിപാസിന്റെ അച്ഛൻ ലൈൻ റഫറിയും! ഔദ്യോഗികമായി അച്ഛനാണ് സിറ്റ്സിപാസിന്റെ കോച്ചെങ്കിലും അമ്മയാണു ശരിക്കുമുള്ള പരിശീലക.

കടലിൽ നിന്ന് കോർട്ടിലേക്ക്

കുട്ടിക്കാലത്തു കടലിൽ മുങ്ങിപ്പോകേണ്ടതായിരുന്നു താനെന്നും ആ സംഭവമാണ് തന്നിലെ കായിക താരത്തെ വളർത്തിയെടുത്തതെന്നും സിറ്റ്സിപാസ് പറഞ്ഞിട്ടുണ്ട്. ‘കൊറിയയിലെ ഒരു കടൽത്തീരത്തു കളിക്കുന്നതിനിടെയായിരുന്നു അപകടം. മുങ്ങിമരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചതാണ്. പക്ഷേ, എങ്ങനെയോ എന്നെ ആളുകൾ രക്ഷപ്പെടുത്തി. മരണത്തിൽ നിന്നു കര കയറിയ ആ സംഭവം ജീവിതത്തെ പോസിറ്റീവ് ആയി സ്വാധീനിച്ചു. ഇപ്പോഴും എനിക്കതു പ്രചോദനം നൽകുന്നു’– സിറ്റ്സിപാസ് പറഞ്ഞു.

ഫെഡറർ ഫാൻ

റോജർ ഫെഡററുടെ കളിയെ അനുകരിച്ചാണ് സിറ്റ്സിപാസ് പരിശീലിച്ചത്. ഇപ്പോഴും ആ സ്വാധീനം പ്രകടമാണ്. ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവരോടു മത്സരിക്കാൻ സാധിച്ചത് സ്വപ്ന സമാനമാണെന്നും സിറ്റ്സിപാസ് പറയുന്നു. ഫെഡററുടെ ആരാധകനാണെങ്കിലും കളിയിൽ ആ പരിഗണനയൊന്നുമില്ല–സിറ്റ്സിപാസ് തന്റെ ആരാധനാമൂർത്തിയെ ഈ വർഷം തോൽപിച്ചത് രണ്ടു തവണയാണ്.

ന്യൂജെൻ 2020?

ഗ്രാൻസ്‌ലാം കിരീടങ്ങൾ ബിഗ് ത്രീയുടെ ഷെൽഫിൽനിന്ന് അടുത്ത വർഷം പുറത്തെത്തുമെന്നു വിദഗ്ധർ പ്രവചിക്കുന്നു. സിറ്റ്സിപാസിന്റെ ഇക്കഴിഞ്ഞ എടിപി ഫൈനൽസ് വിജയം അതിനു കരുത്തേകുന്നു. എടിപി ഫൈനൽസിന്റെ ഫൈനലിലും 2018, 19 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലുമെത്തിയ ഡൊമിനിക് തീം ആണ് വിജയസാധ്യതയുള്ള മറ്റൊരാൾ. ഡാനിൽ മെദ്‌വദേവ്, നിക്ക് കിർഗിയോസ്, ഡെന്നിസ് ഷപവ്‌ലവ്, അലക്സാണ്ടർ സ്വെരേവ് തുടങ്ങി ന്യൂജെൻ താരങ്ങളുടെ പട്ടിക നീളുന്നു.

 

സ്റ്റെഫാനോസ് സിറ്റ്സിപാസ്

വയസ്സ്: 21, സ്വദേശം: ആതൻസ്, ഗ്രീസ്

ഉയരം: 193 സെ.മീ, നിലവിലെ റാങ്ക്: 6

ഉയർന്ന റാങ്ക്: 5 (2019 ഓഗസ്റ്റിൽ)

എടിപി കിരീടങ്ങൾ– 4

ഗ്രാ‍ൻസ്‌ലാമുകളിലെ മികച്ച 

പ്രകടനം– 2019 ഓസ്ട്രേലിയൻ 

ഓപ്പൺ സെമിഫൈനൽ

 

ജൂനിയർ എടിപി റാങ്കിങ്ങിൽ സിറ്റ്സിപാസ് ലോക ഒന്നാം നമ്പറായിട്ടുണ്ട്. 2016ൽ വിമ്പിൾഡൻ ബോയ്സ് ഡബിൾസ് ടൂർണമെന്റ് വിജയിച്ചതാണു സിറ്റ്സിപാസിന്റെ കരിയറിലെ വഴിത്തിരിവ്. 2018 യുഎസ് ഓപ്പൺ വഴി ഗ്രാൻസ്‌ലാം സിംഗിൾസ് പ്രവേശനം. 2019 ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ റോജർ ഫെഡററെ വീഴ്ത്തി സെമിഫൈനലിൽ കടന്നതോടെയാണു സിറ്റ്സിപാസ് ടെന്നിസ് പ്രേമികളുടെ കണ്ണിൽപെട്ടത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com