ADVERTISEMENT

മഡ്രിഡ് ∙ സ്പെയിനിൽ ഒരു വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ അതിൽ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടക്കാൻ കെൽ‌പുള്ള ഒരു കായികതാരം ആരായിരിക്കും? സംശയിക്കേണ്ട; നാട്ടുകാരനായ ടെന്നിസ് താരം റാഫേൽ നദാൽ തന്നെ!

സ്പെയിനിലെ സ്പോർട്സ് മാധ്യമമായ ‘മാർക്ക’ നടത്തിയ വോട്ടെടുപ്പിലാണ് മെസ്സി– ക്രിസ്റ്റ്യാനോ ഉൾപ്പെടെ 16 താരങ്ങളെ മറികടന്ന് കഴിഞ്ഞ പതിറ്റാണ്ടിന്റെ (2010–20) കായികതാരമായി നദാൽ തിരഞ്ഞെടുക്കപ്പെട്ടത്.

ടൂർണമെന്റ് മാതൃകയിൽ നടന്ന വോട്ടെടുപ്പിന്റെ ഫൈനലിൽ നദാൽ തോൽപിച്ചത് സാക്ഷാൽ മെസ്സിയെ തന്നെ. ഫൈനലിൽ ആകെ പോൾ ചെയ്ത ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ 62 ശതമാനവും നദാൽ സ്വന്തമാക്കി.

rafael-nadal-graphics
കഴിഞ്ഞ പതിറ്റാണ്ടിലെ കായികതാരത്തെ തിരഞ്ഞെടുക്കാൻ ‘മാർക്ക’ നടത്തിയ വോട്ടിങ് ഇങ്ങനെ. ടൂർണമെന്റ് മാതൃകയിൽ ഓരോ റൗണ്ടുകളായിട്ടായിരുന്നു തിരഞ്ഞെടുപ്പ്.

അതിനു മുൻപ് പ്രീ–ക്വാർട്ടറിൽ മാരത്തൺ താരം എലിയൂദ് കിപ്ചോഗിനെയും ക്വാർട്ടറിൽ ക്രിസ്റ്റ്യാനോയെയും സെമിയിൽ ടെന്നിസ് താരം റോജർ ഫെഡററെയും നദാൽ വീഴ്ത്തി.

ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്, മോട്ടോ ജിപി ബൈക്ക് റൈഡിങ് താരം മാർക് മാർക്വെസ്, നീന്തൽ താരം മൈക്കൽ ഫെൽപ്സ് എന്നിവരെയാണ് മെസ്സി മറികടന്നത്.

അത്‌ലീറ്റുകളായ ഉസൈൻ ബോൾട്ട്, മോ ഫറാ, ബാസ്കറ്റ് ബോൾ താരങ്ങളായ സ്റ്റീഫൻ കറി, ലെബ്രോൺ ജയിംസ്, ഫോർമുല വൺ കാറോട്ട താരങ്ങളായ ലൂയിസ് ഹാമിൽട്ടൻ, സെബാസ്റ്റ്യൻ വെറ്റൽ, ബോക്സിങ് താരം ഫ്ലോയ്ഡ് മെയ്‌വെതർ, സൈക്ലിങ് താരം ക്രിസ് ഫ്രൂം എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന മറ്റു കായികതാരങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com