ADVERTISEMENT

സിഡ്നി ∙ ടെന്നിസ് ചരിത്രം ഇതുവരെ കാണാത്ത പുത്തൻ ടീം ചാംപ്യൻഷിപ്പിനു നാളെ മുതൽ ലോകം സാക്ഷ്യം വഹിക്കും. നാളെ മുതൽ 12 വരെ ഓസ്ട്രേലിയയിലെ 3 വൻ നഗരങ്ങളിലായി 24 രാജ്യങ്ങളിലെ പ്രമുഖ താരങ്ങൾ എടിപി കപ്പിൽ ഏറ്റുമുട്ടുമ്പോൾ പുരുഷ ടെന്നിസ് സീസൺ കാത്തിരിക്കുന്നത് ആവേശകരമായ തുടക്കത്തിന്. ടീമുകളായിട്ടാണു മത്സരം.

ഓരോ മത്സരത്തിലും 2 സിംഗിൾസും ഒരു ഡബിൾസുമുണ്ടാകും. വിജയികളെ കാത്തിരിക്കുന്നതു വൻ സമ്മാനത്തുകയാണ്. ഫുട്ബോളിലേതുപോലെ വിഎആർ സംവിധാനം ഉണ്ടാവും. 2012ൽ ലോക ടീം കപ്പ് നടന്നശേഷം ഇതാദ്യമായാണ് അത്തരമൊരു ടീം ടൂർണമെന്റ് ടെന്നിസിൽ നടക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച പുരുഷ താരത്തിന്റെ സിംഗിൾസ് റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഓരോ ടീമിനെയും ടൂർണമെന്റിലേക്കു തിരഞ്ഞെടുത്തത്. യുഎസ് ഓപ്പണിനുശേഷം റാങ്കിങ് അടിസ്ഥാനമാക്കി 18 രാജ്യങ്ങളെ തിരഞ്ഞെടുത്തു. എടിപി ഫൈനൽസ് നടന്ന സമയത്ത് ബാക്കി 6 ടീമുകളെയും തിരഞ്ഞെടുത്തു.

സൂപ്പർ പോര്

ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ (സ്പെയിൻ), നൊവാക് ജോക്കോവിച്ച് (സെർബിയ), അലക്സാണ്ടർ സ്വെരേവ് (ജർമനി), ഡൊമിനിക് തീയെം (ഓസ്ട്രിയ), ഡാനിൽ മെദ്‌വദേവ് (റഷ്യ), സ്റ്റെഫാനോസ് സിറ്റ്സിപാസ് (ഗ്രീസ്) തുടങ്ങിയവരെല്ലാം കോർട്ടിലുണ്ടാകും. എന്നാൽ ആൻഡി മറെ (ബ്രിട്ടൻ), കെയ് നിഷികോറി (ജപ്പാൻ) എന്നിവർ പരുക്കുമൂലം കളിക്കുന്നില്ല. റോജർ ഫെഡററും കളിക്കാനില്ല.

മുൻതാരങ്ങളും

നോൺപ്ലെയിങ് ക്യാപ്റ്റൻമാരായി മുൻതാരങ്ങളുമുണ്ട്. ബോറിസ് ബെക്കർ (ജർമനി), മാരറ്റ് സഫിൻ (റഷ്യ), ടിം ഹെൻമൻ (ബ്രിട്ടൻ), ലെയ്റ്റൻ ഹ്യുവിറ്റ് (ഓസ്ട്രേലിയ), തോമസ് മസ്റ്റർ (ഓസ്ട്രിയ) എന്നിവരാണു വിവിധ ടീമുകൾക്കൊപ്പമുള്ളത്.

മത്സരക്രമം

സിഡ്നി, പെർത്ത്, ബ്രിസ്ബെയ്ൻ എന്നീ 3 നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 24 ടീമുകൾ 6 ഗ്രൂപ്പുകളിലായി ഇറങ്ങും. റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് ആദ്യ റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലും വച്ച് ഏറ്റവും മികച്ച 2 രണ്ടാം സ്ഥാനക്കാരും ക്വാർട്ടറിൽ കടക്കും.

ഗ്രൂപ്പ് എ: സെർബിയ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ചിലെ
ഗ്രൂപ്പ് ബി: സ്പെയിൻ, ജപ്പാൻ, ജോർജിയ, യുറഗ്വായ്
ഗ്രൂപ്പ് സി: ബൾഗേറിയ, ബൽജിയം, ബ്രിട്ടൻ, മൊൾഡോവ
ഗ്രൂപ്പ് ഡി: റഷ്യ, ഇറ്റലി, യുഎസ്എ, നോർവേ
ഗ്രൂപ്പ് ഇ: ഓസ്ട്രിയ, ക്രൊയേഷ്യ, അർജന്റീന, പോളണ്ട്
ഗ്രൂപ്പ് എഫ്: ജർമനി, ഗ്രീസ്, കാനഡ, ഓസ്ട്രേലിയ

സീസൺ മുഴുവൻ വ്യക്തിഗത ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തശേഷം ഇത്തരമൊരു ചാംപ്യൻഷിപ്പിൽ സ്വന്തം നാടിനായി മത്സരിക്കുന്നതു പ്രത്യേക വികാരമാണ്.

106 കോടി രൂപ പ്രൈസ്മണി!

ചാംപ്യൻഷിപ്പിലെ ആകെ സമ്മാനത്തുക കോടികൾ വരും. 1.5 കോടി യുഎസ് ഡോളറാണ് (ഏകദേശം 106 കോടി രൂപ) മത്സരിക്കുന്ന ടീമുകളെ കാത്തിരിക്കുന്നത്. എടിപി റാങ്കിങ്ങിൽ പോയിന്റും കൂടും.

English Summary: ATP Cup Tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com