ADVERTISEMENT

മെൽബൺ ∙ റോഡ് ലേവർ അരീനയിൽനിന്നു തിരിച്ചു നടക്കുമ്പോൾ മരിയ ഷറപ്പോവയോടു മാധ്യമപ്രവർത്തക‍ർ ചോദിച്ചു:  അടുത്ത വർഷം ഓസ്ട്രേലിയൻ ഓപ്പണിന് ഉണ്ടാകില്ലേ? 

അഞ്ചു ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയതിന്റെ ആരവങ്ങളുടെ ഓർമയിലും, വിഷാദം മറച്ചുവയ്ക്കാതെ ഷറപ്പോവ പറഞ്ഞു: ‘ഇല്ല, എനിക്കു നിശ്ചയമില്ല. ഇവിടം മുതൽ ഇനിയങ്ങോട്ട് എന്താണു വേണ്ടതെന്ന് എനിക്കൊരു ധാരണയുമില്ല’! 

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി മുപ്പത്തിരണ്ടുകാരി മരിയ ഷറപ്പോവ മടങ്ങുന്നു. ക്രൊയേഷ്യയുടെ യുവതാരം ഡോണ വെകിച്ചിനോടു നേരിട്ടുള്ള സെറ്റുകൾക്കു തോൽവി. സ്കോർ: 3-6, 4-6. 145–ാം റാങ്കുകാരിയായ ഷറപ്പോവ വൈൽഡ് കാർഡ് എൻട്രിയിലാണ് ഓസ്ട്രേലിയൻ ഓപ്പണിനെത്തിയത്. ഈ തോൽവിയോടെ 350നും താഴെയുള്ള റാങ്കിലേക്ക് ഷറപ്പോവ വീഴുമെന്നുറപ്പ്. ഗ്രാൻസ്ലാം ടൂർണമെന്റിൽ മൂന്നാം തവണയാണ് റഷ്യൻ താരം ആദ്യറൗണ്ടിൽ പുറത്താവുന്നതെങ്കിലും ഈ തോൽവി ഷറപ്പോവയുടെ കരിയറിന്റെ തന്നെ അവസാനമായേക്കുമെന്നാണു സൂചന. 

കഴിഞ്ഞ വർഷം തോളിനു പരുക്കേറ്റതിനെത്തുടർന്നാണ് ഷറപ്പോവയ്ക്കു ഇടക്കാലത്തു കളത്തിൽനിന്നു മാറിനിൽക്കേണ്ടി വന്നത്. 

സെപ്റ്റംബറിൽ യുഎസ് ഓപ്പണിൽ സെറീന വില്യംസിനെതിരെ ആദ്യറൗണ്ടിൽ പരാജയപ്പെട്ട ശേഷം മത്സര ടെന്നിസിൽ ഷറപ്പോവ വീണ്ടുമിറങ്ങിയത് ഇവിടെയായിരുന്നു. 2008ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ഷറപ്പോവ 2016ൽ നിരോധിത മരുന്നിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയതിനെത്തുടർന്നു വിലക്കു നേരിട്ട താരമാണ്. 

nick-kyrgios
ആഹാ.. കളറായിട്ടുണ്ട്! ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ആദ്യ റൗണ്ട് പോരാട്ടം ജയിച്ച നിക്ക് കിർഗിയോസിന്റെ ആഹ്ലാദം. പലനിറങ്ങളോടു കൂടിയ ഷോർട്സും പിങ്ക് പോളോ ടീഷർട്ടും ധരിച്ചെത്തിയ കിർഗിയോസിന്റെ വേഷധാരണം ഇന്നലെ മെൽബൺ പാർക്കിൽ ചർച്ചയായി. വിവിധനിറങ്ങളിലുള്ള വേഷം ധരിക്കാൻ അനുവാദമുള്ള ഓസ്ട്രേലിയൻ ഓപ്പൺ മിക്ക താരങ്ങളും തങ്ങളുടെ ഫാഷൻ പ്രഖ്യാപനങ്ങൾക്കായി ഉപയോഗിക്കാറുണ്ട്.

തിരിച്ചുവരവു ലക്ഷ്യമിട്ടാണ് ഇത്തവണ മത്സരത്തിനിറങ്ങിയതെങ്കിലും പഴയ പോരാട്ടവീര്യത്തിന്റെ മിന്നലാട്ടങ്ങൾ മാത്രമേ ഷറപ്പോവയ്ക്കു പുറത്തെടുക്കാനുയുള്ളൂ. 36 മിനിറ്റിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ താരം രണ്ടാം സെറ്റിൽ 4–1നു വരെ മുന്നിലായിരുന്നു. പിന്നീടു തുടർച്ചയായി പിഴവുകൾ വരുത്തി കീഴടങ്ങുകയും ചെയ്തു.  

നദാൽ തുടങ്ങി 

മെൽബൺ ∙ റോജർ ഫെഡററുടെ പേരിലുള്ള 20 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന റെക്കോർഡിന് ഒപ്പമെത്താനുള്ള കുതിപ്പിൽ സ്പാനിഷ് താരം റാഫേൽ നദാലിനു മികച്ച തുടക്കം. ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ മുപ്പത്തിമൂന്നുകാരൻ നദാൽ സീഡ് ചെയ്യപ്പെടാത്ത ബൊളീവിയൻ താരം ഹ്യൂഗോ ഡെല്ലിയനെ അനായാസം കീഴടക്കി (6-2, 6-3, 6-0). ലോകടെന്നിസിന്റെ ഭാവിവാഗ്ദാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന നാലാം സീഡ് ഡാനിൽ മെദ്മദേവും ആദ്യ റൗണ്ടിൽ ജയം നേടി. അമേരിക്കൻ താരം ഫ്രാൻസിസ് തിയാഫോയെയാണ് റഷ്യൻ താരം തോൽപിച്ചത്. സ്കോർ: 6-3, 4-6, 6-4, 6-2. 

ബീച്ചിൽ പോകുന്ന അതേ ലാഘവത്തോടെ മെൽബൺ അരീനയിൽ റാക്കറ്റുമായെത്തിയ ഓസ്ട്രേലിയക്കാരൻ നിക്ക് കിർഗിയോസ് 6-2, 7-6(3), 7-6(1)ന്  ലോറെൻസോ സൊനേഗോയെ തോൽപിച്ച് രണ്ടാം റൗണ്ടിലെത്തി. ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിന് ആദ്യം മുന്നിട്ടിറങ്ങി ഹീറോയായി മാറിയ കിർഗിയോസ് പലനിറങ്ങളിലുള്ള ഷോർട്സും പിങ്ക് നിറത്തിലുള്ള പോളോ ടീഷർട്ടും ധരിച്ചാണ് കളത്തിലിറങ്ങിയത്. മുൻപു രണ്ടു ഗ്രാൻസ്ലാം ടൂർണമെന്റുകളുടെ ആദ്യറൗണ്ടിൽ പുറത്തായ കയ്പേറിയ ഓർമകൾ സ്വന്തമായുള്ള അഞ്ചാം സീഡ് ഡൊമിനിക് തീം  മെൽബൺ പാർക്കിൽ ഇത്തവണ ആ ദുർവിധിക്കു കാത്തുനിന്നില്ല. ഫ്രാൻസിന്റെ അഡ്രിയാൻ മന്നാരിനോയെ  6-3, 7-5, 6-2ന് ഓസ്ട്രിയൻ താരം കീഴടക്കി. 

വനിതകളിൽ, റുമേനിയയുടെ നാലാം സീഡ് സിമോണ ഹാലെപ് 7-6(5) 6-1ന് അമേരിക്കക്കാരി ജെന്നിഫർ ബ്രാഡിയെ കീഴടക്കി. ആദ്യ സെറ്റ് കളിക്കുന്നതിടെ കൈക്കുഴയ്ക്കു പരുക്കേറ്റ ഹാലെപ്പ് ഇടയ്ക്കു വൈദ്യശുശ്രൂഷയ്ക്കു വിധേയയായിരുന്നു.  രണ്ടാം സീഡ് ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവ 6-1 7-5ന് ഫ്രഞ്ച് താരം ക്രിസ്റ്റിന മ്ലാഡെനോവിച്ചിനെ തോൽപിച്ചു.  

പ്രജ്നേഷ് പുറത്ത്; ‘ജോക്കോ ഭാഗ്യ’മില്ല  

മെൽബൺ ∙ നൊവാക് ജോക്കോവിച്ചിനെതിരെ മത്സരിക്കാനുള്ള സുവർണാവസരം ഇന്ത്യയുടെ പ്രജ്നേഷ് ഗുണേശ്വരനു നഷ്ടമായി. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ പ്രജ്നേഷ് പുറത്തായി. 122–ാം റാങ്കുകാരനായ പ്രജ്നേഷ് തന്നെക്കാൾ 22 റാങ്ക് പിന്നിലുള്ള ജപ്പാൻ താരം റാറ്റ്സുമ ഇറ്റോയോടാമു തോൽവി സമ്മതിച്ചത്.

സ്കോർ: 4-6 2-6 5-7. നേരത്തെ, യോഗ്യതാ മത്സരം പരാജയപ്പെട്ട ഗുണേശ്വരന്, മറ്റൊരു താരം പിൻമാറിയതിന്റെ പേരിലാണ് അവസരം കിട്ടിയത്. ആദ്യ റൗണ്ട് ജയിച്ചിരുന്നെങ്കിൽ പ്രജ്നേഷിനു രണ്ടാം റൗണ്ടിൽ സെർബിൻ താരം നൊവാക് ജോക്കോവിച്ചിനെ നേരിടാമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com