ADVERTISEMENT

ഇന്ത്യൻ ടെന്നിസ് താരം പ്രജ്നേഷ് ഗുണേശ്വരന്റെ കോച്ചും മലയാളിയുമായ ബാലചന്ദ്രൻ മാണിക്കത്ത് മെൽബണിലെ ഓസ്ട്രേലിയൻ ഓപ്പൺ വേദിയിൽ നിന്ന് ‘മനോരമ’യോടു സംസാരിക്കുന്നു...

‘റോഡ് ലേവർ അരീനയിൽ നൊവാക് ജോക്കോവിച്ചിനെ നേരിടുക എന്ന സ്വപ്നസമാനമായ നേട്ടമാണ് പ്രജ്നേഷിനു നഷ്ടമായത്. പക്ഷേ, ഞാൻ അവന്റെ കളിയിൽ തൃപ്തനാണ്’– ഓസ്ട്രേലിയൻ ഓപ്പൺ ഒന്നാം റൗണ്ടിൽ മത്സരിച്ച ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരന്റെ കോച്ചും മലയാളിയുമായ ബാലചന്ദ്രൻ മാണിക്കത്ത് ശിഷ്യനിലുള്ള വിശ്വാസം കൈവിടുന്നില്ല. നിലവിൽ പ്രജ്നേഷിന്റെ എടിപി റാങ്ക് 122 ആണ്. കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം 75–ാം റാങ്ക് വരെ എത്തിയിരുന്നു. 

  ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിലേക്ക് പ്രജ്നേഷിനെ എത്തിച്ചതിന്റെ പങ്ക് 2018 മുതൽ അദ്ദേഹത്തെ പരിശീലിപ്പിക്കുന്ന ബാലചന്ദ്രനും അവകാശപ്പെടാം. 

   പ്രജ്നേഷിനെക്കുറിച്ചും ഇന്ത്യൻ ടെന്നിസിനെക്കുറിച്ചും ബാലചന്ദ്രൻ മെൽബണിൽ നിന്ന് ‘മനോരമ’യോടു സംസാരിക്കുന്നു.

പ്രജ്നേഷിന്റെ ഫൈനൽ റൗണ്ട് പ്രവേശനം  അപ്രതീക്ഷിതമായിരുന്നല്ലോ..?

യോഗ്യതാ റൗണ്ടിലെ അവസാന കളി തോറ്റെങ്കിലും യോഗ്യത നേടിയ ഒരു താരം പിന്മാറിയതിനെത്തുടർന്നു ലക്കി ലോസർ എന്ന നിലയ്ക്കാണ് പ്രജ്നേഷ് ഫൈനൽ റൗണ്ടിലെത്തിയത്. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ടു കളികൾ പ്രജ്നേഷ് വിജയിച്ചതു തുണയായി. 

ആദ്യ റൗണ്ട് പ്രകടനത്തിന്റെ വിലയിരുത്തൽ..

ഒന്നാം റൗണ്ടിൽ ജപ്പാന്റെ ടാട്സുമോ ഇട്ടോയോടു ശക്തമായ പോരാട്ടമാണ് പ്രജ്നേഷ് കാഴ്ചവച്ചത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു. എന്നാൽ, വലിയ ടൂർണമെന്റുകളിലെ സമ്മർദ്ദം അതിജീവിക്കുന്നതിൽ ഇട്ടോ വിജയിച്ചു. പ്രജ്നേഷിനു സ്ഥിരം പോയിന്റുകൾ നൽകിയിരുന്ന ശക്തമായ ഫോർഹാൻഡുകളും സർവുകളും മിക്കപ്പോഴും പിഴയ്ക്കുകയും ചെയ്തു.

ജയിച്ചിരുന്നെങ്കിൽ ജോക്കോവിച്ചിനെ നേരിടാമായിരുന്നു..

റോഡ് ലേവർ അരീനയിൽ ജോക്കോവിച്ചിനെ പോലൊരാളോടു കളിക്കുക എന്നത് ഏതൊരു ടെന്നിസ് താരവും ആഗ്രഹിക്കുന്ന ഒന്നാണ്. ലോകമെങ്ങുമുള്ള ടെന്നിസ് പ്രേമികൾ ജോക്കോയുടെ എതിരാളിയെ ശ്രദ്ധിക്കും എന്നതുറപ്പാണ്. എന്നാൽ, അതു സാധിക്കാ‍ഞ്ഞതിൽ എനിക്കു നിരാശയില്ല. ഇനിയും അവസരങ്ങൾ ലഭിക്കും.

ഓസ്ട്രേലിയൻ ഓപ്പൺ പ്രതീക്ഷകൾ...

ജോക്കോവിച്ച് കിരീടം നേടുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. എന്നാൽ വേഗമേറിയ ഇത്തരം കോർട്ടുകളിൽ ഫെഡററെയും നദാലിനെയും എഴുതിത്തള്ളാനും സാധിക്കില്ല. ദൈർഘ്യമേറിയ മത്സരങ്ങൾ കളിക്കാതെ ഫെഡറർ സെമിഫൈനൽ വരെയെത്തിയാൽ അദ്ദേഹത്തിനു കിരീടസാധ്യതയുണ്ട്. യുവതലമുറയിൽ സ്വെരേവും സിറ്റ്സിപ്പാസും ഉടൻ തന്നെ ഗ്രാൻസ്‌ലാമുകൾ നേടുമെന്നും കരുതുന്നു.

സാനിയയുടെ തിരിച്ചുവരവ്..

ഇന്ത്യയിൽ ഒട്ടേറെ കുട്ടികളെ ടെന്നിസിലേക്കെത്തിച്ച താരമാണ് സാനിയ. ഒരു ഡബ്ലുടിഎ ടൂർണമെന്റ് വിജയിക്കുക എന്നത് ഒട്ടും എളുപ്പമല്ല. നിശ്ചയദാർഡ്യവും ആത്മവിശ്വാസവുമാണ് എക്കാലവും അവരുടെ കൈമുതൽ. ഏതു പ്രായത്തിലും അവർ അതു നിലനിർത്തും.

30 വർഷമായി ബാലചന്ദ്രൻ മാണിക്കത്ത് കോച്ചിങ് രംഗത്തുണ്ട്. ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ്. ബെംഗളൂരുവിലാണ് താമസം.

ഇന്ത്യയിലെ ടെന്നിസ്..

‍‍ഡിജിറ്റൽ കാലത്ത് ഇന്ത്യയിലെ യുവതലമുറയ്ക്കിടയിൽ ടെന്നിസിന്റെ പ്രചാരം വർധിക്കുന്നുണ്ട്. എന്നാൽ, കൂടുതൽ താരങ്ങൾ  വരുന്നുണ്ടോ എന്നു സംശയമാണ്. വളരെ ചെലവേറിയ ഗെയിം ആണിത്. അസോസിയേഷനുകൾ മുൻകയ്യെടുത്ത് സ്വകാര്യ ഫണ്ടിങ് ലഭ്യമാക്കിയാലേ മികച്ച താരങ്ങൾ ഉണ്ടാകൂ.

ആയിരക്കണക്കിന് പ്രഫഷനൽ താരങ്ങളിൽ നിന്ന് ലോകത്തെ ആദ്യ 100 റാങ്കിൽ എത്തിയ പ്രജ്നേഷിന് പോലും ഒരു സ്പോൺസർ ഇല്ല എന്നതാണ് വാസ്തവം. മിക്ക ടൂർണമെന്റുകൾക്കും സ്വന്തം ചെലവിൽ പോകണം. കോച്ചുകളെയും സപ്പോർട്ടിങ് സ്റ്റാഫിനെയും സ്വന്തം ചെലവിൽ നിയമിക്കണം. ബാഡ്മിന്റനിലും മറ്റും ഉള്ളതു പോലെ ദേശീയ തലത്തിൽ ഒരു ടെന്നിസ് ലീഗ് തുടങ്ങുകയാണെങ്കിൽ കാര്യങ്ങൾക്കു മാറ്റം വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com