ADVERTISEMENT

മെൽബൺ ∙ അമ്മയായതിനുശേഷമുള്ള തിരിച്ചുവരവിലെ ആദ്യ ഗ്രാൻഡ്സ്‌ലാം കിരീടത്തിനായി സാനിയ മിർസ ഇനിയും കാത്തിരിക്കണം. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യറൗണ്ട് മത്സരത്തിനിടെ പരുക്കു വഷളായതിനെത്തുടർന്ന് സാനിയ പിൻമാറി. സാനിയയും യുക്രെയ്ൻ പങ്കാളി നാദിയ കിച്നോക്കും ചൈനീസ് സഖ്യമായ ഷിൻയുൻ യാൻ–ലിൻ ഷു എന്നിവരോട് 2–ാം സെറ്റിൽ 0–1നു പിന്നിൽ നിൽക്കെ സാനിയയെ തുടയിലെ പരുക്ക് അലട്ടുകയായിരുന്നു. ആദ്യ സെറ്റ് സാനിയ–നാദിയ സഖ്യം 2–6നു കൈവിട്ടിരുന്നു. 

ഈ മാസം കിരീടം ചൂടിയ ഹോബർട് കപ്പ് ഫൈനലിനിടെയാണു സാനിയയ്ക്കു പരുക്കേറ്റത്. അതുമൂലം ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസിൽനിന്നു നേരത്തേതന്നെ താരം പിൻമാറിയിരുന്നു. പരുക്കിൽനിന്നു പൂർണമായും മോചിതയാകാൻ രണ്ടാഴ്ചയോളം വിശ്രമം വേണ്ടി വരുമെന്നുസാനിയ പറഞ്ഞു. അടുത്ത മാസം ദുബായ് ഓപ്പണിൽ തിരിച്ചെത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും പറഞ്ഞു. 

നദാലിന്റെ കിസ് ഓഫ് വിൻ..!

പുരുഷ സിംഗിൾസിൽ അർജന്റീനയുടെ ഫെഡറിക്കോ ഡെൽബോണിസിനെതിരെ റാഫേൽ നദാലിന്റെ മത്സരം അവിസ്മരണീയമായെങ്കിലും മത്സരത്തിനിടെ മറ്റൊരു ദൃശ്യം ആരാധകരെ ആരവങ്ങളിലാഴ്ത്തി. 3–ാം സെറ്റിൽ നദാൽ അടിച്ചകറ്റിയ പന്ത് കോർട്ടിനു പുറത്തു നിൽക്കുകയായിരുന്ന ബോൾ ഗേളിന്റെ തലയിൽ കൊള്ളുകയായിരുന്നു.

ഓടിയെത്തി പെൺകുട്ടിയെ ആശ്വസിപ്പിച്ച നദാൽ കവിളിൽ മുത്തവും നൽകി. ലോക 76–ാം റാങ്കുകാരനായ ഡെൽബോണിസിനെതിരെ 6–3,7–6,6–1 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. സ്റ്റാൻ വാവ്‌റിങ്ക, നിക് കിർഗിയോസ്, അലക്സാണ്ടർ സ്വെരേവ്, ഡൊമിനിക് തീം, ഡാനിൽ മെദ്‌വദേവ് എന്നിവരും 2–ാം റൗണ്ട് ജയിച്ചു. വനിതകളിൽ എലിന സ്വിറ്റോലിന, സിമോണ ഹാലെപ്, ആഞ്ചെലിക് കെർബർ, ഗാർബൈൻ മുഗുരുസ, ബെലിൻഡ ബെൻസിച്ച് എന്നിവർ ജയിച്ചു കയറി. 

തീ, വെള്ളം, ഇപ്പോ പൊടിയും..!

കാട്ടുതീയിൽ നിന്നു കഷ്ടിച്ചു ‘രക്ഷപ്പെട്ട’ ഓസ്ട്രേലിയൻ ഓപ്പണിനെ വലച്ച് മഴയും ചെളിയും. ഇന്നലെ പെയ്ത കനത്ത മഴയിൽ ഔട്ട്സൈഡ് കോർട്ടുകളിൽ ചെളി കയറി. വൃത്തിയാക്കാൻ സമയമെടുത്തതിനാൽ ഇവിടെ മത്സരങ്ങൾ വൈകി. എന്നാൽ, പ്രധാന കോർട്ടുകളായ റോഡ് ലേവർ അരീന, മാർഗരറ്റ് കോർട്ട് അരീന, മെൽബൺ അരീന എന്നിവയിൽ മത്സരം തടസ്സപ്പെട്ടില്ല. 

English Summary: Sania Mirza, who partnered with Nadiia Kichenok, was trailing in the 2nd set before she was forced to retire with a calf injury in the 1st-round match at the Australian Open.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com