ADVERTISEMENT

മെൽബൺ ∙ ‘സ്വിറ്റ്സർലൻ‍ഡിൽ സ്കീയിങ് നടത്തേണ്ട ഞാൻ ഇവിടെയെത്തിയല്ലോ എന്ന ആശ്വാസത്തോടെ എനിക്കു സെമി ഫൈനൽ‌ കളിക്കാം..’– അമേരിക്കൻ താരം ടെന്നിസ് സാൻഡ്ഗ്രെനെതിരെ ഓസ്ട്രേലിയൻ ഓപ്പണിൽ അവിശ്വസനീയമായി രക്ഷപ്പെട്ട ശേഷം റോജർ‌ ഫെഡററുടെ വാക്കുകൾ. ലോക നൂറാം നമ്പർ താരത്തിനെതിരെ തോൽവിയുടെ വക്കിലെത്തിയ ശേഷമാണ് മൂന്നാം നമ്പർ താരം ഫെഡറർ ‘നാട്ടിലേക്കുള്ള റിട്ടേൺ ടിക്കറ്റ് ക്യാൻസൽ ചെയ്ത്’ ജയിച്ചു കയറിയത് (6–3,2–6,2–6,7–6,6–3). അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ ഫെഡറർ മാച്ച് പോയിന്റിൽ നിന്നു രക്ഷപ്പെട്ടത് ഏഴു വട്ടം! എന്നാൽ കടുത്ത പോരാട്ടത്തിനു ശേഷവും ഫെഡറർക്ക് ആശ്വസിക്കാനോ വിശ്രമിക്കാനോ അധികനേരമില്ല. വ്യാഴാഴ്ച സെമി ഫൈനലിൽ കാത്തു നിൽക്കുന്നത് സാക്ഷാൽ നൊവാക് ജോക്കോവിച്ച്. കനേഡിയൻ താരം മിലോസ് റാവോണികിനെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് (6–4,6–3,7–6) രണ്ടാം റാങ്കുകാരനായ ജോക്കോവിച്ച് സെമിയിലെത്തിയത്. ഇന്ന്, മറ്റു ക്വാർട്ടർ ഫൈനലുകളിൽ വാവ്റിങ്ക സ്വെരേവിനെയും നദാൽ തീമിനെയും നേരിടും. 

നാടകാന്തം ഫെഡറർ

മൂന്നാം റൗണ്ടിൽ ജോൺ മിൽമാനെതിരെ അഞ്ചു സെറ്റ് നീണ്ട  പോരാട്ടത്തിൽ ജയിച്ചു കയറിയ ഫെഡറർക്ക് അതിലും കടുപ്പമേറിയതായി ഇന്നലത്തെ പോരാട്ടം. ആദ്യ സെറ്റ് നേടിയ ഫെഡറർ ഇത്തവണ അനായാസം ജയിക്കുമെന്ന് ആരാധകർ പ്രത്യാശിച്ചെങ്കിലും സാൻഡ്ഗ്രെൻ വിട്ടില്ല. രണ്ടും മൂന്നും സെറ്റുകൾ സാൻഡ്ഗ്രെൻ സ്വന്തമാക്കിയത് 6–2ന്. നിർണായകമായ നാലാം സെറ്റിൽ തോൽവിക്കു തൊട്ടരികെ ഫെഡറർ ഉയിർത്തെഴുന്നേറ്റു.  4–5നു പിന്നിൽ നിൽക്കെ മൂന്നു മാച്ച് പോയിന്റുകളിൽ നിന്നു രക്ഷപ്പെട്ട ഫെഡറർ ടൈബ്രേക്കറിൽ നാലു വട്ടം കൂടി അതിജീവിച്ചു. ഒടുവിൽ 10–8ന് ടൈബ്രേക്കറും സെറ്റും സ്വന്തം. അവിസ്മരണീയമായൊരു വിജയം കൈവിട്ട നിരാശയോടെ സാൻഡ്ഗ്രെൻ തളർന്നതോടെ അഞ്ചാം സെറ്റ് 6–3ന് ഫെഡറർ സ്വന്തമാക്കി. 

ബാർട്ടി പാർട്ടി

വനിതാ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ആതിഥേയ താരമായ ആഷ്‌ലി ബാർട്ടി സെമി ഫൈനലിലേക്കു മുന്നേറിയത് (7–6,6–2). അമേരിക്കയുടെ സോഫിയ കെനിനാണ് സെമിയിൽ ബാർട്ടിയുടെ എതിരാളി. ഗ്രാൻസ്ലാം ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതാ താരം എന്ന നേട്ടം സ്വന്തമാക്കിയ തുനീസിയയുടെ ഒൻസ് ജാബിയൂറിനെയാണ് കെനിൻ തോൽപിച്ചത് (6–4,6–4). സിമോണ ഹാലെപ്പ് അനെറ്റ് കോണ്ടവീറ്റിനെയും ഗാർബൈൻ മുഗുരുസ, അനസ്താസിയ പാവ്‌ലിചെങ്കോവയെയും നേരിടും. മിക്സ്ഡ് ഡബിൾസിൽ ലിയാൻഡർ പെയ്സും ലാത്വിയയുടെ ജെലേന ഒസ്റ്റാപെങ്കോയും രണ്ടാം റൗണ്ടിൽ പുറത്തായി. 

federer-umpair
ഫെഡററോടു കാര്യങ്ങൾ വിശദീകരിക്കുന്ന ചെയർ അംപയർ മരിയാന.

ഫെഡറർക്ക് താക്കീത് ; ജോക്കോയ്ക്ക് കണ്ണട പ്രശ്നം !

തുർച്ചയായ അഞ്ചു സെറ്റ് കളിക്കുമ്പോൾ ആർക്കായാലും നിയന്ത്രണം വിട്ടു പോവുക സ്വഭാവികം. ഇന്നലെ റോജർ ഫെഡറർക്കും അതും സംഭവിച്ചു. സ്വതവേ ‘കൂൾ മാൻ’ ആയി അറിയപ്പെടുന്ന ഫെഡറർ‌ക്ക് സാൻഡ്ഗ്രെനിനെതിരെ മൂന്നാം സെറ്റിലാണ് വാക്കു പിഴച്ചത്. ഫെഡറർ പറഞ്ഞ മോശം വാക്കുകേട്ട കേട്ട ലൈൻ ജഡ്ജ് അക്കാര്യം ചെയർ അംപയർ മരിയാന വെലിജോവിച്ചിനോടു പറഞ്ഞു. മരിയാന ഉടൻ ഫെഡററെ താക്കീതു ചെയ്തു. പിന്നാലെ ഫെഡറർ വൈദ്യ പരിശോധനയ്ക്കായി ബ്രേക്ക് എടുക്കുകയും ചെയ്തു. നാഭി ഭാഗത്തുള്ള വേദനയാണ് ഫെഡററെ വലച്ചത്. ഫെഡററുടെ എതിരാളി സാൻഡ്ഗ്രെനിനും ഒട്ടും സുഖകരമായിരുന്നില്ല മത്സരം. നാലാം സെറ്റിലെ ടൈബ്രേക്കറിനിടെ ഓടിയെത്തിയ ഒരു ബോൾ ഗേൾ സാൻഡ്ഗ്രെനുമായി കൂട്ടിയിടിച്ചു. വേദനിച്ചെങ്കിലും പെൺകുട്ടി മാപ്പു പറഞ്ഞതോടെ സാൻഡ്ഗ്രെൻ അക്കാര്യം വിട്ടു. 

മിലോസ് റാവോണികിനെതിരെ ജയിച്ചു കയറിയെങ്കിലും തന്റെ കോൺടാക്റ്റ് ലെൻസ് പ്രശ്നം നൊവാക് ജോക്കോവിച്ചിനും തലവേദനയായി. മൂന്നാം സെറ്റിൽ സ്കോർ 4–4ൽ നിൽക്കുമ്പോഴാണ് ജോക്കോ ലെൻസിന്റെ പ്രശ്നം മൂലം കണ്ണു കാണുന്നില്ല എന്നു പറഞ്ഞ് ബ്രേക്ക് എടുത്തത്. പുതിയ ലെൻസിനായി തന്റെ ബോക്സിലേക്കു പോകാൻ ബോൾ ബോയിയെ ആവശ്യപ്പെട്ട ജോക്കോ പിന്നീട് കണ്ണിൽ മരുന്നൊഴിച്ചു തിരിച്ചു വന്നു. എന്നാൽ, ജോക്കോവിച്ചിന്റെ അപ്രതീക്ഷിത ബ്രേക്ക് റാവോണിക്കിനെ ചൊടിപ്പിച്ചു. 

djoko-lens
ജോക്കോവിച്ച് കണ്ണിൽ മരുന്നൊഴിക്കുന്നു.

 പരാതി പറഞ്ഞ റാവോണികിനെ ചെയർ അംപയർ സമാധാനിപ്പിക്കുകയായിരുന്നു. മത്സരശേഷം ജോക്കോവിച്ച് റാവോണിക്കിനോട് ക്ഷമ പറഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ പ്രിയ സുഹൃത്ത് ബാസ്കറ്റ്ബോൾ താരം കോബി ബ്രയാന്റിന്റെ ഓർമകളിൽ ജോക്കോ വിതുമ്പുകയും ചെയ്തു. 

English Summary: Roger Federer, Ashleigh Barty Enters Australian Open 2020 Semi Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com