ADVERTISEMENT

മെൽബൺ ∙ ലോകത്തെ മറ്റേതൊരു മനുഷ്യനോടുമായിരുന്നെങ്കിൽ റോ‍ജർ ഫെഡറർ ഈ മത്സരം ജയിച്ചേനെ; പക്ഷേ, കോർട്ടിനപ്പുറത്ത് നൊവാക് ജോക്കോവിച്ച് എന്ന സൂപ്പർമാൻ ആയിപ്പോയി! ഫെഡററുടെ ‘മനുഷ്യപ്പറ്റുള്ള’ കളിയെ ഒരു റോബട്ടിന്റെ കൃത്യതയോടെ നിഷ്പ്രഭമാക്കി ജോക്കോ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. സ്കോർ 7–6,6–4,6–3. ഇന്നു നടക്കുന്ന അലക്സാണ്ടർ സ്വെരേവ്–ഡൊമിനിക് തീം സെമിഫൈനൽ വിജയികളെ ജോക്കോ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും. വനിതകളിൽ ആതിഥേയ താരം ആഷ്‌ലി ബാർട്ടിയെ അട്ടിമറിച്ച അമേരിക്കയുടെ സോഫിയ കെനിനും സിമോണ ഹാലെപ്പിനെ വീഴ്ത്തിയ ഗാർബൈൻ മുഗുരുസയും തമ്മിലാണ് ഫൈനൽ.

ജോക്കോ തീർത്തു

ക്വാർട്ടർ ഫൈനലിലെ അ‍ഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിന്റെ പകപ്പെല്ലാം മാറ്റിവച്ച് തന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന തുടക്കമായിരുന്നു ഫെഡററുടേത്. നീണ്ട റാലികൾക്കു നിൽക്കാതെ ഉജ്വലമായ വിന്നറുകളിലൂടെ സ്വിസ് താരം 4–1 എന്ന ലീഡിലേക്കു കുതിച്ചു. എന്നാൽ മൂന്ന് ബ്രേക്ക് പോയിന്റുകൾ ഫെഡറർ നഷ്ടമാക്കിയതോടെ ജോക്കോ കളിയിൽ തിരിച്ചെത്തി. ഫെഡററുടെ ആരാധകരെ നിശ്ശബ്ദരാക്കി സെർബ് താരം 6–6ന് ഒപ്പമെത്തി സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി. ലീഡ് കൈവിട്ടതിന്റെ മാനസികാഘാതത്തിൽനിന്ന് ഫെഡറർ പിന്നീട് കരകയറിയതേയില്ല. 

പാർട്ടി തീർന്നു

ഓസ്ട്രേലിയക്കാരിയായ ഒന്നാം സീഡ് ആഷ്‌ലി ബാർട്ടിയെ നാട്ടുകാരുടെ മുന്നിൽ വീഴ്ത്തിയാണ് യുഎസ്  താരം കെനിൻ ആദ്യമായി ഒരു ഗ്രാൻസ്‌ലാം ഫൈനലിലെത്തിയത്. സ്കോർ: 7–6,7–5. രണ്ടു ഗെയിമിലും സെറ്റ് പോയിന്റിൽനിന്നു രക്ഷപ്പെട്ടാണ് ഇരുപത്തിയൊന്നുകാരിയായ കെനിൻ ജയം പിടിച്ചു വാങ്ങിയത്. 

   നാലാം സീഡ് ഹാലെപ്പിനെതിരെ മുഗുരുസയുടെ ജയവും സമാനമായ സ്കോറിന്. മിക്സ്ഡ് ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ– യുക്രെയ്ൻ താരം നാദിയ കിച്നോക് സഖ്യം നിക്കോള മെക്റ്റിച്ച്–ബാർബറ ക്രെജിക്കോവ സഖ്യത്തോടു തോറ്റു (6–0,6–2).

50–ാമത്തെ പോരാട്ടം

റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും തമ്മിലുളള 50–ാമത്തെ പോരാട്ടമായിരുന്നു ഇന്നലത്തേത്. ജോക്കോവിച്ച് 27 മത്സരങ്ങളിൽ വിജയിച്ചു. ഫെഡറർ ഇരുപത്തിമൂന്നിലും. ഗ്രാൻസ്‌ലാം വേദികളിലും ജോക്കോവിച്ച് തന്നെ മുന്നിൽ (11–6). എല്ലാ ഗ്രാൻസ്‌ലാമുകളിലും ഫെഡററെ പരാജയപ്പെടുത്തിയ ഏക കളിക്കാരൻ ജോക്കോവിച്ചാണ്. 

ഓസ്ട്രേലിയൻ ഓപ്പണിൽ ഇരുവരും നേർക്കുനേർ വന്നത് 5 തവണ. 2007ൽ നാലാം റൗണ്ടിൽ ഫെഡറർ വിജയിച്ചു. എന്നാൽ 2008, 2011, 2016 വർഷങ്ങളിലെ സെമിഫൈനലുകളിൽ ജോക്കോവിച്ചിനായിരുന്നു ജയം. ഇന്നലെ മറ്റൊരു സെമി വിജയം കൂടി ജോക്കോ സ്വന്തമാക്കി.

English Summary: Novak Djokovic beats Roger Federer to reach Australian Open Men's final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com