ADVERTISEMENT

മെൽബൺ ∙ ന്യൂജനറേഷൻ പോരാട്ടത്തിൽ സീനിയോറിറ്റിക്കാണ് വില! നൊവാക് ജോക്കോവിച്ചിനെ ഗ്രാൻസ്‌ലാം ഫൈനലിൽ നേരിടാനുള്ള അവസരത്തിനായി കൈമെയ് മറന്നു പൊരുതി വീണ ശേഷം ഇരുപത്തിരണ്ടുകാരനായ അലക്സാണ്ടർ സ്വെരേവ് ഇരുപത്തിയാറുകാരനായ ഡൊമിനിക് തീമിനോട് ഇങ്ങനെ പറഞ്ഞു കാണും: ‘ചേട്ടൻ പോയി പൊളിച്ചടുക്ക്..!’ ഒട്ടും വിട്ടു കൊടുക്കാതെ പൊരുതിയ ‘ഇരുപതുകാരുടെ’ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ 3–6,6–4,7–6,7–6 എന്ന സ്കോറിനാണ് ഓസ്ട്രിയക്കാരനായ തീമിന്റെ ജയം.

ആദ്യ സെറ്റ് സ്വെരേവ് നേടി എന്നതിലും അവസാന രണ്ടു സെറ്റുകളും ടൈബ്രേക്കറിലേക്കു നീണ്ടു എന്നതിലുമുണ്ട് മത്സരത്തിന്റെ കടുപ്പം. നാളെ നടക്കുന്ന ഫൈനൽ മുപ്പത്തിരണ്ടുകാരനായ ജോക്കോവിച്ചിന് ഈസിയാവില്ലെന്നു ചുരുക്കം! 

ക്വാർട്ടർ ഫൈനലിൽ റാഫേൽ നദാലിനെതിരെ നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടം ജയിച്ച അതേ വീര്യം സ്വെരേവിനെതിരെയും തീമിനു പുറത്തെടുക്കേണ്ടി വന്നു. ആദ്യ സെറ്റിൽ അങ്കലാപ്പോടെയാണ് ഇരുവരും തുടങ്ങിയതെങ്കിലും പിന്നീട് നിയന്ത്രണത്തോടെ കളിച്ചത് സ്വെരേവിനു തുണയായി. ഇടയ്ക്കു വന്ന മഴയും തീമിന്റെ താളത്തെ ബാധിച്ചു

. 4–3ന് മുന്നിൽ കയറിയ സ്വെരേവ് തിരിഞ്ഞു നോക്കാതെ സെറ്റ് സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ സ്വെരേവ് ആയി ‘മുടിയനായ പുത്രൻ’. മൂന്നാം ഗെയിമിൽ രണ്ട് ഡബിൾ ഫോൾട്ടുകൾ വരുത്തിയ സ്വെരേവ് എതിരാളിക്കു ലീഡ് നൽകി. ബ്രേക്ക് ചെയ്ത് തിരിച്ചെത്തിയെങ്കിലും സ്വെരേവിന്റെ പിഴവുകൾ തുടർന്നു. തീ പാറുന്ന ഒരു എയ്‌സിൽ തീം സെറ്റ് സ്വന്തമാക്കുകയും ചെയ്തു. 

ബേസ്‌ലൈനിനു മുകളിലുള്ള റൂഫ് ലൈറ്റ് അണഞ്ഞതിനാൽ മൂന്നാം സെറ്റും തടസ്സപ്പെട്ടു. ഇത്തവണ അതു ബാധിച്ചത് സ്വെരേവിനെ.  റിട്ടേണുകളുമായി തീം താളത്തിലായെങ്കിലും പിടിച്ചു നിന്ന സ്വെരേവ് സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി. എന്നാൽ, സമ്മർദഘട്ടങ്ങളിലെ ധൈര്യം തീമിനെ തുണച്ചു. 7–3ന് ടൈബ്രേക്കറും സെറ്റും സ്വന്തം. നാലാം സെറ്റും ടൈബ്രേക്കറിലേക്കു നീണ്ടെങ്കിലും ഇത്തവണയും കഥ മാറിയില്ല.  രണ്ടു വിന്നറുകളിൽ ലീഡ് നേടിയ തീം ഒരു ക്രോസ് കോർട്ട് വോളിയിൽ കളിയും തീർത്തു. കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിലും നദാലിനു മുന്നിൽ കീഴടങ്ങിയ തീമിനു ഗ്രാൻസ്‌ലാം കിരീടം നേടാനുള്ള  അവസരമാണിത്.  

kenin-mugurusa
സോഫിയ കെനിൻ, മുഗുരുസ

വനിതകളിലും തലമുറ പോരാട്ടം 

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിലും തലമുറകളുടെ പോരാട്ടം. മെൽബണിൽ സീഡില്ലാ താരമായിട്ടാണ് എത്തിയതെങ്കിലും മുൻപ് രണ്ട് ഗ്രാൻഡ്സ്‌ലാം കിരീടങ്ങൾ (2016 ഫ്രഞ്ച് ഓപ്പൺ, 2017 വിമ്പിൾഡൻ) നേടിയിട്ടുള്ള താരമാണ് ഇരുപത്തിയാറുകാരിയായ മുഗുരുസ.

ഇരുപത്തിയൊന്നുകാരി സോഫിയ കെനിൻ ആവട്ടെ ആദ്യമായിട്ടാണ് ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിൽ പ്രീ ക്വാർട്ടറിനപ്പുറം പോകുന്നത്. എന്നാൽ, കഴിഞ്ഞ വർഷം മൂന്നു ഡബ്ല്യുടിഎ സിംഗിൾസ് കിരീടങ്ങൾ നേടിയ കെനിൻ ലോക റാങ്കിങ്ങിൽ 12–ാം റാങ്ക് വരെ എത്തിയിരുന്നു. നിലവിൽ 15–ാം സ്ഥാനത്താണ്. ലോക റാങ്കിങ്ങിൽ ഇപ്പോൾ 32–ാം സ്ഥാനത്തുള്ള മുഗുരുസ 2017ൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com