ADVERTISEMENT

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ജേതാവായ സോഫിയ കെനിന്റെ ഏഴാം വയസ്സിലെ ഒരു ചിത്രവും വിഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മു‍ൻ ബൽജിയൻ താരം കിം ക്ലൈസ്റ്റേഴ്സിന്റെ മുടിയിൽ സോഫിയ പിടിച്ചു നിൽക്കുന്നതാണ് ചിത്രം. അമേരിക്കൻ സൂപ്പർതാരം ആൻഡി റോഡിക്കിന്റെ സർവ് തനിക്കു റിട്ടേൺ ചെയ്യാൻ സാധിക്കുമെന്ന് സോഫിയ പറയുന്നതായി മറ്റൊരു വിഡിയോയും കാണാം. 7 വയസ്സുകാരി ‘സോന്യ’യുടെ ആ നിശ്ചയദാർഢ്യമാണ് കഴിഞ്ഞ ദിവസം റോഡ് ലേവർ അരീനയിൽ ഗ്രാൻസ്‌ലാം കിരീടമായി മാറിയത്.

sophia-kim
കിം ക്ലൈസ്റ്റേഴ്സിന്റെ മുടിയിൽ പിടിച്ചു നിൽക്കുന്ന സോഫിയ കെനിൻ. പഴയ ചിത്രം.

‘സ്വപ്നസാക്ഷാത്കാരം’– അഞ്ചാം വയസ്സ് മുതൽ താൻ കാണുന്ന സ്വപ്നം സഫലമായ ദിവസത്തെ വർണിക്കാൻ സോഫിയയ്ക്കു വാക്കുകൾ കിട്ടാതെ പോയതും വെറുതെയല്ല. മുൻപ് രണ്ടു തവണ ഗ്രാൻസ്‌ലാം കിരീടം നേടിയ ഗാർബൈൻ മുരുഗുസയെപ്പോലൊരു താരത്തിനെതിരെ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും തിരിച്ചുവന്ന് കിരീടം നേടിയ പ്രകടനം സോഫിയയുടെ പോരാട്ടവീര്യത്തിന് അടിവരയിടുന്നു. മൂന്നാം സെറ്റിലെ അഞ്ചാം ഗെയിമിൽ 3 ബ്രേക്ക് പോയിന്റുകൾക്ക് പിന്നിൽ നിൽക്കവേ, സോഫിയ തുടർച്ചയായി പായിച്ച 5 വിന്നിങ് ഷോട്ടുകൾ സമീപകാല വനിതാ ടെന്നിസിലെ മനോഹര നിമിഷങ്ങളായി വിലയിരുത്തപ്പെടുന്നു. വില്യംസ് സഹോദരിമാർക്കു ശേഷം മറ്റൊരു വനിതാതാരം യുഎസിലേക്ക് ഗ്രാൻഡ്സ്ലാം കിരീടമെത്തിക്കുന്നതും രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമാണ്.

റഷ്യൻ ജീൻ

‘ഞാൻ അമേരിക്കക്കാരിയാണ്..എന്നാൽ, കോർട്ടിൽ നിങ്ങൾ കാണുന്ന ആക്രമണോത്സുകതയുടെ കാരണം എന്റെ റഷ്യൻ ജീനുകളാണ്. റഷ്യൻ താരങ്ങളായ അന്ന കുർണിക്കോവയുടെയും മരിയ ഷറപ്പോവയുടെയും ശൈലിയാണ് ഞാൻ പിന്തുടരാൻ ശ്രമിക്കുന്നതും’– സോഫിയയുടെ വാക്കുകൾ. 1987ൽ റഷ്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണു സോഫിയയുടെ മാതാപിതാക്കൾ. സോഫിയ ജനിച്ചതും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ തന്നെ. കുടുംബം പിന്നീട് അമേരിക്കയിൽ തിരികെയെത്തി. 

പിതാവ് അലക്സാണ്ടർ തന്നെയാണ് സോഫിയയുടെ ആദ്യ പരിശീലകനും. കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ അലക്സാണ്ടർ ടാക്സി ഡ്രൈവറായി ജോലിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. ഇംഗ്ലിഷ് പോലുമറിയാതെ അന്ന് ഏറെ കഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ, മകളുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം മൂന്നാം വയസ്സ് മുതൽ അവളെ ടെന്നിസ് പരിശീലനത്തിനയച്ചു തുടങ്ങി.

വനിതാ ടെന്നിസിൽ വരവറിയിച്ച ആഷ്‌ലി ബാർട്ടി, നവോമി ഒസാക, ബിയാൻക ആൻഡ്രെസ്ക്യൂ എന്നീ കൗമാര താരങ്ങളുടെ പട്ടികയിലേക്ക് സോഫിയ കെനിന്റെ പേരും എഴുതിച്ചേർക്കാം. അവസാനം നടന്ന 12 വനിത ഗ്രാൻ‌ഡ്സ്‌ലാമുകളിൽ 8 പുതിയ ചാംപ്യന്മാരാണ് ഉദയം ചെയ്തത്. അവരിലൊരാൾ സോഫിയയും. 

English Summary: Sofia Kenin wins first Grand Slam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com