ADVERTISEMENT

ദുബായ്∙ അമ്മയായശേഷം കിരീടജയത്തോടെ കളത്തിലേക്കു തിരിച്ചെത്തിയ സാനിയ മിർസ പരുക്കിന്റെ പിടിയിൽനിന്ന് മുക്തയായി വീണ്ടും കളത്തിലേക്ക്. ജനുവരിയിൽ പരുക്കുമൂലം ഓസ്ട്രേലിയൻ ഓപ്പൺ മത്സരം മുഴുമിപ്പിക്കാനാകാതെ പിൻവാങ്ങിയ സാനിയ, അതിനുശേഷം ദുബായിൽ ചികിത്സയിലായിരുന്നു. പരുക്കു മാറി ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാംപ്യൻഷിപ്പിൽ ബുധനാഴ്ചയാണു സാനിയ വീണ്ടും കളത്തിലെത്തുന്നത്. ഇവിടെ സാനിയ മത്സരരംഗത്ത് ഉണ്ടാകുമോയെന്ന അനിശ്ചിതത്വത്തിനു വിരാമമിട്ടു സാനിയ മിർസയുടെ ഡോക്ടറാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്. പരിക്കിൽ നിന്ന് സാനിയ പൂർണമായും മുക്തയായെന്നും ചാംപ്യൻഷിപ്പിൽ പങ്കെടുക്കുമെന്നും ദുബായ് ബുജിൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ് സർജറിയിൽ ചീഫ് ഫിസിയോതെറപ്പിസ്റ്റായ ഡോ. ഫൈസൽ ഹയാത്ത് ഖാൻ അറിയിച്ചു. ഏറെനാളായി ഡോ. ഫൈസൽ ഹയാത്ത് ഖാന്റെ കീഴിൽ ചികിത്സയിലായിരുന്നു സാനിയ.

‘ഹൊബാർട്ട് ഫൈനലിനിടെയാണ് സാനിയയ്ക്ക് കാൽവണ്ണയിൽ പരുക്കേറ്റത്. പരുക്കു കഠിനമായതോടെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരത്തിനിടെ കളംവിടേണ്ടുവന്നു. അതിന് ശേഷമാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. ഫിസിയോതെറപ്പിയും മസിൽ സംബന്ധമായ തെറപ്പികളും നടത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിശീലനം പുനഃരാരംഭിച്ചു. ഇപ്പോൾ സാനിയ പൂർണ ആരോഗ്യവതിയാണ്’ – ഡോ. ഫൈസൽ പറഞ്ഞു. പത്തുവർഷത്തോളമായി സാനിയയുടെ ഡോക്ടറാണ് പാക് ക്രിക്കറ്റ് ടീമിന്റെ മുൻ ഫിസിയോതെറപ്പിസ്റ്റുകൂടിയായ ഡോ.ഫൈസൽ ഹയാത്ത് ഖാൻ.

പരുക്കുകാരണം ഗ്രാൻഡ്‌സ്‌ലാം ടൂർണമെന്റിൽനിന്ന് പിന്മാറേണ്ടി വന്നത് ദൗർഭാഗ്യകരമായെന്ന് സാനിയ പറഞ്ഞു. പ്രത്യേകിച്ച് സാമാന്യം നീണ്ട ഇടവേളയ്ക്ക് ശേഷം കോർട്ടിലേക്കു തിരിച്ചുവന്ന സാഹചര്യത്തിൽ. പരുക്കിൽനിന്ന് വേഗത്തിൽ മുക്തയാകാൻ സഹായിച്ചതിന് ഡോക്ടർക്കും ബുർജീൽ ആശുപത്രി അധികൃതർക്കും നന്ദിയുണ്ട്. പരിശീലനം മുന്നോട്ടു പോവുകയാണെന്നും ടൂർണമെന്റ് മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്നും സാനിയ പറഞ്ഞു.

sania-mirza-with-doctors-1
ചികിത്സിച്ച ഡോക്ടർമാർക്കൊപ്പം സാനിയ മിർസ.

ഫ്രഞ്ച് താരം കരോളിൻ ഗാർസിയയ്ക്കൊപ്പം ഡബിൾസ് വിഭാഗത്തിലാണ് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാംപ്യൻഷിപ്പിൽ സാനിയ മത്സരിക്കുക. പരുക്കു ഭേദമായി സാനിയ മത്സരരംഗത്തേക്കു തിരിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്ന് വിപിഎസ് ഹെൽത്ത്കെയർ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് സിഇഒ ഡോ. ഷാജിർ ഗഫാർ പറഞ്ഞു. സേവനം ആവശ്യമുള്ളപ്പോഴൊക്കെ സാനിയ ബുർജീൽ ആശുപത്രിയിൽ എത്താറുണ്ട്. ടൂർണമെന്റിൽ സാനിയയ്ക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Sania Mirza to return through Dubai Duty Free Tennis Championship after injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com