ADVERTISEMENT

ജീവിതത്തോട് അപാരമായ സത്യസന്ധത പുലർത്തുന്ന ആത്മകഥയാണ് റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവയുടെ ‘അൺസ്റ്റോപ്പബിൾ’. ലോകടെന്നിസിലെ  ഗ്ലാമർ താരത്തിന്റെ ഏറ്റവും നിറംമങ്ങിയ ബാല്യത്തിന്റെ കഥകളാണ് ഈ പുസ്തകത്തിന്റെ ആത്മാവ്. 

ആത്മകഥയിൽ ഷറപ്പോവ പറയുന്നു: 

റഷ്യയിൽ ടെന്നിസ് സമ്പന്നരുടെ കളിയായിരുന്നു. സോച്ചിയിൽ യുഡ്‌കിൻ എന്ന കോച്ചിനു കീഴിലാണ് എന്നെ പഠിപ്പിക്കാൻ വിട്ടത്. നാലാം വയസ്സിൽ തന്നെ എന്റെ ഗ്രൗണ്ട്‌ സ്‌ട്രോക്കുകൾ നല്ലതാണെന്ന് അദ്ദേഹം കണ്ടെത്തി. ഞാൻ ഉപയോഗിച്ചിരുന്നത് അച്ഛന്റെ ഒരു പഴയ റാക്കറ്റാണ്. യെവ്‌ജിനി കഫൽനിക്കോവാണ് അന്ന് റഷ്യയുടെ ടെന്നിസ് ഹീറോ. അദ്ദേഹത്തിന്റെ പിതാവ് എന്റെ കളി കണ്ട് എനിക്കൊരു റാക്കറ്റ് തന്നു. അതുമായാണ് മോസ്‌കോയിൽ ഒരു ക്യാംപിനു പോയത്. ലോക ടെന്നിസിലെ ഇതിഹാസതാരം മാർട്ടിന നവരത്‌ലോവയാണ് മുഖ്യാതിഥി. കോച്ചിന്റെ നിർദേശപ്രകാരം ഞാൻ അൽപനേരം കളിച്ചു. എന്റെ ജീവിതത്തിലെ വഴിത്തിരിവായി ആ പത്തുമിനിറ്റ്. കളി കണ്ട മാർട്ടിന അച്ഛനെ വിളിച്ചു. ഒരു പരിഭാഷകന്റെ സഹായത്തോടെ പറഞ്ഞു. ഇവൾ മിടുക്കിയാകും. ഇവളെ ഫ്ലോറിഡയിൽ അയച്ച് പരിശീലിപ്പിക്കണം.

സോവിയറ്റ് യൂണിയൻ ശിഥിലമായ കാലം. ഒരു അമേരിക്കൻ വീസ റഷ്യക്കാരുടെ ‘ക്യാപിറ്റലിസ്റ്റ് സ്വപ്നമാണ്’. എന്നിട്ടും അച്ഛൻ വലിയ പ്രതീക്ഷയിലായിരുന്നു. കല്യാണത്തിനിട്ട പഴയ കോട്ടിട്ടാണ് അദ്ദേഹം എംബസിയിൽ അഭിമുഖത്തിനു പോയത്.  മകളെ ടെന്നിസ് പഠിപ്പിക്കാൻ അമേരിക്കയിൽ പോകുകയാണെന്ന ആ നിശ്ചയദാർഢ്യത്തിനു മുകളിൽ വീസയുടെ സീൽ പതിഞ്ഞു. മൂന്നുവർഷത്തെ വീസ.  

maria

എനിക്ക് ആറു വയസ്സ്. അമ്മ ഒപ്പമില്ല എന്നു മാത്രമറിയാം. ആദ്യമായാണ് ഞാൻ അമ്മയെ പിരിയുന്നത്. അതിന്റെ വിങ്ങൽ‍ ഉള്ളിലുണ്ട്. ഞങ്ങളുടെ അടുത്തിരുന്ന റഷ്യൻ ദമ്പതികളോട് അച്ഛൻ ഉറക്കെ സംസാരിക്കുന്നുണ്ട്. പുലർച്ചെ മൂന്നുമണിക്ക് അമേരിക്കയിലെ മയാമിയിൽ വിമാനമിറങ്ങി. ഞങ്ങളെ കാത്ത് ഒരാളെ വിമാനത്താവളത്തിലേക്ക് അയയ്ക്കാമെന്ന് റഷ്യൻ ജൂനിയർ ടീമിന്റെ കോച്ച് പറഞ്ഞതാണ് ആകെയുള്ള ആശ്വാസം. എന്നാൽ, ഞങ്ങളെ സ്വീകരിക്കാൻ ആരും വന്നില്ല. തികച്ചും അപരിചിതമായ നാടാണ് യുഎസ്എ.  അച്ഛന് റഷ്യൻ അല്ലാതെ മറ്റൊരു ഭാഷ അറിയില്ല. വിഷമസന്ധി മനസ്സിലാക്കിയ റഷ്യൻ ദമ്പതിമാർ ഞങ്ങളെ ഒപ്പംകൂട്ടി. അവരുടെ ഹോട്ടൽ മുറിയിൽ നിലത്തു ബെഡ് ഷീറ്റ് വിരിച്ച് ഞങ്ങൾ അന്നുറങ്ങി. അതാണ് ഞാനറിഞ്ഞ ആദ്യത്തെ അമേരിക്ക! 

അക്കാദമി എന്ന ജയിൽ

ലോക ടെന്നിസിന്റെ ഫാക്ടറിയാണ് ഫ്ലോറിഡ. വമ്പൻ അക്കാദമികൾ.  അമേരിക്കയിലെത്തുമ്പോൾ എവിടെ ഏത് അക്കാദമിയിൽ പഠിക്കണം എന്ന ധാരണയൊന്നും ഞങ്ങൾക്കില്ലായിരുന്നു. അവിടെ ചേരുമ്പോൾ തന്നെ 1000 ഡോളർ നൽകണം. അച്ഛന്റെ പോക്കറ്റിൽ ആകെയുള്ളത് 700 ഡോളറാണ്. നിക്ക്‌ ബൊളേത്തരി അക്കാദമിയെക്കുറിച്ച് അദ്ദേഹം ധാരാളം വായിച്ചിട്ടുണ്ട്.

അടുത്ത യാത്ര അങ്ങോട്ടായിരുന്നു. ആന്ദ്രെ ആഗസി, മോണിക്ക സെലസ്, ജിം കുറിയർ തുടങ്ങിയ വമ്പൻമാരെ വളർത്തിവിട്ട ടെന്നിസിലെ എക്കാലത്തെയും വലിയ ഗുരുവാണ് നിക്ക് ബൊളേത്തരി. അക്കാദമിയുടെ വലിയ ഗേറ്റിനു മുന്നിൽ അഭയാർഥികളെപ്പോലെ ഞങ്ങൾ നിന്നു.  പിറ്റേന്ന് വീണ്ടും ചെന്നു. കാത്തിരിപ്പിനൊടുവിൽ നിക്ക് പ്രത്യക്ഷപ്പെട്ടു.  എന്റെ മകൾ നന്നായി പന്ത് ഹിറ്റ് ചെയ്യും എന്നതു മാത്രമാണ് അച്ഛന്റെ സാക്ഷ്യപത്രം. 

എന്റെ കളി നിക്കിന് ഇഷ്ടമായി. പക്ഷേ, അക്കാദമിയിൽ പത്തുവയസ്സിൽ താഴെയുള്ളവർക്ക് ബോർഡിങ് ഇല്ല. ഞങ്ങൾക്ക് അടുത്തൊരു റഷ്യൻ സ്‌ത്രീയുടെ ഫ്ലാറ്റിൽ ഒരു മുറി കിട്ടി. 250 ഡോളർ വാടക. നേരം പുലരും മുൻപ് അച്ഛൻ ഉണരും.  എന്നെ അക്കാദമിയിൽ വിട്ടശേഷം അദ്ദേഹം പുല്ലുവെട്ടാനും കെട്ടിട നിർമാണ ജോലിക്കും പോകും. സമ്പന്നരായ കുട്ടികളായിരുന്നു അക്കാദമിയിൽ കൂടുതൽ. അവർക്കു നടുവിൽ പഴയ ഉടുപ്പും വലിയ റാക്കറ്റും പിടിച്ച് ഞാനൊരു കൗതുക കഥാപാത്രമായി.

മാഷ എന്ന് അമേരിക്കക്കാർ എന്നെ വിളിച്ചില്ല. അവരെന്നെ മാർഷ എന്നു വിളിച്ചു. ആ വിളിയുടെ മൂർച്ച കാരണം ഞാനെന്റെ പേര് മരിയ എന്നാക്കി. അങ്ങനെയാണ് മാഷ ഷറപ്പോവ മരിയ ഷറപ്പോവയായത്.

English summary: Maria Sharapova Biography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com