ADVERTISEMENT

‘ഓർക്കുമ്പോ‍ൾ പേടിയാകുന്നു. മാർച്ച് 8നു രാവിലെ ദുബായിൽനിന്നു യുഎസിലേക്കു വിമാനം കയറി. ഇന്ത്യൻ വെൽസിൽ നടക്കുന്ന ടെന്നിസ് ടൂർണമെന്റിൽ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. 20 മണിക്കൂർ യാത്രയ്ക്കു ശേഷമാണ് ഇന്ത്യൻ വെൽസിലെത്തിയത്. അവിടെയെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ വാർത്തയെത്തി: കോവിഡ് മൂലം ടൂർണമെന്റ് റദ്ദാക്കി.

ഞങ്ങൾ, ഞാനും പിതാവ് ഇമ്രാൻ മിർസയും, തകർന്നുപോയി. കാര്യങ്ങളുടെ ഗൗരവം ഞങ്ങൾക്കു ശരിക്കു ബോധ്യപ്പെട്ടത് അപ്പോഴാണ്. ലോകത്തു പലയിടത്തെയും വാർത്തകൾ അറിഞ്ഞിരുന്നെങ്കിലും കോവിഡ് ഇത്തരത്തിൽ ഞങ്ങളെ ബാധിക്കുമെന്നു വിചാരിച്ചിരുന്നില്ല. ടൂർണമെന്റ് റദ്ദാക്കിയെന്നറിഞ്ഞപ്പോൾ വിറച്ചുപോയി. രോഗം എന്റെ അടുത്തെത്തിയെന്നു തോന്നി. ഉടൻ ഞാനും പിതാവും ഹൈദരാബാദിലേക്കു മടങ്ങാൻ തീരുമാനിച്ചു.’

സാനിയയും പിതാവും ലൊസാഞ്ചലസ് വിമാനത്താവളംവഴി ഹൈദരാബാദിലേക്കു മടങ്ങാനിരിക്കെയാണു യന്ത്രത്തകരാറിന്റെ രൂപത്തിൽ അടുത്ത അപകടമെത്തിയത്.

‘ലൊസാഞ്ചലസിൽനിന്നു ഞങ്ങൾ ഇന്ത്യയിലേക്കു വിമാനം കയറി. പക്ഷേ, ദൗർഭാഗ്യം അവിടെയും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. റൺവേയിലേക്കു കയറാൻ തുടങ്ങുന്നതിനിടെ വിമാനത്തിന്റെ എൻജിൻ തകരാറിലായി. വിമാനം റദ്ദാക്കി. ഞങ്ങൾ തകർന്നു പോയി. ഭാഗ്യത്തിനു പിറ്റേദിവസത്തെ വിമാനത്തിൽ ടിക്കറ്റ് ശരിയായി. ഹൈദരാബാദിൽ ഇറങ്ങിയപ്പോൾ പരിശോധനകളുടെ പരമ്പര. മുഴുവൻ വിവരങ്ങളും പങ്കുവച്ചശേഷമാണ് അധികൃതർ വിട്ടയച്ചത്. വീട്ടിലെത്തിയശേഷം ഐസലേഷനിൽ തുടരുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നായിരുന്നു എന്റെ നിലപാട്. അതിനാൽ വീടിനുള്ളിൽ അടച്ചിട്ട മുറിയിൽ ഏകാന്തവാസത്തിനു കയറി.’

കൊറോണയും ഏകാന്തവാസവുമെല്ലാം തന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചെന്നും താരം പറയുന്നു:

‘എല്ലാം കൈവിട്ടു പോകുമ്പോൾ ടെന്നിസിൽ മാത്രം എങ്ങനെ ശ്രദ്ധിക്കാൻ?!. ഏറെ വായിച്ചു. സിനിമകൾ കണ്ടു. വീട്ടിൽ കോർട്ടുള്ളതിനാൽ ശരീരക്ഷമത നിലനിർത്താൻ വേണ്ടി മാത്രം കളിക്കാനിറങ്ങി. മകൻ ഇസാനും വീട്ടുകാർക്കും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്നു.’

യുഎസിലെ ടൂർണമെന്റ് റദ്ദാക്കിയപ്പോൾ വിറച്ചുപോയി. ഇന്ത്യയിലേക്കു മടങ്ങാൻ കയറിയ വിമാനം യന്ത്രത്തകരാർമൂലം റദ്ദാക്കിയപ്പോ‍ൾ വീണ്ടും ഞെട്ടി. വീട്ടിലെത്തിയപ്പോൾ സെൽഫ് ഐസലേഷൻ. പേടിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണു ഞാൻ കടന്നുപോയത്. - സാനിയ മിർസ

English Summary: Sania Mirza Opens Up on Coronavirus Pandemic, Reveals Her Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com