ADVERTISEMENT

ബെൽഗ്രേഡ്∙ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെല്ലാം തീർന്ന് കായിക മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ, നിർബന്ധിത കൊറോണ വൈറസ് വാക്സിനേഷനെടുക്കാൻ സമ്മതിക്കില്ലെന്ന് ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. ഇത്തരം വാക്സിനേഷനുകൾക്ക് താൻ വ്യക്തിപരമായി എതിരാണെന്ന് ജോക്കോവിച്ച് വ്യക്തമാക്കി. കളത്തിലേക്കു തിരിച്ചെത്താൻ കൊറോണ വൈറസ് വാക്സിനേഷൻ നിർബന്ധമാക്കില്ലെന്നാണ് പ്രതീക്ഷയെന്നും ജോക്കോവിച്ച് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടെന്നിസ് ടൂർണമെന്റുകളെല്ലാം ഈ വർഷം ജൂലൈ 13 വരെ നിർത്തിവച്ചിരിക്കുകയാണ്.

ഈ വർഷം ടെന്നിസ് മത്സരങ്ങൾ പുനഃരാരംഭിക്കണമെങ്കിൽ കൊറോണ വൈറസ് വാക്സിനേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ലോക ഒന്നാം നമ്പർ താരം അമേലി മൗറിസ്മോ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. നിലവിൽ കൊറോണ വൈറസ് വാക്സിനേഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് താൻ വാക്സിനേഷന് എതിരാണെന്ന ലോക ഒന്നാം നമ്പർ താരം കൂടിയായ ജോക്കോവിച്ചിന്റെ പ്രഖ്യാപനം.

‘വ്യക്തിപരമായി എനിക്ക് വാക്സിനേഷനോട് താൽപര്യമില്ല. തുടർന്നും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കില്ലെന്നാണ് പ്രതീക്ഷ’ – ജോക്കോവിച്ച് പറഞ്ഞു. സെർബിയയിലെ വിവിധ കായിക താരങ്ങളുമായുള്ള ഫെയ്സ്ബുക് ലൈവ് ചാറ്റിലാണ് ജോക്കോവിച്ച് നിലപാട് വ്യക്തമാക്കിയത്.

‘പക്ഷേ, ഇത് (വാക്സിനേഷൻ) നിർബന്ധമാക്കിയാൽ എന്തു ചെയ്യും? അങ്ങനെയെങ്കിൽ തീരുമാനമെടുക്കാൻ ഞാൻ നിർബന്ധിതനാകും. ഈ വിഷയത്തിൽ എനിക്ക് എന്റേതായ ചിന്തകളും നിലപാടുകളുമുണ്ട്. ഭാവിയിൽ അത്തരം നിലപാടുകൾ കൈവിടേണ്ടി വരുമോയെന്നുപോലും എനിക്കറിയില്ല’ – ജോക്കോവിച്ച് പറഞ്ഞു.

‘ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം തീർന്ന് ജൂലൈയിലോ ഓഗസ്റ്റിലോ സെപ്റ്റംബറിലോ മത്സരങ്ങൾ പുനഃരാരംഭിച്ചേക്കാം. ചിലപ്പോൾ അതിലും വൈകിയേക്കാം. ഇത്രകാലത്തെ ക്വാറന്റീനുശേഷം വീണ്ടും കളത്തിലിറങ്ങുമ്പോൾ വാക്സിൻ നിർബന്ധമാക്കിയേക്കാം. പക്ഷേ ഇപ്പോഴും അത്തരമൊരു വാക്സിൻ ഇല്ല എന്നതും പ്രധാനമാണ്’ – ജോക്കോവിച്ച് പറ‍ഞ്ഞു.

English Summary: Novak Djokovic opposes compulsory coronavirus vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com