ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാൻസ‌്‌ലാം ടെന്നിസ് ടൂർണമെന്റായ വിംബിൾഡൻ റദ്ദാക്കിയതോടെ സംഘാടകർക്ക് ഇൻഷുറൻസ് തുകയായി ലഭിക്കുക 1000 കോടിയിലധികം രൂപ! പകർച്ചവ്യാധി ഇൻഷുറൻസ് തുകയെന്ന നിലയിലാണ് ഇത്രയധികം രൂപ വിംബിൾഡൻ സംഘാടകർക്കു ലഭിക്കുക. അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോള്‍ ബോർഡ് (ബിസിസിഐ) സംഘടിപ്പിക്കുന്ന ഐപിഎൽ റദ്ദാക്കിയാലോ? ഒരു രൂപ പോലും ഇൻഷുറൻസ് ഇനത്തിൽ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. കാരണമെന്താണെന്നല്ലേ? ഐപിഎല്‍ ഇൻഷുറൻസ് പരിധിയിലാണെങ്കിലും യുദ്ധം, ഭീകരവാദം തുടങ്ങിയ കാരണങ്ങൾ‌ക്കൊണ്ട് ടൂർണമെന്റ് റദ്ദാക്കിയാൽ മാത്രമേ ഇൻഷുറൻസ് ലഭിക്കൂ!

വിംബിൾഡൻ സംഘാടകരുടെ ദീർഘവീക്ഷണത്തിനു ലഭിക്കുന്ന തുകയാണ് 141 ദശലക്ഷം യുഎസ് ഡോളർ (ഏതാണ്ട് 1075 കോടി രൂപ) എന്ന് അർഥം. 2003ലെ സാർസ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിംബിൾഡൻ സംഘാടകർ ഇൻഷുറൻസ് പരിധിയിൽ ‘പകർച്ചവ്യാധി’ കൂടി കൂട്ടിച്ചേർത്തത്. ആ വർഷത്തെ വിംബിൾഡൻ ടൂർണമെന്റിനെ സാർസ് ബാധിച്ചില്ലെങ്കിലും ഇത്തരം പ്രതിസന്ധി ഭാവിയിലുണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സംഘാടകരായ ‘ദ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബ്’ പകർച്ചവ്യാധി ഇൻഷുറൻസ് പരിരക്ഷ കൂടി ടൂർണമെന്റിന് നൽകിയത്.

വിംബിൾഡൻ വക്താവിനെ ഉദ്ധരിച്ച് സ്പോർട്സ് ബിസിനസ് റിപ്പോർട്ടറായ ഡാരൻ റോവലാണ് വിംബിൾഡൻ സംഘാടകർക്കു ലഭിക്കുന്ന ഭീമമായ ഇൻഷുറൻസ് തുകയെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ പണം പക്ഷേ, അവർക്കു വെറുതെ ലഭിക്കുന്നതല്ലെന്ന് റോവൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 17 വർഷമായി വിംബിൾഡൻ സംഘാടകർ പകർച്ചവ്യാധി ഇൻഷുറൻസെന്ന നിലയിൽ രണ്ടു മില്യൻ യുഎസ് ഡോളർ (15 കോടിയോളം ഇന്ത്യൻ രൂപ) വീതമാണ് ഇൻഷുറൻസ് കമ്പനിക്കു നൽകുന്നത്. അതായത് ഇതുവരെ നൽകിയത് ഏതാണ്ട് 34 മില്യൻ യുഎസ് ഡോളർ അഥവാ 250 കോടിയോളം ഇന്ത്യൻ രൂപ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലഭിക്കാൻ പോകുന്നത് 1075 കോടിയോളം രൂപ. ഏതാണ്ട് 750 കോടിയോളം രൂപ ലാഭം!

അതേസമയം, വിംബിൾഡൻ ടൂർണമെന്റ് റദ്ദാക്കുന്നതിനു പകരം നീട്ടിവച്ചിരുന്നെങ്കിൽ ഈ തുക കിട്ടുമായിരുന്നില്ല. എന്നാൽ, വിംബിൾഡൻ ടൂർണമെന്റ് നടന്നിരുന്നെങ്കിലോ? ഏതാണ്ട് 300 മില്യൻ ഡോളറാണ് ഇത്തവണ വരുമാനമായി ലഭിക്കേണ്ടിയിരുന്നതെന്നാണ് ‘ദ ഗാർഡിയൻ’ കണക്കാക്കുന്നത്. അതായത് 2280 കോടിയിലധികം രൂപ! ഇൻഷുറൻസ് തുകകൊണ്ട് വരുമാന നഷ്ടം നികത്താനാകില്ലെന്ന് അർഥം.

കൗതുകമുണർത്തുന്ന സംഗതി അതല്ല. ഐപിഎൽ ഭരണസമിതിയുടെ മിക്ക യോഗങ്ങളിലും പകർച്ചവ്യാധി ഇൻഷുറൻസ് ചർച്ചാവിഷയമാകാറുണ്ടത്രേ. പക്ഷേ, ടൂർണമെന്റ് റദ്ദാക്കാൻ മാത്രം വലിയ വൈറസ് ബാധയൊന്നും ഉണ്ടാകില്ലെന്ന വിശ്വാസത്തിൽ ഓരോ തവണയും ആ ചർച്ചകൾ ചർച്ചകളായിത്തന്നെ അവസാനിച്ചു. ഒടുവിൽ ഇന്ത്യൻ സാഹചര്യത്തിൽ ടൂർണമെന്റിന് ഭംഗം വരാൻ ഏറ്റവുമധികം സാധ്യതയുള്ള യുദ്ധവും ഭീകരവാദവും മാത്രം ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തി! ഇത്തവണ ഐപിഎൽ റദ്ദാക്കിയാൽ ബിസിസിഐയ്ക്കും അനുബന്ധ ടീമുകൾക്കുമെല്ലാം കൂടി ഏതാണ്ട് 3,800 കോടിയിലധികം രൂപ നഷ്ടം വരുമെന്ന കണക്കുകൂടി ഇതിനോടു ചേർത്തുവായിക്കണം.

English Summary: IPL staring at huge losses in case of cancellation, unlike Wimbledon which will get USD 141 million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com