ADVERTISEMENT

മിലാൻ∙ കൊറോണ വൈറസ് വ്യാപനം നിമിത്തം സാധാരണ ജീവിതത്തിനൊപ്പം കളിക്കളങ്ങളും നിർജീവമായതോടെ, കായികക്ഷമത നിലനിർത്താൻ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളിലാണ് കായിക താരങ്ങൾ. വീടിനുള്ളിൽ ജിം ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ളവർ അത് പ്രയോജനപ്പെടുത്തുമ്പോൾ, വിവിധ ചാലഞ്ചുകളുമായി രംഗത്തെത്തുന്നവരുമുണ്ട്. ഫുട്ബോൾ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ, ക്രിക്കറ്റ് താരം വിരാട് കോലി തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, ലോക്ഡൗണിലെ കായിക പരീക്ഷണങ്ങളിൽ ഇവരെയെല്ലാം ‘തോൽപ്പിച്ചി’രിക്കുകയാണ് രണ്ട് പെൺകുട്ടികൾ.

രണ്ടു വീടുകളുടെ ടെറസിൽനിന്ന് ടെന്നിസ് കളിക്കുന്ന ഈ കുട്ടികളുടെ 22 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനകം കണ്ടത് കോടിക്കണക്കിന് ആളുകൾ. കൊറോണ വൈറസ് ഏറ്റവുമധികം ദുരിതം വിതച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നായ ഇറ്റലിയിലാണ് ലോക്ഡൗണിനിടെ രണ്ടു വീടുകളുടെ ടെറസിൽനിന്ന് ടെന്നിസ് കളിക്കുന്ന പെൺകുട്ടികളുടെ വിഡിയോ വൈറലായത്. പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള വിട്ടോറിയ, പതിനൊന്നുകാരി കരോള എന്നിവരാണ് അവരുടെ വീടിന്റെ മുകൾഭാഗം ടെന്നിസ് കോർട്ടാക്കി രൂപാന്തരപ്പെടുത്തിയത്. വടക്കു പടിഞ്ഞാറൻ ഇറ്റലിയിലെ ലിഗ്വേരിയയിലാണ് സംഭവം.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 10ന് ഇറ്റലിയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ടെന്നിസ് പരിശീലിക്കാൻ പുതിയ വഴികൾ കണ്ടെത്താൻ നഗരത്തിലെ ടെന്നിസ്ക്ലബ് ഫിനാലെയുടെ പരിശീലകർ കുട്ടികളോടു നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവിടെ പരിശീലിക്കുന്ന കുട്ടികൾ വ്യത്യസ്തങ്ങളായ ഒട്ടേറെ വിഡിയോകളാണ് ക്ലബ്ബിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചത്. കാർപാർക്കിങ്ങിലും ബെഡ്റൂമിലും പറമ്പിലുമെല്ലാം ടെന്നിസ് പരിശീലിക്കുന്ന വിഡിയോകളാണ് ഇതിലേറെയും. #TennisAtHome എന്ന ഹാഷ്ടാഗും ചേർത്തു. ഇങ്ങനെ പോസ്റ്റ് ചെയ്ത വിഡിയോകളുടെ കൂട്ടത്തിൽനിന്നാണ്, വീടിന്റെ ടെറസുകൾ ഗ്രൗണ്ടാക്കിയ വിട്ടോറിയ, കരോള എന്നിവരുടെ വിഡിയോ വൈറലായത്.

കൊറോണ വൈറസ് വ്യാപനം നിമിത്തം ദുരിതത്തിലായ ഇറ്റലിയിൽനിന്നുള്ള ഈ വിഡിയോ രാജ്യാന്തര മാധ്യമങ്ങളിലടക്കം ഇടംപിടിച്ചു. എടിപി ടൂറിന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ മാത്രം ഇതിനകം ഒരു കോടിയോളം പേരാണ് കണ്ടത്. വൈറസ് വ്യാപനം നിമിത്തം മാർച്ച് 10 മുതൽ ലോക്ഡൗണിലാണ് ഇറ്റലി. നിലവിൽ മേയ് മൂന്നു വരെയാണ് ഇവിടെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary: Italian tennis youngsters happy to hit the roof during COVID-19 outbreak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com