ADVERTISEMENT

ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ 19 ഗ്രാൻസ്‌ലാമുകളും മറ്റു കിരീടങ്ങളും നേടിയത് തന്റെ റാക്കറ്റിൽനിന്ന് ഉതിർത്ത ശക്തിയേറിയ ഷോട്ടുകളുടെ ബലത്തിലാണ്. എന്നാൽ, റാക്കറ്റ് വീശാതെ, വിയർക്കാതെ ഒരു കിരീടം നേടാനൊരുങ്ങുകയാണ് നദാലും മറ്റു സൂപ്പർ താരങ്ങളും. എങ്ങനെ? 

പുരുഷ, വനിതാ വിഭാഗങ്ങളിലായി 32 താരങ്ങൾ. ആവേശകരമായ പോരാട്ടങ്ങൾ. ഇന്നലെ ആരംഭിച്ച മഡ്രിഡ് ഓപ്പൺ വെർച്വൽ ടെന്നിസിന്റെ കാര്യമാണിത്. ഒളിംപിക്സ് പോലും മാറ്റിവച്ച ഈ കോവിഡ് കാലത്ത് എന്തു ടെന്നിസ് എന്ന് അമ്പരക്കേണ്ട; ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ താരങ്ങൾ വീടിനു പുറത്തിറങ്ങേണ്ട. ടെന്നിസ് റാക്കറ്റിന് പകരം വിഡിയോ ഗെയിമിൽ ഉപയോഗിക്കാറുള്ള ഗെയിംപാഡ് ആണ് ഇവരുടെ കയ്യിലുണ്ടാവുക. കോവിഡ് മൂലം റദ്ദാക്കിയ യഥാർഥ മഡ്രിഡ് ഓപ്പണിനു പകരമാണ് ഈ വെർച്വൽ (ഓൺലൈൻ) ടെന്നിസ് മത്സരം. ലോക ടെന്നിസിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രധാന താരങ്ങളെ ഉൾപ്പെടുത്തി വെർച്വൽ അഥവാ ഓൺലൈൻ ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 30നാണു ഫൈനൽ. 

മത്സരം എങ്ങനെ?

വെർച്വൽ ടെന്നിസ് എന്നാൽ, വിഡിയോ ഗെയിം തന്നെയാണ്. നിർമിത ബുദ്ധിയുടെകൂടി സഹായത്തോടെ നടത്തുന്ന വമ്പൻ ഗെയിമാണിത്. താരങ്ങൾക്കു വീട്ടിലിരുന്ന് മത്സരിക്കാം. ടെന്നിസ് വേൾഡ് ടൂർ എന്ന വിഡിയോ ഗെയിമാണ് ഇതിനായി ഉപയോഗിക്കുന്നത്. സോണിയുടെ പ്ലേ സ്റ്റേഷൻ 4 ആണ് ഗെയിം കൺസോൾ. 

യഥാർഥ താരങ്ങളുടെ കഴിവുകളുള്ള വെർച്വൽ കളിക്കാരാണ് കംപ്യൂട്ടർ കളത്തിലിറങ്ങുക. റാങ്കിങ് കൂടുതലുള്ള താരങ്ങൾക്ക് മേൽക്കൈ കൂടുന്ന രീതിയിലാണിത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ 16 താരങ്ങൾ വീതമാണ് പങ്കെടുക്കുന്നത്. 4 ഗ്രൂപ്പുകളിലായി പ്രാഥമിക മത്സരങ്ങൾ. ക്വാർട്ടർ മുതൽ നോക്കൗട്ട് രീതിയിലാണ് മത്സരങ്ങൾ. 

നദാൽ, മറെ, കെർബർ

ഒട്ടേറെ മുൻനിര താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. റാഫേൽ നദാൽ, ആൻഡി മറെ, സ്റ്റെഫാനോസ് സിറ്റ്സിപാസ്, ഡേവിഡ് ഗോഫിൻ, കാരൻ കച്ചനോവ്, ജോൺ ഐസ്നർ തുടങ്ങിയ പുരുഷ താരങ്ങളും ഏയ്ഞ്ചലിക് കെർബർ, കികി ബെർട്ടൻസ് തുടങ്ങിയ വനിതാ താരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒന്നരക്കോടിയിലേറെ രൂപയാണ് സമ്മാനത്തുക. കോവിഡ് മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ടെന്നിസ് താരങ്ങളെ സഹായിക്കാനാണ് ഈ തുക വിനിയോഗിക്കുക. വിജയികളാകുന്ന താരങ്ങൾക്ക് തങ്ങൾക്കിഷ്ടമുള്ള തുക സംഭാവനയായി നൽകാം. 

തൽസമയം കാണാം 

വെർച്വൽ ടെന്നിസിൽ ടെലിവിഷനിലും മഡ്രിഡ് ഓപ്പണിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും തൽസമയം സംപ്രേഷണം ചെയ്യും. കോവിഡ് മൂലം വിമ്പിൾഡൻ ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ മാറ്റിവച്ചതോടെ നിരാശയിലായ ടെന്നിസ് പ്രേമികൾക്കു താൽക്കാലിക ആശ്വാസമായി മാറും വെർച്വൽ മഡ്രിഡ് ഓപ്പൺ. 

ഫെയ്സ്ബുക് ലിങ്ക്: https://www.facebook.com/mutuamadridopen, സമയം വൈകിട്ട് 6.30 മുതൽ

English Summary: Madrid open virtual tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com