ADVERTISEMENT

ഹൈദരാബാദ്∙ കായികജീവിതത്തിൽ എന്തൊക്കെ നേടിയാലും വനിതാ താരങ്ങൾക്കു മുന്നിൽ അവസാനം ബാക്കിയാവുക ‘ഒരു കുഞ്ഞൊക്കെ വേണ്ടേ’ എന്ന ചോദ്യമാണെന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. വനിതാ കായിക താരങ്ങളോടുള്ള ഇന്ത്യൻ ജനതയുടെ പൊതുവായ മനോഭാവത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സാനിയ മിർസ ഇക്കാര്യം പറഞ്ഞത്. ‘ഒരു കുഞ്ഞില്ലെങ്കിൽ തന്റെ ജീവിതം പൂർണമാകില്ലെന്ന’ വിധത്തിലാണ് ആളുകളുടെ ചോദ്യമെന്നും സാനിയ വിശദീകരിച്ചു. അതേസമയം, വനിതാ താരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും രണ്ടു മൂന്നു തലമുറകൾ കൊണ്ട് ഇപ്പോഴുള്ള ചെറിയ പ്രശ്നങ്ങളും മാറുമെന്നാണ് കരുതുന്നതെന്നും സാനിയ വ്യക്തമാക്കി.

‘സ്ത്രീകൾക്കായി നമ്മുടെ സമൂഹം പൊതുവായ ചില ചട്ടങ്ങൾ കൊണ്ടുനടക്കുന്നുണ്ട്. ടെന്നിസിൽനിന്ന് വളരെയേറെ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ആളുകൾ എപ്പോഴും എന്നോടു ചോദിക്കുന്നത് എപ്പോഴാണ് ഒരു കുഞ്ഞൊക്കെ ആവുക എന്നാണ്. കുഞ്ഞില്ലെങ്കിൽ എന്റെ ജീവിതം പൂർണമാകില്ലെന്ന വിധത്തിലാണ് ഇവരുടെ പെരുമാറ്റം’ – സാനിയ പറഞ്ഞു. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കിന്റെ ഭാര്യയാണ് ആറാം ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ മിർസ. ഇരുവർക്കും ഇഷാൻ മിർസ മാലിക്കെന്ന രണ്ടു വയസ്സുകാരൻ മകനുണ്ട്.

ഇന്ത്യയിൽ ക്രിക്കറ്റ് മാറ്റിനിർത്തിയാൽ മറ്റു കായിക മേഖലകളിൽ കൂടുതൽ വനിതാ താരങ്ങളാണുള്ളതെന്നും സാനിയ ചൂണ്ടിക്കാട്ടി. വനിതാ താരങ്ങളുടെ എണ്ണത്തിലുണ്ടായ ഈ വർധനവ് സന്തോഷകരമാണെന്നും സാനിയ പറഞ്ഞു. അതേസമയം, ഇന്ത്യയിൽ സ്ത്രീകൾ സ്വാഭാവികമായി കായികരംഗത്തേക്ക് വരുന്ന രീതി സംജാതമാകണമെങ്കിൽ കുറഞ്ഞത് മൂന്നു തലമുറകളെങ്കിലും കഴിയേണ്ടി വരുമെന്നും സാനിയ നിരീക്ഷിച്ചു.

sania-kid

‘ഇന്ത്യയിൽ ക്രിക്കറ്റ് മാറ്റിനിർത്തിയാൽ കൂടുതൽ കായിക താരങ്ങളും വനിതകളാണെന്നത് സന്തോഷം പകരുന്ന കാര്യമാണ്. മാഗസിനുകളുടെ പുറംകവറും പരസ്യ ബോർഡുകളും നോക്കിയാലറിയാം, അതിലേറെയും വനിതാ താരങ്ങളുടെ ചിത്രങ്ങളാകും. ഇതെല്ലാം വലിയ മാറ്റങ്ങളാണ്. പ്രത്യേകിച്ചും വനിതകൾക്ക് സ്പോർട്‌സിലേക്ക് വരാൻ ഇപ്പോഴും ഒട്ടേറെ തടസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ’ – സാനിയ വിശദീകരിച്ചു.

‘ആളുകളുടെ മനോഭാവത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നതിന്റെ പ്രകടമായ അടയാളങ്ങളാണ് ഞാൻ നേരത്തെ പറഞ്ഞതെല്ലാം. എങ്കിലും ‘എനിക്കൊരു ഗുസ്തി താരമാകണം’ എന്ന് സ്വയം തീരുമാനിച്ച് വനിതകൾ സ്വാഭാവികമായി മുന്നോട്ടു വരുന്ന രീതി വരണമെങ്കിൽ ഇനിയും കുറച്ചുകൂടി സമയമെടുക്കുമെന്ന് തോന്നുന്നു. പ്രത്യേകിച്ചും മാതാപിതാക്കൾക്ക് ഇപ്പോഴും കായിക രംഗത്തോട് അത്ര വിശ്വാസം വന്നിട്ടില്ല. അവർക്ക് ഇപ്പോഴും മക്കളെ ഡോക്ടറായും അഭിഭാഷകരായും അധ്യാപകരായുമൊക്കെ കാണാനാണ് ഇഷ്ടം. കായിക താരമാകുന്നത് അത്ര താൽപര്യവുമല്ല. കഴിഞ്ഞ 20–25 വർഷത്തിനിടെ ഈ രീതിക്ക് മാറ്റം വന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നു. എങ്കിലും ഇനിയും കുറേയേറെ മെച്ചപ്പെടാനുണ്ട്’ – സാനിയ പറഞ്ഞു.

shoib-malik-sania-mirza

‘ഞാൻ ആറാം വയസ്സിലാണ് ടെന്നിസിലേക്ക് തിരിയുന്നത്. അന്ന് റാക്കറ്റെടുക്കുന്നതും വിംബിൾഡനിൽ കളിക്കണമെന്ന് ഒരു പെൺകുട്ടി സ്വപ്നം കാണുന്നതുമൊക്കെ ആളുകൾക്ക് പറഞ്ഞുചിരിക്കാനുള്ള വകയാണ്. ‘മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ചിന്ത’ ഇല്ലാതാക്കിയിടത്തോളം സ്വപ്നങ്ങൾ ഇല്ലാതാക്കാൻ നമ്മുടെ രാജ്യത്ത് മറ്റൊന്നിനും കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ഇത്തരം രീതികളെ അവഗണിച്ചുകളയുന്ന മാതാപിതാക്കൾക്ക് ജനിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി എന്നതാണ് പ്രധാനം’ – സാനിയ പറഞ്ഞു.

‘ഏറ്റവും മികച്ച താരമാകാൻ എനിക്കു കഴിയുമെന്ന ചിന്ത സ്വയം തോന്നണം. സെറീന വില്യംസിനെതിരെ മത്സരിക്കാൻ ലഭിച്ച അവസരമൊക്കെ എന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ട് ജയിച്ചപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. പക്ഷേ, അദ്ഭുതം തോന്നിയിരുന്നില്ല. കാരണം, എനിക്കിത് കഴിയുമെന്ന് നേരത്തെ അറിയാമായിരുന്നു’ – സാനിയ പറഞ്ഞു.

English Summary: India has learnt to accept female athletes but still a long way to go: Sania

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com