ADVERTISEMENT

ലോക്ഡൗൺ കാരണം അപ്രതീക്ഷിതമായി ലഭിച്ച ഇടവേളയിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ. 60 കുട്ടികൾക്കു സൗജന്യമായി പഠനവും ടെന്നിസ് പരിശീലനവും ഒരുമിച്ചു നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു കഴിഞ്ഞു. കഴിഞ്ഞ ഒളിംപിക്സിലെ മിക്സ്ഡ് ഡബിൾസ് സെമി ഫൈനലിസ്റ്റും ഏഷ്യൻ ഗെയിംസ് ഡബിൾസ് ചാംപ്യനുമായ രോഹൻ ‘മനോരമ’യോടു സംസാരിക്കുന്നു.

∙ കോവിഡ് കാരണം വിമ്പിൾഡൻ ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നഷ്ടമായതിൽ നിരാശയുണ്ടോ?

ടൂർണമെന്റുകൾ റദ്ദാക്കിയതിൽ ദുഃഖമുണ്ടെങ്കിലും അതൊന്നും എന്റെ നിയന്ത്രണത്തിലുള്ള സംഗതികളല്ലാത്തതിനാൽ നിരാശയില്ല. സ്പോർട്സ് താരങ്ങൾ മാത്രമല്ല, എല്ലാ മേഖലയിലുള്ളവരും ഇപ്പോൾ കഠിനമായ അവസ്ഥയിലൂടെയാണല്ലോ കടന്നുപോകുന്നത്. ഇതു മാറുന്നതുവരെ നമുക്കു കാത്തിരിക്കാം, അല്ലാതെന്തു ചെയ്യാൻ! 

rohan-bopanna--family
ഭാര്യ സുപ്രിയയ്ക്കും മകൾ തൃഥയ്ക്കുമൊപ്പം രോഹൻ.

∙ കഴിഞ്ഞ ഒളിംപിക്സിൽ സാനിയ മിർസയ്ക്കൊപ്പം മിക്സ്ഡ് ഡബിൾസിൽ സെമി വരെയെത്തി. ടോക്കിയോ ഒളിംപിക്സിൽ സാനിയയോടൊപ്പം മറ്റൊരു പോരാട്ടം പ്രതീക്ഷിക്കാമോ?

ഒളിംപിക്സ് 2021ലേക്കു മാറ്റിയത് എന്തുകൊണ്ടും നന്നായി. ഒളിംപിക്സിനു മുൻപ് ഒട്ടേറെ ടൂർണമെന്റുകൾ നടക്കാനുണ്ട്. അടുത്ത വർഷത്തെ വിമ്പിൾഡൻ, ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ തുടങ്ങിയവ കഴിയാനുണ്ട്. സാനിയ തിരിച്ചുവന്നത് എല്ലാവർക്കും പ്രചോദനമാണ്. ഞങ്ങൾ രണ്ടുപേരും യോഗ്യത നേടിയാൽ തീർച്ച യായും ഒരുമിച്ചു കളിക്കും.

∙ ലോക്ഡൗൺ എങ്ങനെ?

കുടകിലെ എന്റെ കുടുംബവീട്ടിലായിരുന്നു ഞാൻ. 25 വർഷത്തിനിടെ ആദ്യമായാണു 2 മാസം പൂർണമായി കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്. മകൾ തൃഥയോടൊപ്പം ഇത്രയും ദിവസം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

∙ കുട്ടികൾക്കായി ഇത്രയും വലിയൊരു സ്കോളർഷിപ് പദ്ധതി തുടങ്ങാൻ കാരണം?

ടെന്നിസ് 100 മീറ്റർ ഓട്ടം അല്ല, മാരത്തൺ ആണ്. വർഷങ്ങളുടെ കഠിനാധ്വാനം വേണം. എന്റെ ചെറുപ്പകാലത്തു കിട്ടാത്ത സൗകര്യങ്ങൾ ഇപ്പോഴത്തെ കുട്ടികൾക്കു ലഭിക്കണം എന്ന ആഗ്രഹമാണ് അതിനു പിന്നിൽ. ലോകത്തൊരിടത്തും ടെന്നിസിനും പഠനത്തിനും 100 ശതമാനം സ്കോളർഷിപ് നൽകുന്ന പദ്ധതിയില്ല. അതുകൊണ്ടാണ് അങ്ങനെയൊരെണ്ണം തുടങ്ങാമെന്നു വച്ചത്. 

∙ സ്കോളർഷിപ് പദ്ധതിക്ക് എല്ലാ കുട്ടികൾക്കും അപേക്ഷിക്കാമോ?

60 കുട്ടികൾക്കു സൗജന്യ ടെന്നിസ് പരിശീലനവും സ്കൂൾ പഠനവും നൽകുന്ന പദ്ധതിയാണിത്. ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ (എഐടിഎ) റാങ്കിങ് ഉള്ള കുട്ടികൾക്കു മാത്രമേ ആദ്യ വർഷം അപേക്ഷിക്കാനാകൂ. ലോക്ഡൗണിനു ശേഷം ട്രയൽസ് നടത്തും. ബെംഗളൂരുവിലെ രോഹൻ ബൊപ്പണ്ണ ടെന്നിസ് അക്കാദമിയും സ്പോർട്സ് സ്കൂളും ചേർന്നാണു പരിശീലനം നൽകുന്നത്. ‌ഓരോ കുട്ടിക്കും 10 ലക്ഷം രൂപയോളം ചെലവാകും. മലയാളിയായ ബാലചന്ദ്രൻ മാണിക്കത്താണു ഹെഡ് കോച്ച്. 

English Summary: Rohan Bopanna Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com