ADVERTISEMENT

ബൽഗ്രേഡ് ∙ കായികലോകത്തെ പിടിച്ചുകുലുക്കി ലോക ഒന്നാം നമ്പർ ടെന്നിസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനു കോവിഡ് ‌സ്ഥിരീകരിച്ചു. ക്രൊയേഷ്യയിലും സെർബിയയിലുമായി സംഘടിപ്പിച്ച അഡ്രിയ പ്രദർശന ടൂ‍ർണമെന്റിൽ പങ്കെടുത്തവരിൽ കോവിഡ് സ്ഥിരീകരിക്കുന്ന 4–ാമത്തെ താരമാണു ജോക്കോവിച്ച്.

ക്രൊയേഷ്യൻ താരമായ ബോർന കോറിച്, ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, സെർബിയൻ താരം വിക്ടർ ട്രോയ്ക്കി എന്നിവർക്കു നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ലോകത്ത് കോവിഡ് വ്യാപനം തുടങ്ങിയതിനുശേഷം രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും പ്രശസ്തനായ കായികതാരമാണു ജോക്കോ. ഇതിനിടെ, കോവിഡ് കാലത്തു ടൂർണമെന്റ് സംഘടിപ്പിച്ചു സഹതാരങ്ങൾക്കും തനിക്കും രോഗം പടരാൻ കാരണമായി എന്ന ‘ഡബിൾ ഫോൾട്ട്’ വരുത്തിയ ജോക്കോവിച്ചിനെതിരെ ശക്തമായ വിമർശനം ഉയർന്നു കഴിഞ്ഞു.

ജോക്കോവിച്ചിന്റെ ഭാര്യ യെലേനയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ബൽഗ്രേഡിൽ എത്തിയ ഉടൻ താനും കുടുംബാംഗങ്ങളും പരിശോധന നടത്തുകയായിരുന്നെന്നും തന്റെ കുട്ടികളുടെ ഫലം നെഗറ്റീവാണെന്നും ജോക്കോ പ്രസ്താവനയിൽ അറിയിച്ചു. അടുത്ത 14 ദിവസത്തേക്കു ക്വാറന്റീനിൽ കഴിയുകയും 5–ാം ദിവസം വീണ്ടും പരിശോധന നടത്തുകയും ചെയ്യും.

ക്രൊയേഷ്യയിലും സെർബിയയിലും കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു നൽകിയിരുന്നതിനാൽ, പ്രദർശന മത്സരങ്ങൾക്കിടയിൽ ജോക്കോവിച്ച് ഉൾപ്പെടെയുള്ള താരങ്ങൾ ശാരീരിക അകലം പാലിച്ചിരുന്നില്ല. താരങ്ങൾ ആലിംഗനം ചെയ്യുന്നതിന്റെയും ഒരുമിച്ചു നൃത്തം ചെയ്യുന്നതിന്റെയും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുമുണ്ട്. മത്സരങ്ങൾ കാണാൻ ഒട്ടേറെപ്പേർ എത്തിയിരുന്നതും ആശങ്ക വർധിപ്പിക്കുന്നു. അ‍‍ഡ്രിയ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ റദ്ദാക്കി.

∙ കോവിഡ് കാലത്തു പ്രതിസന്ധിയിലായ താരങ്ങളെ സഹായിക്കുകയെന്ന സദുദ്ദേശ്യത്തോടെയാണ‌ു പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ചത്. രോഗം ബാധിച്ച എല്ലാ താരങ്ങളോടും മാപ്പു ചോദിക്കുന്നു. എല്ലാവരുടെയും നില മെച്ചപ്പെടുമെന്നു ശുഭപ്രതീക്ഷയുണ്ട്

–നൊവാക് ജോക്കോവിച്ച്

English Summary: Novak Djokovic tests positive for Covid-19 amid Adria Tour fallout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com