ADVERTISEMENT

ബൽഗ്രേഡ് ∙ ആത്മവിശ്വാസവും കഴിവുംകൊണ്ട് ടെന്നിസ് ലോകം കീഴടക്കിയ താരമാണ് സെർബിയയുടെ നൊവാക് ജോക്കോവിച്ച്. ലോക ടെന്നിസിൽ നിലവിലെ ഒന്നാം നമ്പർ താരം. ഇതേ ആത്മവിശ്വാസം (അതോ അമിത ആത്മവിശ്വാസമോ?) ക്രൂരമായി ജോക്കോവിച്ചിനെ തിരിച്ചടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ടെന്നിസ് ലോകത്ത്. കോവിഡ് വ്യാപനത്തിന്റെ തീരാദുരിതങ്ങൾക്കിടെ ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിച്ച് വിവാദത്തിൽ ചാടിയിരിക്കുകയാണ് താരം. കളിക്കാരുടെ ശരീരക്ഷമത നിലനിർത്താനെന്ന പേരിൽ ബാൾക്കൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്രിയ പ്രദർശന ടെന്നിസ് ടൂർണമെന്റ് അക്ഷരാർഥത്തിൽ ഒരു ‘കോവിഡ് ബോംബാ’യി മാറിയിരിക്കുന്നു.

സെർബിയ ഉൾപ്പെടുന്ന ബാൾക്കൻ പ്രദേശത്ത് കോവിഡ് അത്ര ഗുരുതരമല്ല എന്ന ന്യായത്തോടെയാണ് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ ടൂർണമെന്റ് നടത്തിയത്. ഇതിൽ പങ്കെടുത്ത നാലു താരങ്ങൾക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, ക്രൊയേഷ്യയുടെ ബോർന കൊറിച്ച്, ജോക്കോവിച്ചിന്റെ നാട്ടുകാരൻ കൂടിയായ വിക്ടർ ട്രോയിസ്കി എന്നിവരാണ് ആദ്യത്തെ മൂന്നുപേർ. ഇവർക്കുപിന്നാലെ ‘താൻ കുഴിച്ച കുഴിയിൽ താൻതന്നെ’ എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിച്ച് ടൂർണമെന്റിന്റെ മുഖ്യ സംഘാടകൻ ജോക്കോവിച്ചിനും ഇതാ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. തനിക്കും ഭാര്യ യെലേനയ്‌ക്കും രോഗം സ്ഥിരീകരിച്ചതായി ജോക്കോവിച്ച് തന്നെയാണ് അറിയിച്ചത്.

djokovic-tour
ജോക്കോവിച്ചും സഹതാരങ്ങളും ടൂർണമെന്റിനിടെ.

ടൂർണമെന്റിന്റെ രണ്ടാം പാദം നടന്ന ക്രൊയേഷ്യയിലെ സദറിൽനിന്ന് ബെൽഗ്രേഡിൽ തിരിച്ചെത്തിയ ഉടന്‍ ജോക്കോവിച്ചും ഭാര്യയും കോവിഡ് പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു. ഗ്രിഗർ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടൂർണമെന്റ് ഉപേക്ഷിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച മറ്റു മൂന്നുപേർ സദറിൽത്തന്നെ തുടർന്നപ്പോൾ, ജോക്കോവിച്ചും ഭാര്യയും ടൂർണമെന്റിന്റെ സംഘാടകർക്കൊപ്പം സെർബിയയിലേക്കു മടങ്ങി. നാട്ടിലെത്തിയശേഷമാണ് ഇരുവരും കോവിഡ് പരിശോധനയ്ക്ക് വിധേയരായത്. തനിക്കും ഭാര്യയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി അറിയിച്ച ജോക്കോവിച്ച്, മക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും വ്യക്തമാക്കി.

ലോക ഒന്നാം നമ്പർ താരം കൂടിയായ ജോക്കോവിച്ച് ഉൾപ്പെടെ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാൻസ്‍ലാം ഉൾപ്പെടെയുള്ള ടെന്നിസ് ടൂർണമെന്റുകൾ പുനരാരംഭിക്കുന്ന കാര്യം വീണ്ടും സംശയത്തിലായി. ഓഗസ്റ്റ് 31 മുതൽ യുഎസ് ഓപ്പണും സെപ്റ്റംബർ 27 മുതൽ ഫ്രഞ്ച് ഓപ്പണും പുനരാരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു എടിപിയും ഡബ്ല്യുടിഎയും. 

∙ ടെന്നിസ് മാത്രമല്ല, നിശാ പാർട്ടിയും!

കോവിഡ് വ്യാപനത്തിനിടെ വിവിധ രാജ്യങ്ങളിലെ താരങ്ങളെ കൂട്ടി ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിച്ചപ്പോള്‍ത്തന്നെ ജോക്കോവിച്ച് മിക്കവർക്കും വില്ലനായി മാറിയിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സെർബിയയിൽ കോവിഡ് വ്യാപനം അത്ര ഗുരുതരമല്ല എന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. സർക്കാരിന്റെ നിർദ്ദേശം കൃത്യമായി പാലിച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ, ടൂർണമെന്റിൽ പങ്കെടുത്ത താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ശാരീരിക അകലം പാലിക്കാതെ മത്സരങ്ങൾ നടത്തിയതും കാണികളെ പ്രവേശിപ്പിച്ചതും വിവാദമായിരുന്നു.

djokovic-night-party
നിശാപാർട്ടിക്കിടെ നൃത്തം വയ്ക്കുന്ന ജോക്കോവിച്ചും സംഘവും.

സർക്കാരിന്റെ ചട്ടങ്ങൾ പാലിച്ചാണ് ടൂർണമെന്റ് നടത്തിയതെന്ന് ജോക്കോവിച്ചും സംഘവും വാദിക്കുമ്പോൾത്തന്നെ, നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി താരങ്ങൾ ബാസ്കറ്റ്ബോൾ കളിക്കുന്നതിന്റെയും ഒത്തൊരുമിച്ചു നൃത്തം ചെയ്യുന്നതിന്റെയും നിശാ പാർട്ടി സംഘടിപ്പിക്കുന്നതിന്റെയും വിഡിയോ പുറത്തായി. ജോക്കോവിച്ച് ഉൾപ്പെടെ ഇതിനകം കോവിഡ് സ്ഥിരീകരിച്ച താരങ്ങൾ മറ്റു താരങ്ങൾ ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് ബാസ്കറ്റ്ബോൾ കളിച്ചതും നിശാപാർട്ടിയിൽ പങ്കെടുത്തതും. മത്സരത്തിനിടെ ജോക്കോവിച്ചും സംഘവും ആരാധകർക്കും സഹതാരങ്ങൾക്കുമൊപ്പം കൂട്ടത്തോടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രവും പുറത്തുവന്നു. ഇതിൽ സാമൂഹിക അകലമെന്ന സങ്കൽപ്പമേയില്ല!

നിശാപാർട്ടിയുടെ വിഡിയോയിലും കോവിഡൊന്നും പ്രശ്നമേയല്ലെന്ന മട്ടിലാണ് ജോക്കോവിച്ചിന്റെയും സംഘത്തിന്റെയും ‘പ്രകടനം’. അർധനഗ്നരായി ബൽഗ്രേഡിലെ ഏതോ നിശാക്ലബ്ബിൽ ജോക്കോവിച്ചും ഗ്രിഗർ ദിമിത്രോവും ഉൾപ്പെടുന്ന സംഘം ആടിപ്പാടി തിമിർക്കുന്ന ദൃശ്യങ്ങൾ വൈറലാണ്.

∙ വാക്സിൻ വിരുദ്ധ ‘തുടക്കം’

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ വിവാദ നായകനാണ് ജോക്കോവിച്ച്. കായിക മത്സരങ്ങൾ പുനഃരാരംഭിച്ചാലും നിർബന്ധിത കൊറോണ വൈറസ് വാക്സിനേഷനെടുക്കാൻ സമ്മതിക്കില്ലെന്ന് തുറന്നുപറഞ്ഞാണ് ആദ്യം വിവാദം സൃഷ്ടിച്ചത്. ഇത്തരം വാക്സിനേഷനുകൾക്ക് താൻ വ്യക്തിപരമായി എതിരാണെന്നായിരുന്നു ജോക്കോയുടെ വാദം. കളത്തിലേക്കു തിരിച്ചെത്താൻ കൊറോണ വൈറസ് വാക്സിനേഷൻ നിർബന്ധമാക്കില്ലെന്നാണ് പ്രതീക്ഷയെന്നും ജോക്കോവിച്ച് വ്യക്തമാക്കി.

djokovic-tour-4

കോവിഡിനുശേഷം ടെന്നിസ് മത്സരങ്ങൾ പുനഃരാരംഭിക്കണമെങ്കിൽ കൊറോണ വൈറസ് വാക്സിനേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ലോക ഒന്നാം നമ്പർ താരം അമേലി മൗറിസ്മോ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. നിലവിൽ കൊറോണ വൈറസ് വാക്സിനേഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് താൻ വാക്സിനേഷന് എതിരാണെന്ന ലോക ഒന്നാം നമ്പർ താരം കൂടിയായ ജോക്കോവിച്ചിന്റെ പ്രഖ്യാപനം.

‘വ്യക്തിപരമായി എനിക്ക് വാക്സിനേഷനോട് താൽപര്യമില്ല. തുടർന്നും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കില്ലെന്നാണ് പ്രതീക്ഷ’ – അന്ന് ജോക്കോവിച്ച് പറഞ്ഞു. ഇതിനിടെ ജോക്കോവിച്ചിന്റെ ഭാര്യ കോവിഡിനു കാരണമായി ‘5 ജി തീയറി’ അവതരിപ്പിച്ചതും വിവാദമായി.

∙ വിമർശിച്ച് താരങ്ങളും ആരാധകരും

കോവിഡിനിടെ മത്സരങ്ങൾ നടത്തി വില്ലനായ ജോക്കോവിച്ചിനെതിരെ കടുത്ത വിമർശനമുയർത്തിയ പ്രധാന താരം ബ്രിട്ടന്റെ ആൻഡി മറിയാണ്. കോവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് മറി ചൂണ്ടിക്കാട്ടി.

‘ആ ടൂർണമെന്റിലെയും നിശാ പാർട്ടിയിലെയും ചിത്രങ്ങളും വിഡിയോകളും കാണുമ്പോൾ എത്ര പേർക്ക് കോവിഡ് ബാധിച്ചാലും അതിൽ വലിയ അദ്ഭുതമൊന്നും തോന്നില്ല. സാമൂഹിക അകലമെന്നത് അവയിലൊന്നിൽ പോലുമില്ല. യുഎസ് ഓപ്പൺ ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഇനി നീട്ടിവയ്ക്കേണ്ടി വരുമെന്ന് ചിലർ വാദിക്കുന്നതു കണ്ടു. സെർബിയയിലും ക്രൊയേഷ്യയിലും നടന്ന ടൂർണമെന്റിലും യുഎസ് ഓപ്പണിലും കൈക്കൊള്ളുന്ന മുൻകരുതലിന്റെ കാര്യത്തിൽത്തന്നെ അജഗജാന്തരം വ്യത്യാസമുണ്ട്. നിങ്ങൾ ആരായാലും കോവിഡ് നിയന്ത്രണങ്ങളെ ബഹുമാനിച്ചേ തീരൂ’ – മറി പറഞ്ഞു.

djokovic-tour-3

ടെന്നിസ് താരങ്ങൾക്ക് കോവിഡ് ബാധിച്ചതിന്റെ കാരണക്കാരൻ ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ച ജോക്കോവിച്ചാണെന്നും അദ്ദേഹം ഉത്തരവാദിത്തം ഏൽക്കണമെന്നും ബ്രിട്ടീഷ് താരം ബ്രിട്ടൻ ‍ഡാൻ ഇവാൻസ് ആവശ്യപ്പെട്ടു. വിമർശനവുമായി ഓസീസ് താരം നിക് കിർഗിയോസും രംഗത്തുണ്ട്.

∙ ഒടുവിൽ മാപ്പ്...

ശരീരക്ഷമത കാത്തുസൂക്ഷിക്കാൻ നടത്തിയ ടൂർണമെന്റ് ‘കോവിഡ് ബോംബാ’യി മാറിയതോടെ ജോക്കോവിച്ച് പരസ്യമായി ക്ഷമ പറഞ്ഞു. ആരുടെയും ആരോഗ്യസ്ഥിതി വഷളാകില്ലെന്നാണ് പ്രതീക്ഷയെന്നും എല്ലാവരും സുഖപ്പെടുമെന്നും ജോക്കോവിച്ച് പ്രസ്താവനയിൽ ആശംസിച്ചു. തീർത്തും സത്യസന്ധമായ ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് ജോക്കോവിച്ച് പറഞ്ഞു.

‘ഞങ്ങൾ സംഘടിപ്പിച്ച ടൂർണമെന്റ് ഇത്രയേറെ പേർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതിൽ ആത്മാർഥമായി മാപ്പു ചോദിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ടൂർണമെന്റിന്റെ സംഘാടകരും ഞാനും ചെയ്തതെല്ലാം സദുദ്ദേശ്യത്തോടെ മാത്രമാണ്. നമ്മുടെ പ്രദേശത്ത് കോവിഡ് ഭീഷണിയില്ലെന്നും ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ആരോഗ്യപരമായ എല്ലാ മുൻകരുതലുകളും കൈക്കൊണ്ടുവെന്നുമാണ് ഞങ്ങൾ കരുതിയത്. എല്ലാവരുടെയും നൻമ മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങളുടെ ചിന്തകൾ തെറ്റിപ്പോയെന്ന് ഇപ്പോൾ തെളിഞ്ഞു. അതും വളരെ പെട്ടെന്നുതന്നെ. ഈ ടൂർണമെന്റുമായി ബന്ധപ്പെട്ട് ഇത്രയധികം പേർക്ക് രോഗം ബാധിച്ചതിൽ എത്ര ക്ഷമ ചോദിച്ചാലാണ് മതിയാവുക?

നിങ്ങൾ അഡ്രിയ ടൂർണമെന്റിൽ പങ്കെടുക്കുകയോ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ദയവു ചെയ്ത് കോവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും മറ്റുള്ളവരിൽനിന്ന് അകലം പാലിക്കുകയും ചെയ്യുക. ബൽഗ്രേഡിലും സദറിലുമുള്ളവർക്കായി ആരോഗ്യ സംവിധാനം ഉടൻ ഒരുക്കുന്നതാണ്. ടൂർണമെന്റ് ഇതിനാൽ റദ്ദാക്കുക മാത്രമല്ല, രോഗബാധിതരുടെ സൗഖ്യത്തിലാകും നമ്മുടെ പരിപൂർണ ശ്രദ്ധ. എല്ലാവരുടെയും സമ്പൂർണ സൗഖ്യത്തിനായി പ്രാർഥിക്കുന്നു’ – ജോക്കോവിച്ച് കുറിച്ചു.

English Summary: Novak Djokovic in trouble as Adria Tour event causes COVID 19 Spread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com