ADVERTISEMENT

അമ്മയാകാൻ കോർട്ടിൽനിന്നു രണ്ടര വർഷത്തോളം അവധിയെടുത്ത സാനിയ മിർസയുടെ അതിഗംഭീര തിരിച്ചുവരവായിരുന്നു കോവിഡിനു മുൻപ് ഇന്ത്യൻ ടെന്നിസിലെ പ്രധാന സംഭവങ്ങളിലൊന്ന്. ഹൊബാർട് കപ്പ് ടെന്നിസ് കിരീടനേട്ടത്തോടെ, രാജ്യത്തെ കോടിക്കണക്കിനു സ്ത്രീകൾക്കു പ്രചോദനമായി മാറിയ സാനിയ ഇപ്പോൾ മകൻ ഇസ്ഹാനും മാതാപിതാക്കൾക്കുമൊപ്പം ഹൈദരാബാദിലെ വീട്ടിലുണ്ട്. ഒളിംപിക്സ് ഉൾപ്പെടെയുള്ള ഭാവിപദ്ധതികൾ, കോർട്ടിലേക്കുള്ള തിരിച്ചുവരവ്, കുടുംബം തുടങ്ങിയവയെക്കുറിച്ചു സാനിയ ‘മലയാള മനോരമ’യോടു സംസാരിക്കുന്നു.

അമ്മയായ ശേഷമുള്ള തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു. എങ്ങനെയാണ് അതു നേടിയെടുത്തത്?

അമ്മയായ സമയത്തു നന്നായി തടിവച്ചിരുന്നു. 26 കിലോയാണു 4 മാസം കൊണ്ടു ഞാൻ കുറച്ചത്. ഇസ്ഹാനായിരുന്നു എന്റെ പ്രചോദനം. അവനു വേണ്ടിയാണു ഞാൻ കോർട്ടിലേക്കു തിരിച്ചുവന്നത്. കിം ക്ലൈസ്റ്റേഴ്സ്, സെറീന വില്യംസ് തുടങ്ങിയ ടെന്നിസിലെ അമ്മമാരെ നോക്കിയാണ് എനിക്കും ഇതു സാധിക്കുമെന്നു ഞാൻ വിശ്വസിച്ചത്. ഹൊബാർട്ടിൽ ഒരു കളിയെങ്കിലും ജയിച്ചാൽ അദ്ഭുതം എന്നു കരുതിയാണു ഞാൻ ആരംഭിച്ചത്. എന്നാൽ, എന്റെ എല്ലാ കഷ്ടപ്പാടുകൾക്കും പ്രതിഫലമെന്നോണം അവിശ്വസനീയമായി ആ കിരീടം നേടി. ഒട്ടേറെ സ്ത്രീകൾക്ക്, പ്രത്യേകിച്ചും അമ്മമാർക്കു ഞാൻ പ്രചോദനമായി എന്നത് ഏറെ സന്തോഷം നൽകുന്നു.

sania-mirza

അമ്മ എന്ന നിലയിൽ പരിശീലനവും തയാറെടുപ്പുകളും മാറിയിട്ടുണ്ടോ?

വ്യക്തിപരമായി എനിക്ക് ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, പരിശീലനത്തിലും മറ്റു തയാറെടുപ്പുകളിലും ഒരു മാറ്റവുമില്ല. മുൻപുണ്ടായിരുന്ന അത്രയും സമയം തന്നെ ഞാൻ പരിശീലിക്കുന്നുണ്ട്. കോർട്ടിലേക്കു തിരികെ വരാൻ ഞാൻ തീരുമാനമെടുത്തതുതന്നെ അങ്ങനെ സമയം ലഭിക്കും എന്നുറപ്പിച്ച ശേഷമാണ്. എന്റെ അമ്മയാണ് ഏറ്റവുമധികം സഹായിക്കുന്നത്. അല്ലെങ്കിൽ എനിക്കൊന്നും നേടാൻ സാധിക്കുമായിരുന്നില്ല. അനിയത്തി അനാം മിർസ മറ്റു കാര്യങ്ങളിലെല്ലാം സഹായിക്കുന്നു.

shoaib-sania
ഭർ‌ത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കും സാനിയയും.

ലോക്ഡൗണിൽ ഒപ്പമില്ലാതിരുന്ന ഭർത്താവ് ശുഐബ് മാലിക്കിന് ഇപ്പോൾ സാനിയയെയും മകനെയും കാണാൻ അനുമതി ലഭിച്ചിട്ടുണ്ടല്ലോ. നിങ്ങൾ ഒരുമിച്ചാണോ ഇപ്പോഴുള്ളത്...? 

ഞങ്ങൾ നേരിൽ കണ്ടിട്ട് 5 മാസമായി. ഇരുവരും അവരവരുടെ വീടുകളിൽ സുരക്ഷിതരാണെന്നതിൽ ആശ്വാസമുണ്ട്. ഇംഗ്ലണ്ടിലുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനൊപ്പം ചേരും മുൻപ് അദ്ദേഹത്തിന് എന്നെ കാണാൻ അനുവാദം ലഭിച്ചിട്ടുണ്ട്. ഞങ്ങൾ ഇരുവരും ദുബായിയിലെത്തി കാണണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ, രാജ്യാന്തര വിമാനയാത്രകൾ അനുവദിക്കാത്തതിനാൽ ഇതുവരെ അതിനു സാധിച്ചിട്ടില്ല. 

ലോക്ഡൗൺ കാലം എങ്ങനെയാണു ചെലവഴിച്ചത്?

ലോക്ഡൗണിൽ ഫിറ്റ്നസ് നിലനിർത്തുക വെല്ലുവിളിയായിരുന്നു. വീട്ടിൽ തന്നെയായിരുന്നു വർക്ക് ഔട്ടും പരിശീലനവും. 

കോവിഡ് കാരണം ടൂർണമെന്റുകളെല്ലാം നിർത്തിവച്ചതു കരിയറിനെ ബാധിക്കുമെന്നു കരുതുന്നുണ്ടോ?

കോർട്ടിലേക്കു തിരിച്ചെത്തുകയും വിജയം നേടുകയുംവരെ ചെയ്തു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം വളരെ ദൗർഭാഗ്യകരമാണ്. ഫോം നഷ്ടമാകുമോ എന്നെനിക്ക് ആശങ്കയുണ്ട്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ടൂർണമെന്റുകൾ പുനരാരംഭിക്കുമെന്നാണു പ്രതീക്ഷ.

sania mirza
റിയോ ഒളിംപിക്സിൽ ഡബിൾസിൽ മൽസരിക്കുന്ന സാനിയ. ചിത്രം: ആർ.എസ്. ഗോപൻ

കഴിഞ്ഞ ഒളിംപിക്സിൽ രോഹൻ ബൊപ്പണ്ണയോടൊപ്പം മിക്സ്ഡ് ഡബിൾസിൽ മെഡലിന് അരികിലെത്തിയിരുന്നു. 2021 ഒളിംപിക്സിൽ എന്താണ് ഗെയിം പ്ലാൻ?

ടോക്കിയോയിൽ കളിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. ഒരു വർഷം കൂടിയുള്ളതിനാൽ തയാറെടുപ്പിനു കൂടുതൽ സമയം ലഭിക്കും. അതിനു മുൻപ് ഒട്ടേറെ ടൂർണമെന്റുകൾ ബാക്കിയുണ്ട്. തൽക്കാലം ആരോഗ്യവതിയായി ഇരിക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. തയാറെടുപ്പുകൾ പഴയതുപോലെതന്നെ തുടരുന്നുമുണ്ട്. 

കഴിഞ്ഞ 2 ദശകമായി ഇന്ത്യയുടെ അഭിമാന താരമാണു സാനിയ. കരിയറിലേക്കു തിരി‍ഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?

അദ്ഭുതകരമായ യാത്രയായിരുന്നു. ഒരു സ്വപ്നം പോലെയാണ് എനിക്കു തോന്നുന്നത്. ഞാൻ ടെന്നിസ് കളി ആരംഭിക്കുന്ന കാലത്ത്, എന്റെ കരിയർ ഇങ്ങനെയൊക്കെ ആകും എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ചിരിച്ചു തള്ളിയേനേ. ദൈവാനുഗ്രഹം ഒപ്പമുണ്ടായിരുന്നതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊക്കെ ആയത്.

English Summary: Sania Mirza exclusive interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com