sections
MORE

അവസാന സീസണിന് പേസ് പേരിട്ടു, ‘വൺ ലാസ്റ്റ് റോർ’; പിന്നാലെ കോവിഡ്, ഇനി?

Leander-Paes-with-Martina-Hingis
SHARE

ലോക ടെന്നിസ് കോർട്ടിലെ ഇന്ത്യൻ സിംഹ ഗർജനമാണ് ലിയാൻഡർ പെയ്സ്. കഴിഞ്ഞ 3 പതിറ്റാണ്ടുകളെ എണ്ണം പറഞ്ഞ എയ്സുകൾ കൊണ്ട് അടയാളപ്പെടുത്തിയ താരം. കോർട്ടിനകത്തും പുറത്തും ഒറ്റയാനായും ടീമായും പെയ്സ് സമ്മാനിച്ച അനശ്വര നിമിഷങ്ങൾ ഒറ്റക്കാര്യം മാത്രമാണ് ലോകത്തോടു വിളിച്ചുപറഞ്ഞത്. ‘കളിയഴകിനും കരുത്തിനും പ്രായനിബന്ധനയില്ല’. 47 വയസ്സു തികഞ്ഞ പെയ്സ് കളിക്കളത്തോട് വിട പറയാനിരുന്ന വർഷമായിരുന്നു 2020. ഇതിഹാസ സമാനമായ കരിയറിന്റെ അവസാന സീസണിന് ഒരു പേരുമിട്ടു ‘വൺ ലാസ്റ്റ് റോർ’. എതിരാളികളെയും കോർട്ടിനെയും വിറപ്പിക്കുന്ന അവസാന ഗർജനം.

പക്ഷേ, കോവിഡിന്റെ വരവോടെ ലോക്ക് വീണ കളിക്കളങ്ങൾ ആ അവസാന സീസണിന്റെ പാതി കവർന്നെടുത്തു കഴിഞ്ഞു. വീണ്ടും ടെന്നിസ് മൈതാനങ്ങൾ ഉണരുമ്പോൾ നേട്ടങ്ങൾ റാക്കറ്റിലൊതുക്കാൻ പെയ്സ് ഉണ്ടാകുമോ? അതോ പാതിയിൽ നിർത്തിയ ഗാനം പോലെ ആ കരിയർ അവസാനിക്കുമോ? ആശങ്കയിലാണ് ആരാധകർ. 30 വർഷത്തെ ടെന്നിസ് കരിയറിനെക്കുറിച്ചും കടന്നുപോയ അനുഭവങ്ങളെക്കുറിച്ചും പെയ്സ് മനോരമയോട് മനസ്സു തുറക്കുന്നു. അപ്പോൾ മാച്ച് തുടങ്ങാം:

∙ സെർവ് 1: കായികരംഗത്തെ അപ്പാടെ നിശ്ചലമാക്കിയ കോവിഡ് കാലം ലിയാൻഡർ പെയ്സിന് എന്തൊക്കെയാണ് നഷ്ടമാക്കിയത് ?

റിട്ടേൺ 1: പ്രഫഷനൽ ടെന്നിസിൽ നിന്ന് ഞാൻ വിരിക്കൽ പ്രഖ്യാപിച്ച വർഷമാണിത്. ഇത്തവണത്തെ ഓരോ മത്സരവും ടൂർണമെന്റും എനിക്കു പ്രധാനപ്പെട്ടതായിരുന്നു. മത്സരങ്ങൾ തടസപ്പെട്ടിരുന്നില്ലെങ്കിൽ ഈ സമയത്ത് ലണ്ടനിൽ വിമ്പിൾഡൻ കളിക്കേണ്ടിയിരുന്നതാണ്. 3 ഗ്രാൻസ്ലാമുകളിൽ കൂടി പങ്കെടുത്താൽ ഇതുവരെ കളിച്ച ഗ്രാൻസ്ലാമുകളുടെ എണ്ണം 100 ആകും. ഒരു ഒളിംപിക്സിൽ കൂടി പങ്കെടുത്താൽ തുടർച്ചയായ 8 ഒളിംപിക്സുകളെന്ന അത്യപൂർവ നേട്ടത്തിലെത്തും. 2020ൽ ഇതൊക്ക ലക്ഷ്യങ്ങളിലുണ്ടായിരുന്നതാണ്.

∙ സെർവ് 2: മത്സരങ്ങളെല്ലാം മാറ്റിവച്ചതിനാൽ വിരമിക്കൽ തീരുമാനത്തിലും മാറ്റമുണ്ടാകുമോ?

റിട്ടേൺ 2: നിലവിൽ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ടെന്നിസ് മത്സരങ്ങൾ എന്നു പുനരാരംഭിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒളിംപിക്സ് അടുത്ത വർഷം നടക്കുന്ന അവസ്ഥയുണ്ടായാൽ തീരുമാനം പുനരാലോചിക്കും. ഇനി ഒരു മത്സരങ്ങൾ പോലും കളിക്കാൻ പറ്റാതെ വിരമിക്കേണ്ടി വന്നാൽ പോലും ഞാൻ തൃപ്തനാണ്. ഡേവിസ് കപ്പിൽ ഏറ്റവുമധികം വിജയങ്ങളുള്ള ഡബിൾസ് താരം, കഴിഞ്ഞ 30 വർഷത്തിനിടെ ഓരോ പതിറ്റാണ്ടിലും വിംബിൾഡൻ കിരീടങ്ങൾ നേടിയ പ്ലെയർ, 18 ഗ്രാൻസ്ലാം കിരീടങ്ങൾ എന്നിങ്ങനെ സ്വപ്നം കണ്ടതിലും അപ്പുറമുള്ള നേട്ടങ്ങൾ ടെന്നിസ് കോർട്ടിൽനിന്ന് ഇതിനകം ലഭിച്ചിട്ടുണ്ട്.

∙ സെർവ് 3: മൂന്നു പതിറ്റാണ്ടു നീണ്ട ടെന്നിസ് കരിയറിൽ‌ ലിയാൻഡർ പെയ്സിന് ഏറ്റവും പ്രിയപ്പെട്ട നേട്ടമേതാണ്?

റിട്ടേൺ 3: ഒന്നിലേറെയുണ്ട്. ആദ്യത്തേത് 1996ലെ ഒളിംപിക്സ് മെഡലാണ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾ സഫലമാക്കിയശേഷം മെഡൽ പോഡിയത്തിൽ തലയുയർത്തി നിന്ന ആ നിമിഷം അവിസ്മരണീയമായിരുന്നു. പിന്നീട് ഒരു വർഷത്തോളം ആ നേട്ടത്തിന്റെ ‘ഹാങ് ഓവറിലായിരുന്നു ഞാൻ. ആ കാലത്തെ യാത്രകളിൽ ഒളിംപിക് മെഡലും എന്റെ ബാഗിൽ സ്ഥിരാംഗമായി. പലപ്പോഴും ഒളിംപിക് മെഡൽ കെട്ടിപ്പിടിച്ചാണ് ഞാൻ ഉറങ്ങിയിരുന്നതുപോലും. ഗ്രാൻസ്ലാം കിരീടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് വിമ്പിൾഡൻ കിരീടങ്ങളാണ്. അതിൽ തന്നെ മാർട്ടിന ഹിൻജിസിനൊപ്പം നേടിയ 2015ലെ മിക്സഡ് ഡ‍ബിൾസ് വിജയം കരിയറിലെ നിർണായക നേട്ടങ്ങളിൽ ഒന്നാണ്.

∙ സെർവ് 4: ഡബിൾസ് ഇനങ്ങളിൽ കൂടെക്കൂടെ പങ്കാളികളെ മാറ്റുന്നു എന്നൊരു വിമർശനം പെയ്സിനു നേരെ ഉയർ‌ന്നിരുന്നല്ലോ?

റിട്ടേൺ 4: പുരുഷ ഡബിൾസിൽ ഇതുവരെ 136 താരങ്ങളുമായി സഖ്യം ചേർന്നിട്ടുണ്ട്. മിക്സഡ് ഡബിൾസിൽ‌ 26 പേർക്കൊപ്പം കളിച്ചു. അവരെല്ലാം കരിയറിൽ എന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. പങ്കാളികളെ എന്റെ കളി ശൈലിയിലേക്കു കൊണ്ടുവരുന്ന രീതിയില്ല എന്റേത്. മറിച്ച് അവരുടെ കളി ശൈലിയിലും ടെക്നിക്കുകളിലും മികച്ചത് അനുകരിക്കാനാണ് എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്. അവരിൽ മിക്കവരുമായും എനിക്കു വ്യക്തിപരമായ ബന്ധമുണ്ട്. അവരുടെ കുടുംബാംഗങ്ങളെ അറിയാം. ഇഷ്ടപ്പെട്ട ഭക്ഷണമറിയാം. എന്തിന് വളർത്തു മൃഗത്തിന്റെ പേരു പോലും അറിയാം. ഈ സൗഹൃദമാണ് കോർട്ടിൽ ഞങ്ങൾക്കു മികച്ച റിസൽറ്റ് സമ്മാനിച്ചത്.

∙ സെർവ് 5: ലോകത്തെ മികച്ച ഡബിൾസ് ടെന്നിസ് താരത്തിന് ഇന്ത്യയിൽ അതിനൊത്ത പരിഗണന കിട്ടിയിട്ടില്ലെന്ന തോന്നലുണ്ടോ ?

റിട്ടേൺ 5: ഞാൻ മത്സരിക്കുന്ന ടെന്നിസ് ഒരു ഗ്ലോബൽ സ്പോർട്ടാണ്. 5 ഭൂഖണ്ഡങ്ങളിൽ വലിയ പ്രചാരമുള്ള മത്സരയിനം. അവിടെയെല്ലാം ആരാധകരിൽ നിന്ന് എനിക്ക് വലിയ പിന്തുണയും പരിഗണനയും ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ ടെന്നിസിന് ക്രിക്കറ്റിനോളം പ്രചാരമില്ലെന്നത് യാഥാർഥ്യമാണ്. പക്ഷേ, എനിക്കുള്ള പിന്തുണയ്ക്ക് കുറവൊന്നുമുണ്ടായിട്ടില്ല.

∙ സെർവ് 6: വിരമിക്കലിനുശേഷം ഒരു ടെന്നിസ് അക്കാദമി എന്ന സ്വപ്നം മനസ്സിലുണ്ടോ?

റിട്ടേൺ 6: ഒരു ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് സ്പോർട്സ്. ഒരു കായിക താരമായതുകൊണ്ടു മാത്രമാണ് 47–ാം വയസ്സിലും എനിക്ക് ആരോഗ്യവാനായി കഴിയാനാകുന്നത്. സ്കൂളുകളിൽ കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യാത്രയാണ് മനസ്സിലുള്ളത്. എന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്കു പകർന്നു നൽകുകയാണു ലക്ഷ്യം. രാജ്യത്തെ കായിക പ്രതിഭകളിൽ 70 ശതമാനത്തോളം ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. നാളെയുടെ താരങ്ങളാകേണ്ട ഒട്ടേറെ കുട്ടികൾ ഇനിയും തിരിച്ചറിയപ്പെടാതെ അവിടെ കഴിയുന്നുണ്ട്.

English Summary: Leander Paes about retirement and future projects

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA