ADVERTISEMENT

ദുബായ്∙ കാത്തിരിപ്പിനൊടുവിൽ മാസങ്ങൾക്കു ശേഷം ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സ ഭർത്താവ് ശുഐബ് മാലിക്കിന് അടുത്തെത്തി. ഏഴു മാസങ്ങൾക്കു ശേഷമാണ് സാനിയയും മാലിക്കും ദുബായിൽവച്ച് നേരിൽ കണ്ടത്. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും കാരണം ഹൈദരാബാദിലെ വീട്ടിലായിരുന്നു സാനിയ ഇത്രയും നാൾ താമസിച്ചത്.

കോവിഡ് സാഹചര്യം പരിഗണിച്ച് ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല. പ്രത്യേക അനുമതിയുള്ളവർക്കു മാത്രമാണ് രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ സാധിക്കുന്നത്. മകൻ ഇസാനോടൊപ്പം വിമാനത്തിലാണ് സാനിയ ദുബായിലെത്തി മാലിക്കിനെ കണ്ടത്. ട്വന്റി20 പരമ്പരയ്ക്കായി ഇംഗ്ലണ്ടിലായിരുന്ന മാലിക്ക് പരമ്പരയ്ക്കു ശേഷം പാക്കിസ്ഥാനിലേക്കു പോകാതെ യുഎഇയിൽ തങ്ങുകയായിരുന്നു. മകനോടൊപ്പം കളിക്കുന്ന വിഡിയോ മാലിക് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

കുടുംബത്തെ കാണുന്നതിനായി കഴിഞ്ഞ ജൂണില്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മാലിക്കിന് സമയം അനുവദിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ കാരണം താരത്തിന് പാക്കിസ്ഥാൻ വിടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഓഗസ്റ്റ് മൂന്നാം വാരം താരം ഇംഗ്ലണ്ടിലേക്കു പോയി. ഐസലേഷന് ശേഷം ട്വന്റി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും പൂർത്തിയാക്കി യുഎഇയിലെത്തി. പാക്കിസ്ഥാന് അടുത്ത് രാജ്യാന്തര പരമ്പരകളൊന്നും ഇല്ലാത്തതിനാല്‍ മാലിക് കുറച്ചുനാൾ ദുബായിൽ തന്നെ താമസിക്കുമെന്നാണു കരുതുന്നത്.

നവംബറിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സല്‍മിക്കുവേണ്ടി മാലിക് കളിക്കാനിറങ്ങും. ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് മാലിക്. നീണ്ട അവധിക്കു ശേഷം കഴിഞ്ഞ വർഷം സാനിയ ടെന്നീസിലേക്കു മടങ്ങിയെത്തിയിരുന്നു. അതേസമയം കോവിഡ് മഹാമാരിയെ തുടർന്ന് യുഎസ് ഓപ്പണില്‍ കളിച്ചില്ല.

English Summary: Sania Mirza meets husband Shoaib Malik after seven months in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com