ADVERTISEMENT

ന്യൂയോർക്ക്  ∙ 24–ാം ഗ്രാൻസ്‍ലാം കിരീടംചൂടി റെക്കോർഡ് ഇടാനെത്തിയ സെറീന വില്യംസിനു യുഎസ് ഓപ്പൺ ടെന്നിസ് സെമിയിൽ ഞെട്ടിക്കുന്ന തോൽവി. 3 വർഷത്തെ ഇടവേളയ്ക്കുശേഷം കോർട്ടിലേക്കു മടങ്ങിയെത്തിയ ബെലാറൂസിന്റെ സീഡില്ലാ താരം വിക്ടോറിയ അസറെങ്കയാണു 3–ാം സീഡായ യുഎസ് താരത്തെ അട്ടിമറിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചടിച്ചാണ് അസറെങ്കയുടെ വിജയം (1–6, 6–3, 6–3). ഇന്നു രാത്രി നടക്കുന്ന ഫൈനലിൽ ജപ്പാന്റെ നവോമി ഒസാക്കയാണ് അസറെങ്കയുടെ എതിരാളി. 

2017ൽ പിറന്ന മകൻ ലിയോയ്ക്കായി കോർട്ടിൽനിന്നു വിട്ടുനിന്ന അസറെങ്ക, ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ആദ്യ ഗ്രാൻസ്‍ലാമിലാണു ഫൈനലിൽ കടന്നത്. 11 ഗ്രാൻസ്‍ലാമുകളിൽ സെറീനയെ നേരിട്ടതിൽ മുപ്പത്തൊന്നുകാരിയുടെ ആദ്യ ജയം. മുപ്പത്തെട്ടുകാരിയായ സെറീന മകൾ ഒളിംപിയ പിറന്നശേഷം 2018ലാണു കോർട്ടിലേക്കു തിരിച്ചെത്തിയത്. 

azarenka
അസറെങ്കയുടെ വിജയാഹ്ലാദം.

ആദ്യ സെറ്റിൽ സെറീന മാരക ഫോമിലായിരുന്നു. 4 ഡബിൾ ഫോൾട്ടുകൾ വരുത്തി അസറെങ്ക ഉഴപ്പിയതോടെ 6–1നു സെറീന സെറ്റ് പിടിച്ചു. 2–ാം സെറ്റിൽ 2 ബ്രേക്ക് പോയിന്റുകൾ നേടി അസറെങ്ക മേൽക്കൈ നേടി. നിർണായകമായ അവസാന സെറ്റിൽ തുടരെ 3 ഗെയിമുകൾ നേടി ബെലാറൂസ് താരം മുന്നിലെത്തി. ഇടതു കണങ്കാലിന്റെ വേദന മാറ്റാൻ വൈദ്യസഹായം തേടേണ്ടിവന്നതോടെ സെറീന തളർന്നു. ബേസ്‌ലൈൻ ഷോട്ടുകളായിരുന്നു അസറെങ്കയുടെ കരുത്ത്. 

ജെന്നിഫർ ബ്രാഡിയെ 7–6, 3–6, 6–3നു തോൽപിച്ചാണ് ഒസാക ഫൈനൽ ഉറപ്പിച്ചത്. വെസ്റ്റേൺ ആൻഡ് സതേൺ ഓപ്പൺ ഫൈനലിൽനിന്ന് ഒസാക പിൻമാറിയപ്പോൾ ജേതാവായത് അസറെങ്കയാണ്. രണ്ടാഴ്ച മുൻപു ‘നടക്കാതെ പോയ ഫൈനലി’ന് ആർതർ ആഷ് സ്റ്റേഡിയം വേദിയാകും. 

English Summary: Serena Williams Loses To Azarenka In US Open Semi-Finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com