ADVERTISEMENT

ന്യൂയോർക്ക് ∙ വിക്ടോറിയ അസറെങ്കയുടെ സ്വപ്നതുല്യമായ കുതിപ്പിനും നവോമി ഒസാക്കയെ പിടിച്ചുനിർത്താനായില്ല. ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചടിച്ചു കയറിയ ഒസാക്കയ്ക്ക് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം (1-6,6-3,6-3). ഇരുപത്തിരണ്ടുകാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാൻഡ്സ്‌ലാം കിരീടമാണിത്. 2018 യുഎസ് ഓപ്പൺ ഓപ്പൺ, 2019 ഓസ്ട്രേലിയൻ ഓപ്പൺ എന്നിവയാണ് മറ്റുള്ളവ. ഫൈനൽ തോറ്റെങ്കിലും, അമ്മയായ ശേഷം കോർട്ടിലേക്കു തിരിച്ചെത്തിയ ബെലാറൂസുകാരി അസറെങ്ക മടങ്ങുന്നതും അഭിമാനത്തോടെ.

ആർതർ ആഷ് സ്റ്റേഡിയത്തിലെ ആളില്ലാ ഗാലറിക്കു മുന്നിൽ ആദ്യ സെറ്റ് അര മണിക്കൂറിനുള്ളിൽ മുപ്പത്തിയൊന്നുകാരി അസറെങ്ക സ്വന്തമാക്കിയതാണ്. എന്നാൽ അടുത്ത രണ്ട് സെറ്റിലും ഒസാക്കയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തലകുനിക്കേണ്ടി വന്നു. രണ്ടാം സെറ്റിൽ അസറെങ്ക 2-0നു മുന്നിലെത്തിയ ശേഷമായിരുന്നു ഒസാക്കയുടെ തിരിച്ചുവരവ്. രണ്ടു വട്ടം എതിരാളിയുടെ സെർവ് ബ്രേക്ക് ചെയ്ത് ലീഡ് എടുത്ത ഒസാക്ക മൂന്നാം വട്ടം സെറ്റും സ്വന്തമാക്കി. മൂന്നാം സെറ്റിൽ അസറെങ്ക 3 ബ്രേക്ക് പോയിന്റുകൾ നഷ്ടമാക്കിയതോടെ ഒസാക്ക 4-1 എന്ന നിലയിൽ മുന്നിൽ. അസറെങ്കയുടെ അവസാന ചെറുത്തുനിൽപും അവസാനിപ്പിച്ച് മത്സരം ഒരു മണിക്കൂർ 53 മിനിറ്റിൽ ഒസാക്കയ്ക്കു സ്വന്തം.

∙ മാസ്ക് ഓപ്പൺ!

വംശീയ വിവേചനത്തിനെതിരെ മാസ്ക് പോരാട്ടവുമായി ഇക്കുറി കളത്തിലിറങ്ങിയ നവോമി ഒസാക ശ്രദ്ധ കവർന്നിരുന്നു. യുഎസിൽ വംശീയ വിവേചനത്തിനിരയായ കറുത്ത വർഗക്കാരുടെ പേരെഴുതിയ മാസ്ക്കാണ് ഒസാക ധരിക്കുന്നത്. മത്സരത്തിനു കോർട്ടിലേക്ക് എത്തുമ്പോഴും മത്സരശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും മാസ്ക് മുഖത്തുണ്ടാവും.

2014ൽ യുഎസിലെ ഒഹായോയിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച 12 വയസ്സുകാരൻ തമിർ റൈസിന്റെ പേരെഴുതിയ മാസ്ക് അണിഞ്ഞാണ് കലാശപ്പോരിനായി ഒസാക എത്തിയത്. സെമിയിൽ ഉൾപ്പെടെ കഴിഞ്ഞ ആറു മത്സരങ്ങളിലും വ്യത്യസ്ത മാസ്ക്കുകൾ ധരിച്ചാണു കോർട്ടിലിറങ്ങിയത്. ഹെയ്ത്തി സ്വദേശിയുടെയും ജപ്പാൻകാരിയുടെയും മകളായി ജപ്പാനിലാണു ജനിച്ചതെങ്കിലും 3–ാം വയസ്സു മുതൽ ഒസാക താമസിക്കുന്നതു യുഎസിലാണ്.

യുഎസ് ഓപ്പൺ തുടങ്ങും മുൻപേ കടുത്ത നിലപാടെടുത്ത താരമാണ് ഇരുപത്തിരണ്ടുകാരിയായ ഒസാക. യുഎസ് ഓപ്പണിന് ഒരുക്കമായുള്ള സിൻസിനാറ്റി മാസ്റ്റേഴ്സ് ചാംപ്യൻഷിപ് സെമിയിലെത്തിയ ശേഷം ഒസാക നാടകീയമായി പിൻമാറ്റം പ്രഖ്യാപിച്ചു: വിസ്കോൻസെനിൽ കറുത്തവർഗക്കാരൻ ജേക്കബ് ബ്ലേക്കിനു പൊലീസിന്റെ വെടിയേറ്റ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. സംഘാടകർ പിന്നീട് ഏറെ ശ്രമിച്ച ശേഷമാണ് തുടർന്നു മത്സരത്തിനിറങ്ങാൻ ഒസാക തയാറായത്.

നവോമി ഒസാക്കയ്ക്ക് ഒരു ആരാധകന്റെ കത്ത്

ഡിയർ നവോമി!

ആർതർ ആഷ് സ്റ്റേഡിയത്തിൽ രണ്ടു വർഷം മുൻപ് നവോമിയെ കണ്ടതോർത്തു പോവുകയാണ്! 2018 യുഎസ് ഓപ്പണിൽ സെറീന വില്യംസിനെതിരായ ഫൈനൽ. സെറീനയുടെ പകിട്ടിൽ പതറാതെ മത്സരവും ആദ്യ ഗ്രാൻഡ്സ്‌ലാം കിരീടവും സ്വന്തം. അന്നു മത്സരശേഷം സെറീന ആരാധകരുടെ കൂവൽ‌ കേട്ടു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിയ നവോമിയെ ചേർത്തു പിടിച്ച് സെറീന പറഞ്ഞത് ഇപ്പോഴും ഓർമിക്കുന്നു: ‘ആദ്യ ഗ്രാൻഡ്സ്‌ലാം വിജയമാണിത്. നമുക്കിത് അവിസ്മരണീയമാക്കാം!’

ആ കൊച്ചുകുട്ടി രണ്ടു വർഷം കൊണ്ടെത്ര മുതിർന്നു പോയി!

അതേ  സ്റ്റേഡിയത്തിൽ ഇത്തവണയും നവോമിക്കു വേണ്ടി കയ്യടിക്കാൻ ആരുമുണ്ടായിരുന്നില്ല. പക്ഷേ, ഓരോ മത്സരത്തിലും ലോകം നവോമിയെ നോക്കിയിരിക്കുകയായിരുന്നു.  ഈ ടൂർണമെന്റിലെ ഓരോ മത്സരത്തിലും നവോമി ധരിച്ച മാസ്കുകൾ നമ്മൾ ജീവിക്കുന്ന കാലത്തിന്റെ കണ്ണാടി കൂടിയായിരുന്നു. അമേരിക്കയിൽ വംശീയ അതിക്രമങ്ങൾക്കിരയായി കൊല്ലപ്പെട്ട കറുത്ത വർഗക്കാരുടെ പേരുകളായിരുന്നല്ലോ ഓരോ മാസ്കിലും.. മനുഷ്യരുടെ മഴവിൽ നിറങ്ങളെക്കുറിച്ച് ജാപ്പനീസ്-ഹെയ്തി വംശജരായ മാതാപിതാക്കളുടെ മകളായ നവോമിക്കല്ലാതെ മറ്റാർക്ക് ഇത്ര ശക്തമായി പറയാനാകും..?

സിൻസിനാറ്റി മാസ്റ്റേഴ്സിൽ, വംശീയതയിൽ പ്രതിഷേധിച്ച് പിൻമാറാനൊരുങ്ങിയപ്പോൾ ചിലർ പറ‍ഞ്ഞിരുന്നു- നവോമി ആക്ടിവിസം നിർത്തി കളിയിൽ ശ്രദ്ധിക്കണമെന്ന്. അവർക്കുള്ള മറുപടി കൂടിയാണ് ഈ കിരീടനേട്ടം. അതു കൊണ്ടു തന്നെ നവോമിയുടെ ഈ വിജയം ഒരു ടെന്നിസ് ഗ്രാൻഡ്സ്‌ലാം മാത്രമല്ല, വംശീയതയ്ക്കെതിരെയുള്ള ഒരു ഗ്രാൻഡ് വിജയം കൂടിയാണ്.

സെറീന മുൻപു പറഞ്ഞതു പോലെ ഇതും ഞങ്ങൾ അവിസ്മരണീയമാക്കട്ടെ...!

∙ വരുമാനത്തിലും ഒസാക നമ്പർ 1

ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരമായി നവോമി ഒസാക മാറിയത് ഏതാനും മാസങ്ങൾക്കു മുൻപാണ്. യുഎസ് ടെന്നിസ് താരം സെറീന വില്യംസിനെ പിന്നിലാക്കിയാണു ഫോബ്സ് പട്ടികയി‍ൽ ഒസാക ഒന്നാമതെത്തിയത്. ഇരുപത്തിരണ്ടുകാരിയായ ഒസാക കഴിഞ്ഞ ഒരു വർഷം സമ്മാനത്തുക, സ്പോൺസർഷിപ് എന്നിവയിലൂടെ 3.74 കോടി ഡോളറാണു (ഏകദേശം 284 കോടി രൂപ) സമ്പാദിച്ചത്. ഇതേ കാലയളവിൽ സെറീന സമ്പാദിച്ചത് 3.60 കോടി ഡോളർ (ഏകദേശം 273 കോടി രൂപ). 12 മാസ കാലയളവി‍ൽ മുൻ ടെന്നിസ് താരം മരിയ ഷറപ്പോവ നേടിയ 2.97 കോടി ഡോളറിന്റെ റെക്കോർഡ് നേട്ടവും ഒസാക മറികടന്നു. 2015ലായിരുന്നു ഷറപ്പോവയുടെ നേട്ടം.

English Summary: Naomi Osaka beats Victoria Azarenka to win third Grand Slam title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com