ADVERTISEMENT

പാരിസ് ∙ കോവിഡ് കാലത്തെ ഫ്രഞ്ച് ഓപ്പണിന് ഇന്നു തുടക്കം. 13–ാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിലേക്കു റാക്കറ്റ് വീശുന്ന റാഫേൽ നദാലിന്റെയും 18–ാം ഗ്രാൻസ്‍ലാം ലക്ഷ്യമിടുന്ന നൊവാക് ജോക്കോവിച്ചിന്റെയും 24–ാം ഗ്രാൻസ്‌ലാം കിരീടത്തിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനെത്തുന്ന സെറീന വില്യംസിന്റെയും പ്രകടനം കളിമൺ കോർട്ടിൽ ടെന്നിസ് ആരാധകർക്കു വിരുന്നാകും.

റോജർ ഫെഡറർ ചാംപ്യൻഷിപ്പിൽനിന്നു നേരത്തേ പിൻമാറിയിരുന്നു. ഈ വർഷത്തെ അവസാനത്തെ ഗ്രാൻസ്‍ലാം ടൂർണമെന്റാകും ഫ്രഞ്ച് ഓപ്പൺ. മേയിൽ നടക്കേണ്ട ടൂർണമെന്റാണ് ഇപ്പോൾ നടക്കുന്നത്.

നദാലിന്റെ തിരിച്ചുവരവ്

കോവിഡ് മൂലം യുഎസ് ഓപ്പണിൽ നിന്നു വിട്ടുനിന്ന സ്പെയിൻ താരം നദാൽ, താൻ 12 തവണ കിരീടം ചൂടിയ ഫ്രഞ്ച് ഓപ്പണിലേക്കു തിരികെയെത്തുകയാണ്. ഇത്തവണ ചാംപ്യനായാൽ നദാലിന് 20 ഗ്രാൻ‌സ്‌ലാം കിരീടങ്ങളെന്ന ഫെഡററുടെ റെക്കോർഡിന് ഒപ്പമെത്താം.

എന്നാൽ, രണ്ടാഴ്ച മുൻപു കളിമൺ കോർട്ടിൽ തന്നെ നടന്ന ഇറ്റാലിയൻ ഓപ്പണിൽ നദാൽ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. അവിടെ കിരീടം ചൂടിയ സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് നദാലിനു കനത്ത വെല്ലുവിളിയാകും. യുഎസ് ഓപ്പൺ 4–ാം റൗണ്ടിൽ ലൈൻ റഫറിയുടെ കഴുത്തിലേക്കു പന്ത് അടിച്ചതിന് അയോഗ്യനാക്കപ്പെട്ട ജോക്കോവിച്ചിന് അടുത്ത ഗ്രാൻസ്‌ലാം അവസരമാണിത്. ‌‌‌

 സെറീനയുടെ പ്രതീക്ഷ

കഴിഞ്ഞ രണ്ടു തവണയും ഫൈനലിൽ നദാലിനോടു തോൽക്കുകയും ഇത്തവണത്തെ യുഎസ് ഓപ്പണിൽ ആദ്യ ഗ്രാൻസ്‌ലാം കിരീടം നേടുകയും ചെയ്ത ഓസ്ട്രിയൻ താരം ഡൊമിനിക് തീമും ഫെയ്‌വറിറ്റുകളിൽ ഒരാളാണ്. ഇരുവരും തോൽവിയറിയാതെ മുന്നേറുകയാണെങ്കിൽ സെമിഫൈനലിൽ നദാൽ–തീം പോരാട്ടം കാണാം. വനിതാ വിഭാഗത്തിൽ നിലവിലെ ചാംപ്യൻ ആഷ്‌ലി ബാർട്ടിയും നവോമി ഒസാകയും പിൻമാറിയതു സെറീന വില്യംസിനു കിരീടപ്രതീക്ഷയേകുന്നു.

എന്നാൽ, സിമോണ ഹാലെപ്, സോഫിയ കെനിൻ, കരോളിന പ്ലിസ്കോവ തുടങ്ങിയ താരങ്ങളെ മറികടക്കേണ്ടതുണ്ട്. യോഗ്യതാ മത്സരങ്ങളിൽ സുമിത് നാഗൽ, പ്രജ്നേഷ് ഗുണേശ്വരൻ, രാംകുമാർ രാമനാഥൻ, അങ്കിത റെയ്ന എന്നിവർ തോറ്റു പുറത്തായതോടെ ഫ്രഞ്ച് ഓപ്പൺ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളുണ്ടാകില്ല. ഡബിൾസിൽ രോഹൻ ബൊപ്പണ്ണ, ദിവിജ് ശരൺ എന്നിവർ കളത്തിലിറങ്ങും.

കാലം മാറി;  പന്തും

പാരിസിൽ വേനൽക്കാലത്തു നടന്നിരുന്ന ഫ്രഞ്ച് ഓപ്പൺ  ഇത്തവണ തണുപ്പുകാലത്താണു  നടക്കുന്നത്. ചെറിയ മഴയ്ക്കുള്ള  സാധ്യതയുമുണ്ട്. കഴിഞ്ഞ  8 വർഷമായി ഫ്രഞ്ച് ഓപ്പണിൽ  ഉപയോഗിച്ചിരുന്ന പന്തും ഇത്തവണ മാറ്റുകയാണ്. പുതിയ കമ്പനിയുടെ പന്തിനു ഭാരം കൂടുതലും വേഗം  കുറവുമാണെന്നു താരങ്ങൾ പറയുന്നു. 

ദിവസം 1000 പേർക്കു മാത്രം

റൊളാങ് ഗാരോസിലെ പ്രധാന  കോർട്ടിൽ മാത്രമാകും കാണികൾക്കു  പ്രവേശനമുണ്ടാവുക. അതും ഒരു  ദിവസം 1000 പേർക്കു മാത്രം. കഴിഞ്ഞ  വർഷം വരെ പ്രതിദിനം 37,000  കാണികളെത്തിയിരുന്ന സ്ഥാനത്താണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com