ADVERTISEMENT

തിരുവനന്തപുരം ∙ സ്വപ്നതുല്യമായ ഒരു അഭിനന്ദനത്തിന്റെ ആഹ്ലാദത്തിലാണു പേരൂർക്കട സ്വദേശിയായ 5 വയസ്സുകാരി വിവിക്ത വിശാഖും കുടുംബവും. ചെറുപ്രായത്തിൽ തന്നെ ടെന്നിസ് ഹരമാക്കിയ വിവിക്തയുടെ മികവിനെ വിഡിയോ സന്ദേശനത്തിലൂടെ അഭിനന്ദിച്ചതു സാക്ഷാൽ റാഫേൽ നദാലാണ്. ഒരു സമ്മാനം അയച്ചു തരുന്നുണ്ടെന്ന് അറിയിച്ച നദാൽ ഉടൻ കാണാമെന്നും സന്ദേശത്തിലൂടെ അറിയിച്ചു. നദാൽ ബ്രാൻഡ് അംബാസഡറായ കിയ മോട്ടോഴ്സ് രാജ്യാന്തരതലത്തിൽ നടത്തിയ ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ ഒരാളായതോടെയാണ് ഈ നേട്ടം വിവിക്തയെ തേടിയെത്തിയത്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വിവിക്ത മാത്രമാണ് ഇന്ത്യയിൽ നിന്നു പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ടാലന്റ് ഹണ്ടിലേക്ക് അപേക്ഷിക്കാതെ ഓർക്കാപ്പുറത്താണ് ഈ നേട്ടം. മുൻ സംസ്ഥാന ജൂനിയർ ടെന്നിസ് ചാംപ്യനും പരിശീലകനുമായ വി.എസ്.വിശാഖിന്റെയും സുചിത്രയുടെയും മകളായ വിവിക്ത 2 വയസ്സു മുതൽ അച്ഛന്റെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ചതാണ്. കുഞ്ഞു വിവിക്തയുടെ ടെന്നിസ് മികവുകളുടെ വിഡിയോകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ വിഡിയോകളിൽ ഒന്നാണു ടാലന്റ് ഹണ്ട് ടീം തിരഞ്ഞെടുത്തത്.

നദാലിന്റെ വിഡിയോ സന്ദേശത്തിൽ പറയുന്നതിങ്ങനെ: ‘ടെന്നിസിൽ എത്രത്തോളം സമർപ്പണമുണ്ടെന്നു കാണുന്നതിൽ സന്തോഷം. അതിനാൽ കഠിനാധ്വാനം തുടരാൻ പ്രോൽസാഹനമായി ഒരു സമ്മാനം അയക്കുന്നു.’

പേരൂർക്കട പത്മവിലാസം ലെയ്നിലെ വിഎസ് ഹോംസിൽ വിവിക്തയുടെ പരിശീലനത്താനായി പ്രത്യേക സൗകര്യംതന്നെ ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദിൽ എച്ച്എസ്ബിസി ബാങ്ക് ഉദ്യോഗസ്ഥരാണു വിശാഖും സുചിത്രയും.

English Summary: Rafael Nadal appreciates Viviktha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com