ADVERTISEMENT

പാരിസ് ∙ വനിതാ ലൈൻ റഫറിയുടെ കഴുത്തിൽ പന്തടിച്ചു കൊള്ളിച്ചതിനു യുഎസ് ഓപ്പണിൽനിന്നു പുറത്താക്കപ്പെട്ട സെർബിയയുടെലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനു ഫ്രഞ്ച് ഓപ്പൺ ടെന്നിസിലും അക്കിടി പറ്റി. പക്ഷേ, ഇക്കുറി താരത്തിനെതിരെ ശിക്ഷാനടപടിയില്ല. കാരണം, മത്സരത്തിനിടെ ഷോട്ട് പായിക്കാനുള്ള ശ്രമത്തിനിടെയാണു ജോക്കോയുടെ ബാറ്റിൽനിന്നു പന്ത് അപ്രതീക്ഷിതമായി ലൈൻ റഫറിയുടെ തലയ്ക്കു കൊണ്ടത്.

കാരൻ ഖാച്ചനോവുമായുള്ള ജോക്കോവിച്ചിന്റെ പ്രീക്വാർട്ടറിനിടെയാണു സംഭവം. ഖാച്ചനോവിന്റെ സർവീസ് റിട്ടേൺ ചെയ്യാനുള്ള ശ്രമത്തിനിടെ ജോക്കോയുടെ റാക്കറ്റിന്റെ ഫ്രെയിമിൽ തട്ടിത്തെറിച്ചാണു ടെന്നിസ് ബോൾ പുരുഷ ലൈൻ റഫറിയുടെ തലയിൽ കൊണ്ടത്. ഒരു നിമിഷത്തേക്കു താരമുൾപ്പെടെ എല്ലാവരും സ്തബ്ധരായെങ്കിലും കളിക്കിടെയുള്ള സംഭവമായതിനാൽ വിവാദമായില്ല.

യുഎസ് ഓപ്പണിൽ പോയിന്റ് നഷ്ടപ്പെട്ടപ്പോഴാണു ജോക്കോ അടിച്ച പന്ത് ലൈൻ റഫറിയുടെ കഴുത്തിനുകൊണ്ടതും അവർ വീണു പോയതും. ഖാച്ചനോവിനെ 6–4, 6–3, 6–3നു തോൽപിച്ചു ജോക്കോ ക്വാർട്ടറിലെത്തി. ഒരു നിമിഷത്തേക്കു താൻ പേടിച്ചുപോയെന്നു ജോക്കോ മത്സരശേഷം പറഞ്ഞു. യുക്രെയ്നിന്റെ എലീന സ്വിറ്റോലിനയെ തോൽപിച്ച് (6–2, 6–4) അർജന്റീനയുടെ നാദിയ പൊഡോറോസ്ക വനിതാവിഭാഗം സെമിയിലെത്തി. ഫ്രാൻസിന്റെ ഫിയോന ഫെറോയെ തോൽപിച്ച് (2–6, 6–2, 6–1) യുഎസിന്റെ സോഫിയ കെനിൻ ക്വാർട്ടറിലെത്തി.

∙ ഒത്തുകളി, അന്വേഷണം

ഫ്രഞ്ച് ഓപ്പണിൽ ഒത്തുകളി വിവാദം; ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം തുടങ്ങി. വനിതാ ഡബിൾസിൽ റുമേനിയയുടെ ആൻഡ്രി മിറ്റു – പാട്രിഷ്യ മറി സഖ്യവും റഷ്യയുടെ യാന സിസിക്കോവ – യുഎസിന്റെ മാഡിസൻ ബ്രെങ്കിൾ സഖ്യവും തമ്മിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തെപ്പറ്റിയാണ് അന്വേഷണം. മത്സരത്തിൽ റുമേനിയൻ സഖ്യമാണു ജയിച്ചത്.

English Summary: Novak Djokovic Hits Another Line Judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com