ADVERTISEMENT

റൊളാങ് ഗാരോസിലെ കളിമണ്ണിൽ റാഫേൽ നദാലിന്റെ വിയർപ്പുതുള്ളികളോളം ഇഴുകിച്ചേർന്ന മറ്റെന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് തന്നെ നിസംശയം പറയാം... കാരണം? ടെന്നിസ് ചരിത്രത്തിൽ ഒരു കളിക്കാരൻ ഏതെങ്കിലും ഒരു കളിത്തട്ടിൽ സമഗ്രാധിപത്യം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, അത് റാഫേൽ നദാലാണ്. ആ കളിത്തട്ട് ഫ്രഞ്ച് ഓപ്പണും. അവിടെ ഇതുവരെ കളിച്ച 102 മത്സരങ്ങളിൽ 100ലും ജയം നദാലിനൊപ്പമായിരുന്നു. അവിശ്വസനീയം എന്ന് തോന്നിപ്പോകുന്ന കണക്ക്! ലോക ടെന്നിസിലെ മഹാരഥൻമാരായ റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും അരങ്ങുവാഴുന്ന അതേ കാലത്താണ് ഈ സർവാധിപത്യമെന്ന് ചിന്തിക്കുമ്പോൾ കൂടുതൽ വർണനകളും വേണ്ടെന്നുവരുന്നു!

‘നിങ്ങൾ പോയി ടെന്നിസ് കോർട്ടുകളെ കീഴടക്കുവിൻ’ എന്ന് ടെന്നിസ് ലോകത്തേക്ക് ഈ മൂവർസംഘത്തെ സൃഷ്ടിച്ച് വിട്ടപ്പോൾ ൈദവം പറഞ്ഞേൽപ്പിച്ചിട്ടുണ്ടാകുമെന്നണ് എന്റെ തോന്നൽ. അതിനായി മൂവർക്കും പ്രത്യക താലന്തും നൽകിയിരിക്കും. നൈസർഗികമായ കഴിവുകൾകൊണ്ട് ഫെഡറർ പുൽകോർട്ടുകളെ പുൽകിയപ്പോൾ, ജോക്കോവിച്ച് തന്റെ കഴിവുകളെ തേച്ചുമിനുക്കി ഹാർഡ് കോർട്ടുകളെ വരുതിയിലാക്കി. നദാലാകട്ടെ, ശാരീരികവും മാനസികവുമായ കരുത്ത് സംയോജിപ്പിച്ച് കളിമൺ കോർട്ടുകൾ കാൽക്കീഴിലാക്കി.

അഞ്ച് താലന്ത് കിട്ടിയവൻ അത് 10 ആക്കി തിരികെ നൽകി ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റിയെന്നാണ് ബൈബിൾ ഭാഷ്യം. ഫ്രഞ്ച് ഓപ്പണിലെ 13–ാം കിരീട വിജയത്തോടെ കളിമൺ കോർട്ടിലെ സർവാധിപത്യം ഊട്ടിയുറപ്പിക്കുമ്പോൾ, നദാൽ ദൈവത്തിന് കൂടുതൽ പ്രിയപ്പെട്ടവനായിട്ടുണ്ടാകണം. ടെന്നിസ് ഇതിഹാസമായി വാഴ്ത്തപ്പെടുന്ന റോജർ ഫെ‍ഡററുടെ 20 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന റെക്കോർഡിനൊപ്പമെത്താൻ ഈ 34–ാമത്തെ വയസ്സിൽത്തന്നെ നദാലിന് സാധിച്ചതിന്റെ കാരണം വേറെ എന്താണ്? ഈ ത്രിമൂർത്തികളിൽ ശാരീരികമായി മികച്ചുനിൽക്കുന്ന നദാലിന്, 39–ാം വയസ്സിലും സജീവമായി കളത്തിലുള്ള ഫെഡറുടെ നേട്ടത്തെ മറികടക്കാൻ സാധിക്കുമോ എന്നാണ് ഇനിയുള്ള ആകാംക്ഷ. മുപ്പത്തിമൂന്നിന്റെ ‘ചെറുപ്പ’വുമായി 17 ഗ്രാൻസ്‍ലാം കിരീടങ്ങളുമായി ജോക്കോവിച്ച് തൊട്ടുപിന്നാലെയുണ്ടുതാനും.

djokovic-nadal-federer
നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, റോജർ ഫെ‍ഡറർ (ഫയൽ ചിത്രം)

നദാലും ഫെഡററും ജോക്കോവിച്ചും ടെന്നിസിന്റെ വ്യത്യസ്ത പ്രതലങ്ങളിൽ കരുത്തരായത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? ടെന്നിസ് മത്സരങ്ങളിൽ ബോളുകൾ ഒരു കളിക്കാരന്റെ റാക്കറ്റിൽനിന്നും പാഞ്ഞ് എതിരാളിയുടെ കളത്തിൽ സ്പർശിച്ച് കുത്തിയുയർന്ന് വീണ്ടും എതിർ റാക്കറ്റുകളിലേക്ക് പായുമ്പോൾ പ്രതലത്തിന്റെ സ്വഭാവം ഏറെ പ്രധാനമാണ്. ഒന്നുകൂടി വിശദീകരിച്ചാൽ, ഒരു റാലിയിൽ ടെന്നിസ് ബോളുകൾ പ്രതലത്തിൽ സ്പർശിക്കുന്ന സമയം വെറും 0.005 സെക്കൻഡാണ്. ഈ കുറഞ്ഞ സമയത്തിനുള്ളിലാണ് ബോളുകളുടെ സ്വഭാവത്തിൽ മാറ്റം വരുന്നത്. ഇത് മൂന്ന് പ്രതലത്തിലും വ്യത്യാസപ്പെട്ടിരിക്കും .

കളിമൺ കോർട്ട്: മറ്റു പ്രതലങ്ങളെ അപേക്ഷിച്ച് ഏറ്റവും വേഗത കുറഞ്ഞ പ്രതലമാണിത്. ഇവിടെ റാക്കറ്റിൽനിന്ന് മണിക്കൂറിൽ ശരാശരി 100 കിലോമീറ്റർ വേഗതയിൽ വരുന്ന ബോളുകൾ പ്രതലത്തിൽ സ്പർശിക്കുമ്പോൾ വേഗം 57 കിലോമീറ്റർ ആയി കുറയും. പന്തിന്റെ ആംഗിളിലും കാര്യമായ മാറ്റം സംഭവിക്കും. ഫോർഹാൻഡ്‌, ബാക്ക്ഹാൻഡ്, സർവീസ്, ഓട്ടം, പ്രതിരോധം, ആക്രമണം തുടങ്ങി ടെന്നിസിന്റെ എല്ലാ മേഖലകളിലും ഒരുപോലെ മികച്ചുനിൽക്കുന്നവർക്കേ ഇവിടെ ആധിപത്യം സ്ഥാപിക്കാനാകൂ. ശാരീരികമായും മാനസികമായും കരുത്തനായ നദാൽ, കളിമൺകോർട്ടിന്റെ രാജകുമാരനാകുന്നതും അതുകൊണ്ടുതന്നെ.

rafael-nadal-2
റാഫേൽ നദാൽ (ട്വിറ്റർ ചിത്രം)

ഹാർഡ് കോർട്ട്: ഹാർഡ് കോർട്ടിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ശരാശരി 100 കിലോമീറ്റർ വേഗത്തിൽ വരുന്ന ബോളുകൾ നിലത്തു കുത്തിയുയരുമ്പോൾ വേഗം 67 കിലോമീറ്റർ ആയി കുറയും. അതേസമയം, ഇവിടെ ബോളുകളുടെ ആംഗിളുകൾക്ക് കാര്യമായ വ്യത്യാസം വരുന്നില്ല. ഈ പ്രതലത്തിൽ ബൗൺസും കൂടുതലാണ്. താരങ്ങൾക്ക് കൂടുതൽ പരിക്കുകൾ സംഭവിക്കുന്നതും ഈ പ്രതലത്തിൽ ആയിരിക്കും. കാൽമുട്ടിന് പരുക്കേൽക്കാനുള്ള സാധ്യതയാണ് കൂടുതൽ. പരിക്ക് മൂലം ഏറ്റവും കൂടുതൽ ടെന്നിസ് മത്സരങ്ങൾ ഉപേക്ഷിച്ചിരിക്കുന്നതും ഈ പ്രതലത്തിൽ തന്നെ. നന്നായി ഓടിക്കളിക്കേണ്ട ടെന്നിസിൽ ശാരീരികമായ ബാലൻസിങ് വളരെ പ്രധാനമാണ്. ഫെഡററെയും നദാലിനെയും അപേക്ഷിച്ച് ശരീരഭാരം കുറവുള്ള ജോക്കോവിച്ചിന് ഇക്കാര്യത്തിൽ മുൻതൂക്കമുണ്ട്. അതുപോലെ മികച്ച ബൗൺസ് ലഭിക്കുന്ന പ്രതലത്തിൽ ജോക്കോവിച്ചിന്റെ ഉയരക്കൂടുതലും താരത്തിന് ഗുണകരമാണ്.

പുൽക്കോർട്ട്: ടെന്നിസിലെ ഏറ്റവും വേഗതയേറിയ പ്രതലമാണിത്. 100 കിലോമീറ്റർ വേഗതയിൽ വരുന്ന ബോളുകളുടെ വേഗം ഇവിടെ 73 കിലോമീറ്റർ ആയി മാത്രമേ കുറയുന്നുള്ളു. കാരണം, ഈ പ്രതലത്തിൽ ബോളുകൾക്ക് അനുഭവപ്പെടുന്ന ഘർഷണം കുറവാണ്. അതുകൊണ്ട് ബൗൺസും കുറവായിരിക്കും. ആംഗിളിലും കാര്യമായ വ്യതിയാനം വരും. പ്രതിരോധിക്കാനും ഓടിക്കളിക്കാനും ഈ പ്രതലത്തിൽ ബുദ്ധിമുട്ടായിരിക്കും. ചടുലമായി തീരുമാനമെടുക്കുകയും ഷോട്ട് കളിക്കുകയും ചെയ്യുന്ന ഒരാൾക്കേ ഇവിടെ പിടിച്ചുനിൽക്കാൻ സാധിക്കൂ. ടെന്നിസിന്റെ നൈസർഗിക കഴിവുകൾ എല്ലാം ഒത്തുചേർന്ന കളിക്കാരൻ എന്ന് വിശേഷിപ്പിക്കാറുള്ള ഫെഡറർ ഇവിടെ പ്രിയപ്പെട്ടവനാകുന്നു.

∙ എന്തുകൊണ്ട് നദാൽ കളിമൺ കോർട്ടുകളിൽ ആധിപത്യം സ്ഥാപിക്കുന്നു?

പ്രതിരോധം: സമകാലിക ടെന്നിസിൽ പ്രതിരോധത്തിൽ ഏറെ പേരുകേട്ടവനാണ് നദാൽ. സർവീസുകള്‍ പ്രതിരോധിക്കാനുള്ള നദാലിന്റെ കഴിവ് കാലങ്ങളായി നമ്മൾ കാണുന്നതാണ്. നദാലിന്റെ ശരീരക്ഷമത തന്നെയാണ് പ്രധാന കാരണം. നദാലിന്റെ പ്രതിരോധ മികവിൽ പകച്ചു നിൽക്കുന്ന എതിരാളികളുടെ മുൻപിലേക്ക് അയാളിൽനിന്ന് അതിവേഗ ഫോർഹാൻഡ്‌ ഷോട്ടുകൾ പ്രവഹിക്കും. ഇത്തരം അവസ്ഥകളിൽ എതിരാളികൾ നിസ്സഹായരാകുന്നത് പലകുറി നാം കണ്ടിട്ടുണ്ട്.

nadal-old-new
നദാൽ 2005ലും 2020ലും ഫ്രഞ്ച് ഓപ്പൺ കിരീടവുമായി (ട്വിറ്റർ ചിത്രങ്ങൾ)

കളിമൺ കോർട്ടുകളിൽ നദാലിന്റെ ആധിപത്യത്തിന് പ്രധാന കാരണമായി വിശേഷിപ്പിക്കുന്നത് അയാളുടെ ചടുല നീക്കങ്ങളാണ്. താരതമ്യേന വേഗം കുറവുള്ള കളിമൺ കോർട്ടിൽ എതിരാളിയുടെ ഫോർഹാൻഡുകളും ബാക്ക്ഹാൻഡുകളും ഡ്രോപ്പ് ഷോട്ടുകളും ഓടിയെടുക്കാൻ നദാലിന് സാധിക്കുന്നു. എതിരാളികളുടെ തന്ത്രപരമായ ഡ്രോപ്പ് ഷോട്ടുകൾ അസാമാന്യ മികവോടെ ഓടിയെടുത്ത് നദാൽ പലതവണ കഴിവ് തെളിയിച്ചിട്ടുണ്ട്. ശരീരക്ഷമത ഉപയോഗിച്ച് ഓടി പ്രതിരോധിക്കാൻ മാത്രമല്ല, ഓട്ടത്തിനിടെ ശക്തമായ ഫോർഹാൻഡ്‌ ഷോട്ടുകൾ പായിക്കാൻ സാധിക്കുന്നതും നദാലിന്റെ കളിക്ക് കരുത്തു പകരുന്നു. കളിയെ പ്രതിരോധാത്മക രീതിയിൽ സമീപിച്ച് പൊടുന്നനെ ആക്രമണം തുറന്നുവിടുന്നതാണ് നദാലിന്റെ പൊതു രീതി.

ശരീരക്ഷമത: കരുത്തുറ്റ ശരീരമുള്ള നദാലിന് അത് കളിമൺ കോർട്ടുകളിൽ പൂർണമായും ഉപയോഗിക്കാൻ സാധിക്കുന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വിജയരഹസ്യം. മറ്റുള്ള പ്രതലങ്ങളെ അപേക്ഷിച്ച് വളരെ ശക്തിയിൽ റാക്കറ്റ് വീശി ബോളുകൾക്ക് വേഗതയും സ്പിന്നും നൽകേണ്ട അവസ്ഥ കളിമൺ കോർട്ടിന്റെ പ്രത്യേകതയാണ്. ഇത് വേഗത കുറഞ്ഞ പ്രതലം ആയതിനാൽ സാധാരണ രീതിയിൽ കളിച്ചാൽ എതിരാളികൾക്ക് കൂടുതൽ സമയം ലഭിക്കും. അതുകൊണ്ടാണ് മൺകോർട്ടിൽ കളിക്കാർ കൂടുതൽ ക്ഷീണിതനായി കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ നദാൽ പലപ്പോഴും മികച്ചു നിൽക്കാറുണ്ട്. മുഴുനീളെ ഓടി കോർട്ട് പൂർണമായും കവർ ചെയ്യാനുള്ള നദാലിന്റെ കഴിവും എടുത്തു പറയേണ്ടതുണ്ട്. കളിമൺ കോർട്ടുകളിൽ മറ്റു കളിക്കാരെ അപേക്ഷിച്ച് നദാലിന്റെ ഷോട്ടുകൾക്ക് കൂടുതൽ സ്പിൻ അനുഭവപ്പെടും. ശാരീരികമായ ബലം മാത്രമല്ല ഇതിനു പിന്നിൽ. എതിരാളികളുടെ ദുർബലമായ ഷോട്ടിൽ അയാൾക്ക് ലഭിക്കുന്ന സമയവും കാരണമാണ്. നദാൽ ഫോർഹാൻഡ്‌ സ്പിൻ ഷോട്ടുകൾ കളിക്കുമ്പോൾ, ഡേവിഡ് ബെക്കാം വായുവിൽ പന്തിനെ തിരിക്കുക്കുന്ന ഫ്രീകിക്കുകൾ തൊടുക്കുന്നത് ഓർത്തുപോകും.

nadal-with-trophy
നദാൽ കിരീടവുമായി (ട്വിറ്റർ ചിത്രം)

മാനസിക ആധിപത്യം: ‘കൊല്ലാം, പക്ഷേ തോൽപിക്കാനാവില്ല’ എന്ന പ്രസ്താവനയോട് വളരെയേറെ സാദൃശ്യം തോന്നും നദാലിന്റെ കളികണ്ടാൽ. ഫുട്ബാളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാനസികാധിപത്യം പുലർത്തുന്നതിന് സമമാണ് ടെന്നിസിൽ നദാലിന്റെ കാര്യം. കളി മൺകോർട്ടിലാണെങ്കിൽ പറയാനുമില്ല. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ നദാലിനെ നേരിടാൻ ജോക്കോവിച്ച് മൈതാനത്തേക്കു വരുമ്പോൾ ഇതേക്കുറിച്ച് കമന്ററിയിൽ പരാമർശിച്ചുകേട്ടു. 2020ൽ ഒരു മാച്ച് പോയിന്റ് പോലും കൈവിടാതെയാണ് നദാലിന്റെ വരവ് എന്നത് ജോക്കോവിച്ചിനെ ബാധിച്ചിരിക്കില്ലേ? ആദ്യ സെറ്റ് തന്നെ നദാൽ 6–0ന് സ്വന്തമാക്കി.

‘നിങ്ങൾ നേരിട്ടിട്ടുള്ള ഏറ്റവും കടുപ്പമേറിയ എതിരാളി ആരാണ്’ എന്ന് ലോക ടെന്നിസിലെ താരങ്ങളോട് ചോദിച്ചുനോക്കൂ. മിക്കവരുടെയും ഉത്തരം നദാൽ എന്നായിരിക്കും. മാനസിക കരുത്തും  ശരീരക്ഷമതയും സുപ്രധാനമായ ടെന്നിസിൽ, ഇവ രണ്ടും കനിഞ്ഞനുഗ്രഹിച്ച താരമാണ് നദാൽ. മാത്രമല്ല, ഫോർഹാൻഡുകളും ബാക്ക്ഹാൻഡുകളും ഡ്രോപ്പ് ഷോട്ടുകളും കളിക്കാനുള്ള നദാലിന്റെ കഴിവും അപാരമാണ്. അഞ്ചു സെറ്റു നീളുന്ന പോരാട്ടത്തിൽ പോലും മുഴുനീളെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുന്ന നദാലിനെ കാണാം. ഈ മുപ്പത്തിനാലാം വയസ്സിലും ‘റാഫ എക്സ്പ്രസ്’ കുതിപ്പ് തുടരുന്നു...

English Summary: Rafael Nadal delights in Roland Garros love story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com