ADVERTISEMENT

‘ഉയരമാണ് സാറേ ഇവന്റെ മെയിൻ’– ലോക റാങ്കിങ്ങിൽ മുന്നിലുള്ള 8 വമ്പന്മാർ ഏറ്റുമുട്ടിയ എടിപി ഫൈനൽസിൽ ചാംപ്യനായ റഷ്യൻ ടെന്നിസ് താരം ഡാനിൽ മെദ്‌വദേവിന്റെ കളി കണ്ടവർക്കു പറയാനുള്ളത് ഇതാണ്. ആറടി ആറിഞ്ച് (1.98 മീറ്റർ) ഉയരമുള്ള മെദ്‌വദേവ് അതിന്റെ പ്രയോജനം പരമാവധി മുതലെടുത്ത് എതിരാളികളെ വട്ടംചുറ്റിക്കുകയാണ്. പരമ്പരാഗത ശൈലിയിലുള്ള കളിയിൽനിന്നു മാറി വ്യത്യസ്തമായ ഷോട്ടുകൾ പായിച്ചും തന്ത്രങ്ങളൊരുക്കിയുമാണ് ഈ ഇരുപത്തിനാലുകാരൻ കോർട്ടിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നത്.

നിലവിൽ ലോക റാങ്കിങ്ങിലെ ആദ്യ 3 സ്ഥാനക്കാരും ഈ വർഷത്തെ ഗ്രാൻസ്‌ലാം വിജയികളുമായ നൊവാക് ജോക്കോവിച്ച്, റഫാൽ നദാൽ, ഡൊമിനിക് തീം എന്നിവരെ കീഴടക്കിയാണ് കിരീടമെന്നത് മെദ്‌വദേവിന്റെ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.

2019ലെ എടിപി ഫൈനൽസിൽ ഒരു കളി പോലും ജയിക്കാതെ പുറത്തായ അതേ മെദ്‌വദേവാണ് ഒരു വർഷത്തിനു ശേഷം കിരീടം ചൂടുന്നത്. ഓരോ തവണയും വീഴുന്നിടത്തു നിന്നു തിരിച്ചു വന്നു പോരാടുന്നതാണ് അദ്ദേഹത്തിന്റെ രീതി. കഴിഞ്ഞ ദിവസം ഫൈനലിൽ ഡൊമിനിക് തീമിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം നടത്തിയ തിരിച്ചുവരവും അത്തരത്തിലൊന്നായിരുന്നു. സെമിയിൽ നദാലിനെതിരെയും ആദ്യ സെറ്റ് മെദ്‌വദേവിനു നഷ്ടമായിരുന്നു.

 മീറ്ററിന്റെ കളി! 

ഉയരത്തോടൊപ്പം വേഗമേറിയ, കൃത്യതയോടുള്ള ബാക്ഹാൻഡുകളാണ് മെദ്‌വദേവിന്റെ ശക്തി. ബേസ്‌ലൈനിൽ നിന്നുള്ള ഡിഫൻസീവ് ഷോട്ടുകൾ എതിരാളിയുടെ താളം തെറ്റിക്കും. സെമിഫൈനലിൽ നദാലിനെതിരെ ബേസ്‌ലൈനിൽ നിന്ന് 6 മീറ്റർ പിന്നിലേക്കു മാറിയാണ് മെദ്‌വദേവ് സർവ് റിട്ടേൺ ചെയ്യാൻ നിന്നത്.

അടുത്ത സെറ്റിൽ അത് 3 മീറ്ററായി. അവസാന സെറ്റിൽ ബേസ്‍ലൈനിനോട് ചേർന്നായി നിൽപ്. ഇതു മത്സരം വിജയിക്കുന്നതിൽ നിർണായകമായതായി വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ വർഷത്തെ എടിപി ഫൈനൽസ് ചാംപ്യനായ സ്റ്റെഫാനോസ് സിറ്റ്സിപാസ് മെദ്‌വദേവിന്റെ കളിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്– ‘വളരെ വളരെ വിചിത്രം’.

പട്ടാഭിഷേകം തുടങ്ങി! 

2017ൽ ഗ്രിഗർ ദിമിത്രോവ്, 2018ൽ അലക്സാണ്ടർ സ്വരേവ്, 2019ൽ സിറ്റ്സിപാസ്, ഇത്തവണ മെദ്‌വദേവ്. പുതിയ തലമുറയിലെ വമ്പന്മാരുടെ പട്ടാഭിഷേകത്തിനാണ് കുറച്ചുവർഷങ്ങളായി എടിപി ഫൈനൽസ് വേദിയാകുന്നത്. 2017ൽ ചെന്നൈ ഓപ്പൺ ഫൈനലിൽ എത്തിയതോടെയാണ് ഡാനിൽ മെദ്‌വദേവിനെ ടെന്നിസ് ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനു ശേഷം കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഇക്കൊല്ലമാണ് സ്ഥിരതയാർന്ന പ്രകടനത്തിനു സാധിച്ചത്. ഇത്തവണ പാരിസ് മാസ്റ്റേഴ്സ് മുതൽ മെദ്‌വദേവ് അപരാജിതനാണ്. ഇതേ ഫോം തുടർന്നാൽ അടുത്ത സീസണിൽ ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകളും ഇരുപത്തിനാലുകാരൻ മെദ്‌വദെവിന്റെ വഴിക്കു വരും എന്നുറപ്പ്. 

ലോക റാങ്കിങ്ങിലെ ആദ്യ 10 പേരിൽ ഏറ്റവും ഉയരമുള്ള 2 താരങ്ങളിൽ ഒരാളാണ് മെദ്‌വദെവ്. ജർമൻ താരം അലക്സാണ്ടർ സ്വരേവാണ് തലപ്പൊക്കത്തിൽ ഒപ്പമുള്ളത്– ഇരുവർക്കും 1.98 മീറ്റർ ഉയരം.  മറ്റുള്ളവർ ചുവടെ: 

മാറ്റിയോ ബെറെറ്റിനി 1.96 മീറ്റർ 

സിറ്റ്സിപാസ് 1.93 മീറ്റർ 

നൊവാക് ജോക്കോവിച്ച് 1.88 മീറ്റർ 

ആന്ദ്രെ റുബ്‌ലേവ് 1.88 മീറ്റർ 

റാഫേൽ നദാൽ 1.85 മീറ്റർ 

ഡൊമിനിക് തീം 1.85 മീറ്റർ 

റോജർ ഫെഡറർ 1.85 മീറ്റർ 

ഡിയേഗോ ഷ്വാർട്സ്മാൻ 1.70 മീറ്റർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com