ADVERTISEMENT

തുടർച്ചയായ 2 എടിപി ചാലഞ്ചർ ടൂർണമെന്റുകളിൽ ഫൈനലിസ്റ്റാവുക: ഇന്ത്യൻ ടെന്നിസ് താരം പ്രജ്നേഷ് ഗുണേശ്വരന്റെ കഴിഞ്ഞ രണ്ടാഴ്ചത്തെ പ്രകടനമാണിത്. യുഎസിൽ നടന്ന ഓർലാൻഡോ ഓപ്പൺ ചാലഞ്ചറിലും കാരി ചാലഞ്ചറിലും ഫൈനലിലെത്തിയ പ്രജ്നേഷിനു പക്ഷേ, രണ്ടിടത്തും ജയിക്കാനായില്ല. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി പിന്തുടരുന്ന പരുക്കിനെയും മോശം ഫോമിനെയും അതിജീവിക്കാൻ സാധിച്ചുവെന്നതു മുപ്പത്തൊന്നുകാരൻ താരത്തിന് ആത്മവിശ്വാസം പകരുന്നു. സുമിത് നാഗലിനെ (136) മറികടന്ന് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ  പുരുഷ താരമായി മാറിയ പ്രജ്നേഷ് (126–ാം റാങ്ക്) യുഎസിൽനിന്നു മനോരമയോടു സംസാരിക്കുന്നു...

? മികച്ച പ്രകടനവുമായാണല്ലോ സീസൺ അവസാനിപ്പിക്കുന്നത്

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചാലഞ്ചർ സീരീസുകളിലുൾപ്പെടെ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രകടനത്തിൽ സന്തോഷമുണ്ട്. ഓർലാൻഡോയിൽ ഫൈനൽ ജയിക്കാൻ സാധിക്കുമായിരുന്നു.  ആദ്യ സെറ്റിൽ ചില തെറ്റുകൾ വരുത്തിയതു തിരിച്ചടിയായി. 

? കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണോ

എന്റെ കരിയറിലെ മികച്ച റാങ്ക് 75 ആണ്. രാജ്യത്തെ ഒന്നാം നമ്പർ താരമായതിൽ സന്തോഷമുണ്ടെങ്കിലും എന്റെ ലക്ഷ്യം അതിനു മുകളിലാണ്. ആദ്യ 100ൽ ഉൾപ്പെടുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. 

? യുഎസ് ഓപ്പണും ഫ്രഞ്ച് ഓപ്പണും നഷ്ടമായല്ലോ

ലോക്‌ഡൗണിനുശേഷം ഇവിടേക്കു വന്നെങ്കിലും യുഎസ് ഓപ്പൺ കളിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. ഒരാളെക്കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ മെയിൻ ഡ്രോയിൽ എത്തുമായിരുന്നു.  

? ഇന്ത്യൻ ടെന്നിസിനെക്കുറിച്ച്

ഇന്ത്യൻ താരങ്ങൾ ഉയർന്ന റാങ്കിലേക്കു വരുന്നുണ്ട്. പക്ഷേ, കൂടുതൽ ടൂർണമെന്റുകളും മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങളും ലഭ്യമാക്കണം.  നല്ല പരിശീലകർ വന്നാലേ ലോക നിലവാരമുള്ള കളിക്കാരുണ്ടാകൂ. 

? കേരളത്തെക്കുറിച്ച്

വീട് ചെന്നൈയിലാണെങ്കിലും കേരളവുമായി നല്ല ബന്ധമുണ്ട്. ഭാര്യ സുദർശന പൈയുടെ കുടുംബവേരുകൾ കേരളത്തിലാണ്. വിവാഹം നടന്നതു കൊച്ചിയിലായിരുന്നു. എന്റെ കോച്ച് ബാലചന്ദ്രൻ മാണിക്കോത്തും മലയാളിയാണ്. 

English Summary: Prajnesh Guneshwaran Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com