sections
MORE

ഗ്രാൻഡ്സ്ലാമുകളിലെ ‘ചെറുപ്പക്കാരൻ’; ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് നാളെ മുതൽ

australian-open-tennis
SHARE

സീസണിലെ ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് നാളെ തുടക്കമാകും. ലോകടെന്നിസിലെ നാല് ഗ്രാൻ‍ഡ്‍സ്‍ലാം ടൂർണമെന്റുകളിൽ (ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ, യുഎസ് ഓപ്പൺ) ഏറ്റവും ചെറുപ്പമുള്ള ടൂർണമെന്റാണ് ഓസ്ട്രേലിയൻ ഓപ്പൺ. ഈ നാലു ടൂർണമെന്റുകളും ഒരു നൂറ്റാണ്ടു തികച്ചവയാണെങ്കിലും ഏറ്റവും ഒടുവിൽ പിറന്നതാണ് ഓസ്ട്രേലിയൻ ഓപ്പൺ. 1905ൽ ജന്മമെടുത്ത ഓസ്ട്രേലിയൻ ഓപ്പൺ ഒഴികെ ബാക്കി മൂന്നും 19–ാം നൂറ്റാണ്ടിൽ പിറന്നതാണ് എന്നത് മറ്റൊരു പ്രത്യേകത.

ഏഷ്യ– പസഫിക്കിന്റെ സ്വന്തം ഗ്രാൻസ്‍ലാം എന്ന വിശേഷണം ഓസ്ട്രേലിയൻ ഓപ്പണിന് അവകാശപ്പെടാം. ‘ഹാപ്പി സ്ലാം’ എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു. 116 വർഷങ്ങളുടെ മഹത്തായ പാരമ്പര്യം. ഓസ്‌ട്രേലേഷ്യൻ ചാംപ്യൻഷിപ്പ് എന്ന പേരിൽ 1905ൽ ആരംഭിച്ച ടൂർണമെന്റ് 1927ൽ ഓസ്‌ട്രേലിയൻ ചാംപ്യൻഷിപ്പ് എന്ന് പേരുമാറ്റി. പിന്നീട്, 1969 മുതൽ ഓസ്‌ട്രേലിയൻ ഓപ്പൺ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. 2005ൽ ശതാബ്ദി ആഘോഷിച്ച ടൂർണമെന്റിന്റെ 108 പതിപ്പുകൾ ഇതുവരെ നടന്നുകഴിഞ്ഞു. ലോകമഹായുദ്ധങ്ങൾ മൂലം ഏഴു തവണ ഓസ്ട്രേലിയൻ ഓപ്പൺ മുടങ്ങിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് 109–ാമത് ടൂർണമെന്റാണ്. 1905–1987 കാലത്ത് പുൽത്തകിടിയിൽ നടന്നിരുന്ന ഓസ്ട്രേലിയൻ ഓപ്പണിലെ മൽസരങ്ങൾ 1988 മുതൽ ഹാർഡ് കോർട്ടിലായി.

പ്രഥമ ടൂർണമെന്റിൽ പതിനേഴ് പുരുഷൻമാർ പങ്കെടുത്തു. മെൽബണിൽനിന്നുള്ള റോഡ്‌നി ഹീത്താണ് ആദ്യ ജേതാവ്. 1922 മുതലാണ് വനിതകൾ പങ്കെടുത്തുതുടങ്ങിയത്. അങ്ങനെ നോക്കുമ്പോൾ ഓസ്ട്രേലിയൻ ഓപ്പൺ വനിതകൾക്കായി തുറന്നുകൊടുത്തതിന്റെ ശതാബ്ദി വർഷമാണ്. പുരുഷ വിഭാഗത്തിൽ എട്ടു സിംഗിൾസ് കിരീടങ്ങളുമായി നൊവാക് ജോക്കോവിച്ചും വനിതാ വിഭാഗത്തില്‍ 11 കിരീടങ്ങളുമായി മാർഗരറ്റ് കോർട്ടും മുന്നിട്ടുനിൽക്കുന്നു.

ടൂർണമെൻറ് ആരംഭിച്ചതു മുതൽ ആറു വേദികൾ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന് വേദിയൊരുക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ മെൽബൺ, സിഡ്നി,  അഡ്‌ലെയ്‌ഡ്, ബ്രിസ്‌ബെയ്‌ൻ, പെർത്ത്, വേദയിയൊരുക്കിയപ്പോൾ രണ്ടു തവണ ന്യൂസിലൻഡിലാണ് (1906, 1912) കളികൾ അരങ്ങേറിയത്. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ആദ്യം നടന്നത് മെൽബണിലെ സെന്റ് കിൽഡ റോഡിലുളള വെയർഹൗസ്‌മാൻസ് ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു.

പിന്നീട് വേദികൾ പലകുറി മാറി. എന്നാൽ 1972ൽ ടെന്നിസ് ഓസ്‌ട്രേലിയ പുതിയൊരു തീരുമാനത്തിലെത്തി. ഏതെങ്കിലും ഒരു നഗരത്തിൽ മാത്രം വേദിയൊരുക്കുക എന്ന ആശയം മുൻപോട്ടു വച്ചു. അങ്ങനെ മെൽബണിലെ കോയൂങ് ലോൺ ടെന്നിസ് ക്ലബ് മത്സരങ്ങൾക്ക് വേദിയായി. എന്നാൽ കാണികളുടെ എണ്ണം വർധിച്ചതോടെ പുതിയൊരു വേദിക്കായി ശ്രമമാരംഭിച്ചു. അങ്ങനെ 1988ൽ മെൽബൺ പാർക്ക് (അന്ന് ഫ്‌ളിന്റേഴ്‌സ് പാർക്ക്) പണികഴിപ്പിച്ച് മത്സരങ്ങൾ ഇവിടെയാക്കി. ആദ്യ വർഷം തന്നെ കാണികളുടെ എണ്ണത്തിൽ 90 ശതമാനം വർധന രേഖപ്പെടുത്തി.

ടെന്നിസ് ഓസ്‌ട്രേലിയയാണ് ഇപ്പോൾ ടൂർണമെൻറ് നിയന്ത്രിക്കുന്നത്. (മുൻപ് ലോൺ ടെന്നീസ് അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയ). ഇന്ന് ദക്ഷിണ അർധഗോളത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഓപ്പൺ. കാണികളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു. കഴിഞ്ഞ വർഷം 8,12,174  ആരാധകരാണ് കളി കാണാൻ ഒഴുകിയെത്തിയത്. അത് ടൂർണമെന്റ് ചരിത്രത്തിലെ റെക്കോർഡായിരുന്നു.

English Summary: Australian Open Tennis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA