ADVERTISEMENT

മെൽബൺ ∙ 2008ൽ 20–ാം വയസ്സിൽ റോഡ് ലേവർ അരീനയിൽ തന്റെ ആദ്യ ഗ്രാൻസ്‍ലാം കിരീടത്തിലേക്ക് എയ്സ് പായിച്ചതിനെക്കാൾ എളുപ്പത്തിൽ ഇന്നലെ അതേ വേദിയിൽ നൊവാക് ജോക്കോവിച്ച് 9–ാം തവണയും അതേ കിരീടത്തിൽ മുത്തമിട്ടു. നിലവിലെ ചാംപ്യനായ സെർബിയയുടെ ലോക ഒന്നാം നമ്പർ താരത്തിന്റെ മികവിനു മുന്നിൽ ഫൈനലിൽ റഷ്യയുടെ ലോക 4–ാം നമ്പർ ഡാനിൽ മെദ്‌വദെവ് നിഷ്പ്രഭനായിപ്പോയി (7–5, 6–2, 6–2). ഓസ്ട്രേലിയൻ ഓപ്പണിൽ 9–ാം തവണയും ജോക്കോ ജേതാവ്. പുരുഷ ജേതാക്കൾക്കുള്ള നോർമൻ ബ്രൂക്ക്സ് ചാലഞ്ച് കപ്പിൽ തുടർച്ചയായ 3–ാം തവണയാണു ജോക്കോ തന്റെ പേരെഴുതിച്ചേർക്കുന്നത്. മുപ്പത്തിമൂന്നുകാരനായ സെർബിയൻ താരത്തിന്റെ കരിയറിലെ 18–ാം ഗ്രാൻസ്‍ലാം കിരീടമാണ് ഇന്നലത്തേത്.

തകർപ്പൻ എയ്സോടെ തുടക്കം; നെറ്റിലേക്ക് ഓടിയെത്തി അത്യുജ്വല വോളിയിൽ ഒടുക്കം... ഫൈനലിൽ ജോക്കോ നിറഞ്ഞുനിന്നു.  കഴിഞ്ഞ വർഷം ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെതിരെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണു ജോക്കോ ജയിച്ചതെങ്കിൽ മെദ്‍വദെവിനെതിരെ കാര്യങ്ങൾ എളുപ്പമായിരുന്നു. 7 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്യാൻ ജോക്കോയ്ക്കായി. തുടക്കം മുതലേ ജോക്കോ ആക്രമിച്ചു. ആദ്യ സെറ്റിൽ അതിവേഗം 3–0നു മുന്നിലെത്തി. വിട്ടുകൊടുക്കാതെ മെദ്‌വദെവ് 3–3ന് ഒപ്പമെത്തി. എന്നാൽ, 7–5നു ജോക്കോ സെറ്റ് പിടിച്ചു. 2–ാം സെറ്റിൽ 5–2നു ജോക്കോ മുന്നിലെത്തിയപ്പോൾ നിരാശയിൽ മെദ്‌വദെവ് റാക്കറ്റ് നിലത്തെറിഞ്ഞു. 3–ാം സെറ്റിലും എതിരാളിയുടെ സെർവുകൾ ബ്രേക്ക് ചെയ്ത് ജോക്കോ മുന്നേറ്റം നടത്തി. തുടർച്ചയായി 20 മത്സരങ്ങൾ ജയിച്ചെത്തിയ മെദ്‍വദെവിനു പക്ഷേ, ഗ്രാ‍ൻസ്‍ലാം കലാശപ്പോരിൽ കാലിടറി. 

നീണ്ട റാലികളുടെ പോരാട്ടമായിരുന്നു മത്സരത്തിലുടനീളം. എതിരാളിയെ പരമാവധി ക്ഷീണിപ്പിക്കാൻ റാലികളിലൂടെ ജോക്കോ ശ്രമിച്ചു. റഷ്യൻ താരം നിസ്സാര പിഴവുകൾ വരുത്തുകയും ചെയ്തതോടെ ജോക്കോ മുന്നേറി. മെദ്‌വദെവിന്റെ സെർവുകൾ തകർപ്പൻ റിട്ടേണുകളിലൂടെ ജോക്കോ പ്രതിരോധിച്ചു. 

പക്ഷേ, ജോക്കോയുടെ സെർവുകൾക്കു മുന്നിൽ റഷ്യൻ താരം പതറി. ബേസ്‌ലൈൻ ഷോട്ടുകളിലെ പതിവു മികവ് ജോക്കോ നിലനിർത്തുകയും ചെയ്തതോടെ ഓസ്ട്രേലിയൻ ഓപ്പണുമായുള്ള സെർബിയൻ താരത്തിന്റെ പ്രേമത്തിന് ഇത്തവണയും ശുഭപര്യവസാനം.

∙ഇതു 2–ാം തവണയാണു ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ ഹാട്രിക് കിരീടം നേടുന്നത്. 2011, 12, 13 വർഷങ്ങളിലും ജോക്കോ തുടരെ കിരീടം നേടി.

∙30 വയസ്സ് പൂർത്തിയായശേഷം ജോക്കോവിച്ച് നേടുന്ന 6–ാമത്തെ ഗ്രാൻസ്‍ലാമാണിത്. റാഫേൽ നദാലും 30നുശേഷം 6 ഗ്രാൻസ്‍ലാം കിരീടങ്ങൾ സ്വന്തമാക്കി.

∙20 ഗ്രാൻസ്‍ലാം കിരീടങ്ങൾ വീതം നേടിയിട്ടുള്ള റോജർ ഫെഡററും നദാലും മാത്രമാണു ജോക്കോയ്ക്കു മുന്നിലുള്ളത്. ജോക്കോയ്ക്ക് ഇപ്പോൾ 18 കിരീടമായി.

 

‘മെദ്‌വദെവ്, നിങ്ങൾ നല്ലൊരു പോരാളിയാണ്. ഒരു ഗ്രാൻ‍സ്‍ലാം കിരീടത്തിനായി ക്ഷമയോടെ കാത്തിരിക്കൂ.’

             ജോക്കോവിച്ച്

രാജീവ് റാമിന് ഡബി‍ൾസിൽ തോൽവി

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ഇരട്ടക്കിരീടം നേടാമെന്ന ഇന്ത്യൻ വംശജനായ യുഎസ് താരം രാജീവ് റാമിന്റെ മോഹം പൊലിഞ്ഞു. പുരുഷ ഡബിൾസിൽ രാജീവ് – ബ്രിട്ടന്റെ ജോ സാലിസ്‍ബറി സഖ്യത്തെ സ്‌ലൊവാക്യയുടെ ഫിലിപ് പൊളാസെക് – ക്രൊയേഷ്യയുടെ ഇവാൻ ഡോഡിജ് കൂട്ടുകെട്ട് തോൽപിച്ചു (6–3, 6–4). നേരത്തേ മിക്സ്ഡ് ഡബിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയ്ക്കൊപ്പം രാജീവ് ജേതാവായിരുന്നു. 

English Summary: Australian Open 2021: Novak Djokovic Vs Daniil Medvedev, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com