ദുബായ് ∙ ജാസിഫ് മുസ്തഫയുടെയും സംഘത്തിന്റെയും ‘കൈപ്പുണ്യമാണ്’ ഈ ദുബായ് ഓപ്പണിൽ റോജർ ഫെഡററുടെയും സെറീന വില്യംസിന്റെയുമെല്ലാം ‘കൈക്കരുത്ത്’. ഞായറാഴ്ച തുടങ്ങുന്ന ദുബായ് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ്പിൽ ഔദ്യോഗിക റാക്കറ്റ് സ്ട്രിങ്ങർ സംഘത്തിലെ ഏക മലയാളിയാണ് ഈ ഇരുപത്തെട്ടുകാരൻ. ദുബായ് അഡ്‌ലർ സ്പോർട്സിലെ റാക്കറ്റ് സ്ട്രിങ്ങർ തലവനാണു തൃശൂർ പെരുമ്പിലാവ് സ്വദേശിയായ ജാസിഫ്. കളിക്കാരുടെ റാക്കറ്റുകൾ വരിഞ്ഞു മുറുക്കി, കെട്ടി ഓരോരുത്തർക്കും വേണ്ട രീതിയിൽ സജ്‍ജമാക്കുകയെന്നതാണു ദൗത്യം.
ഈ വർഷമാദ്യം നടന്ന അബുദാബി വനിതാ ടെന്നിസ് ചാംപ്യൻഷിപ്പിൽ ഔദ്യോഗിക സ്ട്രിങ് ചുമതല ജാസിഫിന്റെ നേതൃത്വത്തിലുള്ള അഡ്‌ലർ സംഘത്തിനായിരുന്നു. അതിൽ 10 ദിവസത്തിനുള്ളിൽ 513 റാക്കറ്റുകൾ കെട്ടി നൽകിയതിൽ ഒന്നിനു പോലും പരാതിയില്ലായിരുന്നു. അങ്ങനെ ദുബായ് ഓപ്പണിലേക്കെത്തി.
നാട്ടിലെ സ്പോർട്സ് കടയിൽ 6 വർഷവും ദുബായിൽ 4 വർഷവും സ്ട്രിങ്ങുകൾ നെയ്തു നേടിയ കൈത്തഴക്കമാണിതിനു കാരണം. അഡ്‌ലർ ഷോപ്പിൽ എത്തിയ ശേഷം മാത്രം 20,000ലേറെ റാക്കറ്റുകൾ കെട്ടിയിട്ടുണ്ട്. ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങളായ കെ.ശ്രീകാന്ത്, പി.വി.സിന്ധു തുടങ്ങിയവരുടെ റാക്കറ്റുകളും ഇതിൽപ്പെടും. റാക്കറ്റ് കയ്യിലെടുക്കുമ്പോൾത്തന്നെ കെട്ടിന്റെ ഗുണം മനസ്സിലാക്കുന്നതിലാണു ജാസിഫിന്റെ മിടുക്കെന്ന് ഗുരുവായൂർ സ്വദേശിയും അഡ്‌ലർ കോഓർഡിനേറ്ററുമായ പ്രമോദ് പറയുന്നു.
12 മിനിറ്റ് 33 സെക്കൻഡു കൊണ്ട് റാക്കറ്റ് വരിഞ്ഞ വിഡിയോ ചെയ്തിരുന്നു ജാസിഫ്. പ്രമുഖ റാക്കറ്റ് നിർമാതാക്കളായ യോനക്സിന്റെ അംഗീകാരവുമുണ്ട്. യോനക്സ് സ്ട്രിങ് സംഘം തലവനായ ടിം വില്ലി, യൂറോപ്പ് റാക്കറ്റ് സ്ട്രിങ്ങേഴ്സ് അസോസിയേഷൻ (ഇർസ) തലവൻ മാർക് എന്നിവരിൽ നിന്നെല്ലാം ടെക്നിക്കുകൾ പഠിച്ചു. ജാസിഫിനു പിന്തുണയേകി അഡ്‌ലർ സ്പോർട്സ് ഉടമ അബ്ദുൽ സലാമും ഒപ്പമുണ്ട്.
ഡോക്ടർ റാക്കറ്റ് !
ടെന്നിസ്, ബാഡ്മിന്റൻ തുടങ്ങിയവയിൽ കളിക്കാർ ഉപയോഗിക്കുന്ന റാക്കറ്റിന്റെ വലക്കണ്ണികൾ കൃത്യമായ അനുപാതത്തിൽ കെട്ടുന്നയാളാണു റാക്കറ്റ് സ്ട്രിങ്ങർ. ‘റാക്കറ്റിന്റെ ഡോക്ടർ’ എന്നു പറയാം. കളിക്കാർക്ക് ഇണങ്ങുന്ന രീതിയിൽ സ്ട്രിങ് കെട്ടുന്നതാണു വെല്ലുവിളി. റാക്കറ്റിന്റെ പ്രത്യേകത, ഓരോ സ്ട്രിങ്ങിന്റെയും സ്വഭാവം, കളിക്കാർക്കു റാക്കറ്റിൽ ലഭിക്കേണ്ട മർദം (എൽബിഎസ് അല്ലെങ്കിൽ പൗണ്ട്) ഇതെല്ലാം അറിയണം. ടെന്നിസ് റാക്കറ്റ് ഉയർന്ന മർദത്തിൽ കെട്ടിയാൽ ബോളിൽ നല്ല കൺട്രോൾ കിട്ടും. എന്നാൽ, കുറഞ്ഞ മർദം നൽകിയാൽ പവർ കൂട്ടാം. പന്തിലേക്കു റിപ്പൽഷൻ പവർ വരുന്നതാണു കാരണം. പൊളിയെസ്റ്റർ, സിന്തറ്റിക്, നാച്വറൽ എന്നിങ്ങനെ ടെന്നിസ് റാക്കറ്റ് സ്ട്രിങ്ങുകൾ (300 രൂപ മുതൽ 8000 രൂപ വരെ വിലയുള്ളവ) പലതുണ്ട്.
Content Highlight: Jasif Musthafa