ADVERTISEMENT

പാരിസ് ∙ ടെന്നിസ് ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ നവോമി ഒസാക ഫ്രഞ്ച് ഓപ്പണിൽനിന്നു പിൻമാറി. ചാംപ്യൻഷിപ്പിന്റെ 2–ാം റൗണ്ടിൽ റുമേനിയയുടെ അന്ന ബോഗ്ദാനെ ഇന്നു നേരിടാനിരിക്കെയാണു 2–ാം സീഡ് ഒസാകയുടെ അപ്രതീക്ഷിത പിൻമാറ്റം. മത്സരശേഷമുള്ള പത്രസമ്മേളനം ബഹിഷ്കരിച്ചതിന്റെ പേരിൽ സംഘാടകർ 15,000 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) ഒസാകയ്ക്കു പിഴയിട്ടിരുന്നു.

തന്റെ മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണു പത്രസമ്മേളനം ബഹിഷ്കരിക്കുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. എന്നാൽ, മറ്റു പ്രമുഖ താരങ്ങൾ പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് ഫ്രഞ്ച് ഓപ്പൺ സംഘാടകർ ഒസാകയ്ക്കു മറുപടി നൽകി. അതിനെതിരെ ചിലർ വിമർശനമുന്നയിച്ചതോടെയാണു സംഘാടകർ ട്വീറ്റ് പിൻവലിച്ചത്.

പത്രസമ്മേളനത്തിൽനിന്നു താൻ മാറിനി‍ൽക്കുന്നതു വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മറ്റു താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാൻ ആഗ്രഹമില്ലെന്നും പിൻമാറ്റം ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് ഒസാക പറഞ്ഞു.

‘എല്ലാവർക്കും നമസ്കാരം. ഇതിനു മുൻപ് ട്വീറ്റ് ചെയ്യുമ്പോൾ എന്റെ മനസ്സിൽ പോലുമില്ലാതിരുന്ന സവിശേഷ സാഹചര്യമാണിത്. ടൂർണമെന്റിന്റെ നടത്തിപ്പിനും മറ്റു താരങ്ങളുടെ ക്ഷേമത്തിനും എന്റെ തന്നെ നന്മയ്ക്കും പാരിസിൽ പുരോഗമിക്കുന്ന ഫ്രഞ്ച് ഓപ്പണിൽനിന്ന് ഞാൻ തൽക്കാലം പിൻമാറുന്നതാണ് നല്ലതെന്ന് കരുതുന്നു.’

‘ആർക്കും ഒരിക്കലും ഒരു ശല്യമാകാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ ഭാഗത്തുനിന്നും ചില വീഴ്ചകൾ ഉണ്ടായതായി സമ്മതിക്കുന്നു. നിലപാട് എനിക്കു കുറച്ചുകൂടി വ്യക്തമായി പറയാമായിരുന്നു. അതിലുപരി, മാനസികാരോഗ്യത്തെ ഞാൻ ഒരിക്കലും അത്ര ലഘുവായ ഒന്നായി എടുത്തിട്ടില്ല.’

‘2018ലെ യുഎസ് ഓപ്പൺ മുതൽ ഞാൻ കടുത്ത രീതിയിൽ വിഷാദം അനുഭവിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അധികമൊന്നും സംസാരിക്കാത്ത പ്രത്യേക തരക്കാരിയാണ് ഞാനെന്ന് എന്നെ അടുത്തറിയാവുന്നവർക്ക് കൃത്യമായി അറിയാം. ടൂർണമെന്റുകളുടെ സമയത്ത് ഞാൻ ഹെഡ്ഫോൺ ഉപയോഗിക്കുന്നതുതന്നെ മറ്റുള്ളവർക്കു പിടികൊടുക്കാതെ ഉൾവലിഞ്ഞു നിൽക്കാനാണ്.’

‘മാധ്യമ ലോകം എന്നോട് വളരെ ദയയോടെയാണ് എന്നും പെരുമാറിയിട്ടുള്ളത് (എന്റെ പ്രവർത്തി വേദനിപ്പിച്ച എല്ലാ മാധ്യമപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു). സ്വാഭാവികമായി ഒരുപാടു സംസാരിക്കാനുള്ള കഴിവുള്ള വ്യക്തിയല്ല ഞാൻ. ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും എനിക്ക് വല്ലാത്ത ആശങ്കയാണ്. നിങ്ങളെ നേരിട്ടു കാണാനും ചോദ്യങ്ങളോടു പ്രതികരിക്കാനും സാധിക്കാത്ത വിധത്തിൽ മിക്കപ്പോഴും ഈ ആധി എന്നെ കീഴ്പ്പെടുത്തുന്നു.’ – ട്വീറ്റിൽ നവോമി ഒസാക കുറിച്ചു.

English Summary: Naomi Osaka withdraws from French Open after expulsion threat over media boycott

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com