ADVERTISEMENT

പാരിസ് ∙ സൂപ്പർ താരങ്ങളുടെ പി‍ൻമാറ്റവും മുൻനിര താരങ്ങളുടെ പുറത്താകലും സര്‍പ്രൈസ് സൃഷ്ടിച്ച ഇത്തവണത്തെ ഫ്ര‍ഞ്ച് ഓപ്പൺ ചാംപ്യൻഷിപ്പിന്റെ വനിതാ ഫൈനലിൽ ഇന്ന് ഏറ്റുമുട്ടുന്നത് അപ്രതീക്ഷിത താരങ്ങൾ. 31–ാം സീഡായ റഷ്യൻ താരം അനസ്തെസ്യ പാവ്‌ല്യുചെങ്കോവയും സീഡ് ചെയ്യപ്പെടാത്ത ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവയും തമ്മിലാണ് കലാശപോരാട്ടം. ടൂര്‍ണമെന്റിന്റെ തുടക്കം മുതൽ പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ചായിരുന്നു ഇരുവരുടെയും മുന്നേറ്റം.

ഈ രണ്ടു താരങ്ങളും സിംഗിൾസില്‍ ആദ്യമായി ഒരു പ്രധാന ചാംപ്യൻഷിപ്പിന്റെ സെമിഫൈനൽ കളിച്ചത് ഇത്തവണയാണ്. ഇതോടെ തുടർച്ചയായ 6–ാം വർഷവും ഫ്രഞ്ച് ഓപ്പണിലൂടെ വനിതാ ടെന്നിസിൽ പുതിയ ഗ്രാൻസ്‍ലാം ചാംപ്യൻ പിറക്കുമെന്ന് ഉറപ്പായി. ക്രെജിക്കോവയും ചെക് താരം കാതറീൻ സിനിക്കോവയും ഉൾപ്പെട്ട സഖ്യം വനിതാ ഡബിൾസിലും ഫൈനലിലെത്തിയിട്ടുണ്ട്. 

ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തിലെ ദൈ‍ർഘ്യമേറിയ വനിതാ സെമിഫൈനലിന് ഒടുവിലാണ് ബാർബറ ക്രെജിക്കോവ, ഗ്രീസ് താരം മരിയ സക്കരിയെ തോൽപിച്ചത്. (7–5,4–6,9–7). മൂന്നേകാൽ മണിക്കൂർ നീണ്ട മത്സരത്തിന്റെ മൂന്നാം സെറ്റിൽ മാച്ച് പോയിന്റ് അതിജീവിച്ചാണ് ക്രെജിക്കോവ മത്സരത്തിലേക്കു തിരിച്ചെത്തിയത്. വിജയമുറപ്പിച്ച ഒരു അവസരത്തിൽ റഫറിയുടെ തീരുമാനവും ക്രെജിക്കോവയ്ക്ക് എതിരായി. വനിതകളുടെ രണ്ടാം സെമിയിൽ‌ സ്‌ലൊവേനിയൻ താരം തമാര സിദാൻസെക്കിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് റഷ്യയുടെ പാവ്‌ല്യുചെങ്കോവ ഫൈനലിലെത്തിയത്. (7-5, 6-3). 

സിറ്റ്സിപാസ് ഫൈനലിൽ

ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ കീഴടക്കി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ‌. (6–3,6–3,4–6,4–6,6–3). സിറ്റ്സിപാസിന്റെ ആദ്യ ഗ്രാൻ‍സ്‌ലാം ഫൈനലാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഗ്രീസ് താരം കൂടിയാണ്. 

Content Highlight: French Open Tennis women final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com