ADVERTISEMENT

പാരിസ്∙ ആവേശപ്പോരാട്ടത്തിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ വീഴ്ത്തി സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ജേതാവ്. ആദ്യ രണ്ടു സെറ്റും നഷ്ടമാക്കി തോൽവിയുടെ വക്കിലായിരുന്ന ഒന്നാം സീഡ് ജോക്കോവിച്ച്, തുടർന്നുള്ള മൂന്നു സെറ്റും ഐതിഹാസിക പോരാട്ടത്തിലൂടെ സ്വന്തമാക്കിയാണ് കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-7, 2-6, 6-3, 6-2, 6-4. പോരാട്ടം നാലു മണിക്കൂറും 11 മിനിറ്റും നീണ്ടുനിന്നു.

മുപ്പത്തിനാലുകാരനായ സെർബിയൻ താരത്തിന്റെ 19–ാം ഗ്രാൻസ്‍ലാം കിരീടമാണിത്. പുരുഷവിഭാഗത്തിൽ റോജർ ഫെ‍ഡറർ, റാഫേൽ നദാൽ എന്നിവരുടെ 20 കിരീടങ്ങളെന്ന റെക്കോർഡിന് ഒരു കിരീടം മാത്രം അകലെ. കന്നി ഗ്രാൻസ്‍ലാം ഫൈനൽ കളിക്കുന്ന ഇരുപത്തിരണ്ടുകാരൻ സിറ്റ്സിപാസ് അട്ടിമറി സൂചന നൽകിയ ശേഷമാണ് കീഴടങ്ങിയത്.

റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ ജോക്കോവിച്ചിന്റെ രണ്ടാമത്തെ മാത്രം കിരീടമാണിത്. ‘കളിമൺ കോർട്ടിലെ രാജകുമാരൻ’ സ്പെയിനിന്റെ റാഫേൽ നദാലിനെ സെമിയിൽ തകർപ്പൻ പോരാട്ടത്തിലൂടെ കീഴ്പ്പെടുത്തിയ ജോക്കോവിച്ച്, ഫൈനലിലും ഐതിഹാസിക തിരിച്ചുവരവിലൂടെയാണ് ‌രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയത്. ഇതിനു മുൻപ് 2016ലാണ് ജോക്കോവിച്ച് ഇവിടെ കിരീടമുയർത്തിയത്.

djokovic-happy

ഓപ്പൺ കാലഘട്ടത്തിൽ നാലു ഗ്രാൻസ്‍ലാം കിരീടങ്ങളും കുറഞ്ഞത് രണ്ടു തവണ വീതമെങ്കിലും നേടുന്ന ആദ്യത്തെ താരമാണ് ജോക്കോവിച്ച്. റോയ് എമേഴ്സൺ, റോഡ് ലാവർ എന്നിവരും ഇതേ നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അത് ഓപ്പൺ കാലഘട്ടത്തിനു മുൻപാണ്.

stefanos-tsitsipas

ഗ്രാൻസ്‍ലാം സിംഗിൾസ് കിരീടം ചൂടുന്ന ആദ്യ ഗ്രീക്കുകാരനെന്ന റെക്കോർഡാണ് സിറ്റ്സിപാസിന്റെ കൈവെള്ളയിൽനിന്ന് വഴുതിയത്. ആദ്യ രണ്ടും സെറ്റും സ്വന്തമാക്കിയ ഇരുപത്തിരണ്ടുകാരനായ സിറ്റ്സിപാസ് അട്ടിമറിയുടെ വക്കിലെത്തിയെങ്കിലും ജോക്കോവിച്ചിന്റെ തിരിച്ചുവരവ് തടയാനായില്ല.

English Summary: French Open 2021 Men’s Final, Djokovic vs Tsitsipas Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com